|    Apr 27 Fri, 2018 1:19 pm
FLASH NEWS
Home   >  Editpage  >  Second edit  >  

സോഷ്യലിസ്റ്റുകളുടെ പ്രതിസന്ധി

Published : 17th January 2016 | Posted By: SMR

slug--rashtreeya-keralamസംസ്ഥാന രാഷ്ട്രീയത്തിലെ റവല്യൂഷണിസ്റ്റുകളും സോഷ്യലിസ്റ്റ് ചേരിക്കാരും ചില അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇനിയെങ്കിലും വ്യക്തതവരുത്തി മുന്നോട്ടുപോവേണ്ടിയിരിക്കുന്നു. ഓരോ തിരഞ്ഞെടുപ്പുകാലത്തും ഇത്തരം പാര്‍ട്ടിക്കാരില്‍ ഉടലെടുക്കുന്ന ആശയപ്രതിസന്ധിയും അതിന്റെ പേരില്‍ ഉണ്ടാവുന്ന ഉള്‍പ്പാര്‍ട്ടി പോരും പിളര്‍പ്പുമൊക്കെ, ഇതെല്ലാം വീക്ഷിക്കുന്ന സാധാരണക്കാരില്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പം ചില്ലറയല്ല. ഇത്തരക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ മതേതര ചേരിയാണോ സിപിഎം നേതൃത്വം നല്‍കുന്ന ഇടതു മതേതര ചേരിയാണോ ശക്തിപ്പെടേണ്ടത് എന്നതാണ് ആശയക്കുഴപ്പത്തിനാധാരം. ഓരോ തിരഞ്ഞെടുപ്പിലും ശാക്തീകരിക്കപ്പെടേണ്ട ചേരി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നതുമൂലം വോട്ട് ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെടുന്ന അണികളും മറ്റു സാധാരണക്കാരും ഇപ്പറഞ്ഞ രണ്ടു ചേരികളും അല്ലാത്ത പുതിയ ചേരികള്‍ തേടിപ്പോയാല്‍ അവരെ കുറ്റംപറയാന്‍ കഴിയുകയില്ല. കാരണം, അത്രകണ്ട് അസഹനീയമായിരിക്കുന്നു ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം.
ഏപ്രില്‍, മെയ് മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മേല്‍ സൂചിപ്പിച്ച പ്രതിസന്ധി വീണ്ടും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. നിലവില്‍ യുഡിഎഫ് ഘടകകക്ഷികളായ ജെഡിയുവിലും ആര്‍എസ്പിയിലും ആണ് എങ്ങോട്ടു ചായണമെന്നതിനെ ചൊല്ലി ചിലര്‍ തലപുകച്ചുതുടങ്ങിയിരിക്കുന്നത്. കാലങ്ങളായി ഇടതു ചേരിയെ ശക്തിപ്പെടുത്താന്‍ അഹോരാത്രം പണിയെടുത്ത ശേഷമാണ് ഇരുകൂട്ടരും യുഡിഎഫിലേക്ക് ചേക്കേറിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിന്റെ തൊട്ടുതലേന്നുവരെ രാജ്യത്ത് ഇടതു രാഷ്ട്രീയം ശക്തിപ്പെടണമെന്ന കാര്യത്തില്‍ ലവലേശം സംശയമില്ലാതിരുന്ന ആര്‍എസ്പി സംസ്ഥാനഘടകത്തിന് കൊല്ലം സീറ്റ് കൈവിട്ടുപോയെന്ന് ബോധ്യപ്പെട്ട നിമിഷത്തിലാണ്, മുമ്പേ പടിയിറങ്ങിപ്പോയ സഹോദരപ്രസ്ഥാനവുമായി ലയിച്ച് യുഡിഎഫിലേക്ക് ചേക്കേറാനുള്ള പുതിയ രാഷ്ട്രീയബോധം ഉദിച്ചത്.
അങ്ങ് ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയനേതൃത്വം ഇടത് ഐക്യത്തിനായി മുറവിളികൂട്ടുമ്പോള്‍, കേരളനേതൃത്വം കവലകള്‍തോറും മൈക്ക് വച്ച് സിപിഎം നേതൃത്വത്തിന്റെ വര്‍ഗവഞ്ചന തുറന്നുകാട്ടുന്ന വിചിത്രമായ രാഷ്ട്രീയ പ്രതിഭാസത്തിനാണ് പിന്നീടുള്ള ദിനങ്ങള്‍ സാക്ഷ്യംവഹിച്ചത്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ പാര്‍ട്ടി ദേശീയ സമ്മേളനം ചേര്‍ന്നപ്പോഴും തലയും വാലും രണ്ടുതട്ടുകളിലായി നിന്നുകൊണ്ട് മുന്നോട്ടുപോവുന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള പ്രതിനിധികള്‍ കേരളത്തിലെ കോണ്‍ഗ്രസ് ബന്ധത്തിനെതിരേ ശക്തമായ നിലപാടെടുത്തതോടെ, ആറുമാസത്തിനുശേഷം പ്രത്യേക പ്ലീനം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് നേതൃത്വം തടിതപ്പുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആര്‍എസ്പിയില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി ആ പാര്‍ട്ടിയെ പൊട്ടിത്തെറിയുടെ വക്കിലേക്കാണ് എത്തിച്ചിരിക്കുന്നത്. കൊല്ലം സീറ്റിന്റെ ആനുകൂല്യത്തില്‍ യുഡിഎഫില്‍ എത്തിയ പാര്‍ട്ടിക്ക് അതൊഴിച്ചുനിര്‍ത്തിയാല്‍ മുന്നണിമാറ്റംകൊണ്ട് ഒരു ഗുണവുമുണ്ടാവാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. ആദ്യം അധികമന്ത്രിസ്ഥാനത്തിന് നോട്ടമിട്ടെങ്കിലും അതു നടക്കില്ലെന്ന് മനസ്സിലായതോടെ, ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലായി കണ്ണ്. പക്ഷേ അതും കിട്ടാത്ത മുന്തിരിയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സംസ്ഥാനസമിതിയംഗം രഘൂത്തമന്‍പിള്ളയും മുതിര്‍ന്ന നേതാവ് വി പി രാമകൃഷ്ണപിള്ളയുടെ മകള്‍ ബി ജയന്തിയുമടക്കമുള്ളവര്‍ പരസ്യമായി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്നുകഴിഞ്ഞു. പാര്‍ട്ടി യോഗങ്ങളില്‍നിന്നും പൊതുപരിപാടികളില്‍നിന്നും കുറേക്കാലമായി വിട്ടുനില്‍ക്കുന്ന കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനും ആര്‍എസ്പി വിടാന്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞെന്നാണ് ലഭിക്കുന്ന സൂചന. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ സീറ്റ് തന്നെ ലഭിക്കുമോ എന്ന കാര്യത്തിലുള്ള അവ്യക്തതയെ ചൊല്ലിയാണ് സിപിഎമ്മുമായുള്ള കുഞ്ഞുമോന്റെ ചര്‍ച്ചകള്‍ വഴിമുട്ടിനില്‍ക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീനമേഖലയായ കൊല്ലം ജില്ലയില്‍ സിപിഎമ്മിനെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറിയും മന്ത്രിയും എംപിയും കൂടി വീമ്പുപറയുന്നുണ്ടെങ്കിലും താഴേത്തട്ടില്‍നിന്നു സിപിഎമ്മിലേക്കുള്ള ഒഴുക്ക് തടയാന്‍ ആര്‍എസ്പി നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. വേണ്ടിവന്നാല്‍ ആര്‍എസ്പിയെ അപ്പാടെ വിഴുങ്ങാന്‍ തയ്യാറായിട്ടാണ് സിപിഎമ്മിന്റെ നില്‍പ്പ്. പിണറായിയുടെ വായിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് പിറവിയെടുത്ത പരനാറികളുടെ കാര്യത്തില്‍ മാത്രമേ സിപിഎമ്മിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുകയുള്ളു. ഏതായാലും, പിളര്‍പ്പൊഴിവാക്കാന്‍ ചേരുന്ന പാര്‍ട്ടി പ്ലീനത്തിന് കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ എത്ര കഷണങ്ങളായാവും എത്തുക എന്നാണ് ഇനി കണ്ടറിയേണ്ടത്.
ഇടതു ചേരിയെ ശക്തിപ്പെടുത്താനിറങ്ങി, അവസാനം അവഗണനയില്‍ മനംമടുത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫിലേക്ക് ചേക്കേറിയ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകളാണ് പുനര്‍വിചിന്തനം നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു കൂട്ടര്‍. ഇടതുനിന്നും വലതുനിന്നുമായി കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും മറുകണ്ടം ചാടണമോ എന്ന കാര്യത്തില്‍ വീരന്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ജില്ലാ കമ്മിറ്റികള്‍ ഏറക്കുറേ, യുഡിഎഫ് പൊറുതി മനസ്സുകൊണ്ട് മതിയാക്കിക്കഴിഞ്ഞു. വീരേന്ദ്രകുമാറും പിണറായി വിജയനും തമ്മിലുള്ള മാനസികമായ പൊരുത്തക്കേടുകളായിരുന്നു എല്‍ഡിഎഫുമായുള്ള ജെഡിയുവിന്റെ വേര്‍പിരിയലിനു വഴിയൊരുക്കിയത്. വീരേന്ദ്രകുമാറിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് പിണറായി നേരിട്ട് എത്തുകയും അടുത്തടുത്തിരുന്ന് കുശലം പറയുകയും ചെയ്തതോടെ ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകിക്കഴിഞ്ഞു. അതോടെ രണ്ടു പാര്‍ട്ടികള്‍ക്കുമിടയിലെ രാഷ്ട്രീയഭിന്നതകള്‍ക്ക് അറുതിയായി. മന്ത്രി കെ പി മോഹനന്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഒരപവാദമായി നിലകൊള്ളുന്നത്. ഇനി സീറ്റ് കാര്യങ്ങളില്‍ കൂടി തീരുമാനമായാല്‍, വീരനും കൂട്ടരും ഇടതുചേരി ശാക്തീകരിക്കാനുള്ള രണ്ടാമൂഴത്തിന് കച്ചമുറുക്കി രംഗത്തുവരും.
ലളിതമായ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വിരിയുന്ന ചെറുപുഞ്ചിരികൊണ്ട് മാറ്റിവരയ്ക്കാവുന്നത്ര നേര്‍ത്തതായി മാറിയിരിക്കുന്നു കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍. അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേവലം സീറ്റ് ചര്‍ച്ചകള്‍ക്കും പദവികള്‍ പങ്കുവയ്ക്കലിനും അപ്പുറത്തേക്കുള്ള ഗൗരവം ഇത്തരം കൂടുമാറ്റങ്ങള്‍ക്ക് ഇല്ലെന്നതാണ് ഓരോ തിരഞ്ഞെടുപ്പും തെളിയിക്കുന്നത്. തെറ്റുകള്‍ ഏറ്റുപറഞ്ഞ്, പാര്‍ട്ടി സമ്മേളനങ്ങളും പ്ലീനങ്ങളും പിരിയുന്നതോടെ നേതാക്കള്‍ അതുവരെ നടത്തിയ രാഷ്ട്രീയമായ വിമര്‍ശനങ്ങളും ആരോപണങ്ങളും ആവിയായിമാറും. ഇത്തരം പാര്‍ട്ടികളെ രാഷ്ട്രീയമായി വിശ്വാസത്തിലെടുത്ത് വോട്ട് ചെയ്തവരുടെ ഉള്ളിലെ ആശയക്കുഴപ്പം മാത്രമാവും അപ്പോഴും അവശേഷിക്കുക. അതു ജനത്തിന്റെ വിധി. അല്ലാതെ, കൂടുവിട്ടു കൂടുമാറുന്ന തിരക്കില്‍ ഇത്തരം ആശങ്കകളും ആശയക്കുഴപ്പവും കാണാന്‍ ഇക്കൂട്ടര്‍ക്കെവിടെ സമയം? ഹ

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss