|    Apr 27 Fri, 2018 10:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍: സരിത നല്‍കിയ രേഖകള്‍ കമ്മീഷന്‍ തെളിവായി സ്വീകരിച്ചു

Published : 7th June 2016 | Posted By: SMR

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച രേഖകള്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ തെളിവായി സ്വീകരിച്ചു. സരിത കഴിഞ്ഞ മാസം 11, 13 തിയ്യതികളില്‍ മുദ്രവച്ച കവറില്‍ നല്‍കിയ തെളിവുകളാണ് കമ്മീഷന്‍ സരിതയുടെ സാന്നിധ്യത്തില്‍ തുറന്ന് ബോധ്യപ്പെടുത്തി രേഖകളില്‍ ഉള്‍പ്പെടുത്തിയത്.
11ന് നല്‍കിയ രണ്ട് പെന്‍ഡ്രൈവുകളും 13ന് നല്‍കിയ ഒരു പെന്‍ഡ്രൈവും ഇതില്‍ ഉള്‍പ്പെടും. 2013 ജൂലൈ 19ന് പെരുമ്പാവൂര്‍ പോലിസിന്റെ കസ്റ്റഡിയിലിരിക്കെ സരിത എഴുതിയതായി പറയുന്ന 25 പേജുള്ള കത്തിന്റെ പകര്‍പ്പും തെളിവായി സ്വീകരിച്ചു. ഒരു മിനിറ്റ് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള സംഭാഷണവും മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷവും ഉള്‍പ്പെട്ടതാണ് രണ്ട് പെന്‍ഡ്രൈവുകള്‍. മൂന്നാമത്തെ പെന്‍ഡ്രൈവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫ് ആയിരുന്ന ജിക്കുമോന്‍ സരിതയ്ക്കയച്ച ഇ മെയില്‍ സന്ദേശങ്ങളും രഹസ്യസ്വഭാവത്തില്‍ നല്‍കിയ കത്തില്‍ പറയുന്നവരുമായുള്ള അശ്ലീല ദൃശ്യങ്ങളും ബെന്നി ബഹന്നാനുമായി നടത്തിയ ഫോണ്‍ സംഭാഷണവുമാണുള്ളത്.
ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥുമായി സരിതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഡേക്യുമെന്റ്‌സും കമ്മീഷന്‍ തെളിവായി രേഖപ്പെടുത്തി. ടീം സോളാര്‍ കമ്പനി സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കാന്‍ മോന്‍സ് ജോസഫ് എംഎല്‍എക്ക് സമര്‍പ്പിച്ച പ്രപ്പോസലിന്റെ കോപ്പി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഡല്‍ഹിയില്‍ വച്ച് കൈക്കൂലി നല്‍കിയെന്ന് പറയപ്പെടുന്ന കേസിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ വിശദാംശങ്ങള്‍, അനര്‍ട്ടും സുരാന വെഞ്ചേഴ്‌സുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍, മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണിക്ക് സോളാര്‍ പൈപ്പ് ലൈന്‍ പ്രൊജക്ടിനായി സമര്‍പ്പിച്ച സോളാര്‍ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവയും തെളിവുകളിലുണ്ട്.
തെളിവുകള്‍ കമ്മീഷന്‍ വിശദമായി പരിശോധിച്ചതിനുശേഷം അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആ ഭാഗത്തിന്റെ കോപ്പി അയച്ചുകൊടുക്കും. ആരോപണ വിധേയര്‍ക്ക് കമ്മീഷനില്‍ ഹാജരായി സരിതയെ ക്രോസ് വിസ്താരം നടത്താനുള്ള അവസരവും നല്‍കും. ഇന്നലെ സിറ്റിങ്ങിന് ഹാജരാവാതിരുന്ന മുന്‍മന്ത്രി ഷിബു ബേബിജോണിന്റെ അഭിഭാഷകന്‍ അഡ്വ. ശിവന്‍ മഠത്തിലിനെ കമ്മീഷന്‍ വിമര്‍ശിച്ചു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയാണ് ഈ കമ്മീഷനെ നിയമിച്ചതെന്ന കാര്യം അദ്ദേഹത്തെ ഓര്‍മിപ്പിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. സരിതയെ വീണ്ടും ഈ മാസം 17ന് വിസ്തരിക്കും. മുന്‍മന്ത്രിമാരായ അടൂര്‍ പ്രകാശിനെ 13നും ഷിബു ബേബിജോണിനെ 14നും വിസ്തരിക്കും. അതേസമയം പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്ന് സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss