|    Dec 18 Tue, 2018 1:41 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സോളാര്‍ റിപോര്‍ട്ടും വസ്തുതകളും

Published : 26th May 2018 | Posted By: kasim kzm

എന്‍  പി  ചെക്കുട്ടി
സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ സരിതാ നായരുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഹൈക്കോടതി നീക്കം ചെയ്തിരിക്കുന്നു. അതോടെ നാലു വാള്യങ്ങളായി പുറത്തിറക്കിയ റിപോര്‍ട്ടിന്റെ സിംഹഭാഗവും അപ്രസക്തമായി. എന്നാലും, റിപോര്‍ട്ടില്‍ തുടര്‍ നടപടികള്‍ക്കായി വീണ്ടും നിയമോപദേശം തേടുമെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സോളാര്‍ റിപോര്‍ട്ടിലെ കമ്മീഷന്റെ കണ്ടെത്തലുകളുടെ തനിസ്വഭാവം എന്തെന്ന പരിശോധന അനിവാര്യമായിരിക്കുകയാണ്. സര്‍ക്കാര്‍ എന്തുകൊണ്ടാണ് രാഷ്ട്രീയ വൈരനിര്യാതനത്തിന്റെ ഒരു ചളിക്കുഴിയിലേക്ക് മൂന്നാം വര്‍ഷത്തില്‍ ഇറങ്ങിച്ചെല്ലുന്നത് എന്ന ചോദ്യവും അതിന്റെ കൂടെ ഉയരുമെന്നു തീര്‍ച്ചയാണ്.
റിപോര്‍ട്ടിന്റെ തുടക്കത്തില്‍ ജസ്റ്റിസ് ശിവരാജന്‍ സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടുകളുടെ ചരിത്രത്തില്‍ ഈ റിപോര്‍ട്ട് ഒരു യുഗപ്പിറവിക്ക് തുടക്കം കുറിക്കും. എപോക് മേക്കിങ് എന്ന വാക്കാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
റിപോര്‍ട്ട് വായിച്ചുനോക്കുമ്പോള്‍ എവിടെയാണ് യുഗപ്പിറവി എന്നുതന്നെയാണ് ആരും ആലോചിച്ചുപോവുക. സ്വാതന്ത്ര്യാനന്തര കേരള ചരിത്രത്തില്‍ നൂറ്റമ്പതോളം അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ പലതും സര്‍ക്കാരിന്റെ അലമാരയില്‍ പൊടിപിടിച്ചു കിടക്കുന്നുമുണ്ട്. പക്ഷേ, അവയില്‍ നിന്ന് ഈ റിപോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത് ഇതിലെ ഭാവനയുടെ ഘടകങ്ങള്‍ തന്നെയാണ്. വസ്തുതാന്വേഷണമാണ് റിപോര്‍ട്ടില്‍ സമൂഹം പ്രതീക്ഷിക്കുന്നതെങ്കിലും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനില്‍ നിന്നു നമുക്കു കിട്ടുന്നത് ഒരു സ്ത്രീയുടെ സ്വകാര്യജീവിതത്തിലെ രംഗങ്ങളുടെ വിശദ വര്‍ണനകളും അവര്‍ ഒരു സഹായിയുമായി ചേര്‍ന്ന് നാട്ടുകാരെ പറ്റിച്ചതിന്റെ ചരിത്രവുമാണ്. അതിനപ്പുറം, കമ്മീഷന്‍ ധാരാളം കണ്ടെത്തലുകള്‍ നടത്തുന്നുണ്ടെങ്കിലും അവയെ വസ്തുതകളുമായി കാര്യകാരണസമേതം ബന്ധപ്പെടുത്തി കൃത്യമായ നിഗമനങ്ങളിലേക്ക് എത്തുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്.
മൂന്നര കൊല്ലക്കാലം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് റിപോര്‍ട്ട് പൂര്‍ത്തിയാക്കി കേരള സര്‍ക്കാരിന് സമര്‍പ്പിച്ചത്. പോലിസിന്റെ അച്ചടക്കവുമായും അനര്‍ട്ട് പോലെ പരിസ്ഥിതിസൗഹൃദ ഊര്‍ജവിഭവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായും മുഖ്യമന്ത്രിയടക്കം സെക്രട്ടേറിയറ്റിലെ പ്രമുഖരുടെ ഓഫിസുകളിലെ നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചുമൊക്കെ റിപോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ചിന്താര്‍ഹമാണ്. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ഉണ്ടാവുന്നത് തടയാന്‍ ഭരണകാര്യങ്ങളില്‍ കുറേക്കൂടി കൃത്യതയും കാര്യക്ഷമതയും നിലവില്‍വരുന്നത് പ്രയോജനപ്രദമാവുകയും ചെയ്യും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസിലെ ചിലരും സരിതാ നായര്‍ക്കും അവരുടെ ടീം സോളാര്‍ കമ്പനിക്കും ജനങ്ങളെ തട്ടിച്ചു പണം പറ്റാന്‍ അവിഹിത സഹായം നല്‍കിയിട്ടുണ്ട് എന്നതാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടി മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല, അരനൂറ്റാണ്ടിലേറെ കാലം നിയമസഭാംഗവും കേരളത്തിലെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകരില്‍ ഒരാള്‍ എന്ന നിലയിലും സമുന്നതമായ വ്യക്തിത്വമുള്ള രാഷ്ട്രീയനേതാവാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു വ്യക്തിയുടെ സംശയകരമായ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി മാത്രമാണ് ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ മുള്‍മുനയില്‍ കമ്മീഷന്‍ നിര്‍ത്തിയത്. നീതിപൂര്‍വമല്ല ഈ നിഗമനം എന്ന് ഹൈക്കോടതി നടപടി തെളിയിക്കുന്നു. ഏതു സാഹചര്യത്തിലാണ് കത്ത് ഒന്നിലേറെ തവണ റിപോര്‍ട്ടില്‍ സ്ഥാനം പിടിച്ചത്? അത് എഴുതി എന്നു പറയുന്ന വ്യക്തി വെളിപ്പെടുത്താന്‍ പോലും തയ്യാറാവാത്ത ഒരു കത്ത് ഉപയോഗിച്ച് മാധ്യമ ചര്‍ച്ചയ്ക്കും സ്വഭാവഹത്യക്കും ഉമ്മന്‍ചാണ്ടിയെ എറിഞ്ഞുകൊടുക്കാന്‍ കമ്മീഷന്‍ തയ്യാറാവണമായിരുന്നോ?
കമ്മീഷന്റെ മുഖ്യ അന്വേഷണ വിഷയമായി വരേണ്ടിയിരുന്നത് സര്‍ക്കാര്‍ സംവിധാനത്തിന് എവിടെയാണ് പിശകു പറ്റിയത്, ഏതെല്ലാം വിധത്തിലാണ് സര്‍ക്കാരിന് ധനനഷ്ടമുണ്ടായത്, അതു പരിഹരിക്കാന്‍ ഏതു നടപടികളാണ് സ്വീകരിക്കേണ്ടത് തുടങ്ങിയ വിഷയങ്ങളായിരുന്നു. അതാണ് സോളാര്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് എന്ന പേരില്‍ ആറു കാര്യങ്ങളായി ഉത്തരവില്‍ പറയുന്നത്. അത്തരം വിഷയങ്ങളെ സംബന്ധിച്ച കാര്യമായ പരിശോധനയോ നിഗമനമോ ഒന്നും റിപോര്‍ട്ടില്‍ കണ്ടെത്താന്‍ കഴിയില്ല.
കമ്മീഷന്‍ വിഷയമാക്കുന്നത് തട്ടിപ്പിലെ മുഖ്യ പങ്കാളിയായ സ്ത്രീയുടെ രതിജീവിതവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളാണ്. എവിടെയാണ് അവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്? തട്ടിപ്പുകേസില്‍ പ്രതിയായി ജയിലില്‍ കിടക്കുന്ന നേരത്ത് അവര്‍ തയ്യാറാക്കിയ കുറിപ്പാണിത് എന്നു കമ്മീഷന്‍ കണ്ടെത്തുന്നുണ്ട്. കുറിപ്പ് കോടതിയിലോ കമ്മീഷനിലോ സമര്‍പ്പിക്കാനുള്ള രേഖയായി തയ്യാറാക്കിയതായിരുന്നില്ല. അത് തന്റെ ആത്മകഥയാണ് എന്ന് എഴുത്തുകാരി ഒരു ജയില്‍ അധികാരിയോട് പറഞ്ഞതായി റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ പ്രശസ്തമായ രേഖയുടെ കഥ കേരളത്തിലെ മിക്കയാളുകള്‍ക്കും അറിയാവുന്നതാണ്. ആ രേഖയില്‍ എത്ര പേജുകളുണ്ടായിരുന്നു എന്നതുപോലും ചര്‍ച്ചാവിഷയമാണ്. ആദ്യം 22 പേജും പിന്നീട് നാലു പേജും അവസാനം കമ്മീഷന്‍ റിപോര്‍ട്ടില്‍ 25 പേജും ഒക്കെയായി പല രൂപത്തില്‍ പല വേഷത്തില്‍ സഞ്ചരിക്കുകയായിരുന്നു ഈ പ്രമാദമായ രേഖ. ഇതില്‍ ഏത് ഒറിജിനല്‍, ഏത് വ്യാജം എന്ന് ആര്‍ക്കും അറിയില്ല. രേഖയില്‍ ലൈംഗികചൂഷണങ്ങള്‍ സംബന്ധിച്ച വിവാദമായ പരാമര്‍ശങ്ങളുണ്ട്. പൊതുസമൂഹത്തില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ഭീഷണികളും പ്രതിസന്ധികളും അസ്വസ്ഥതകളും കത്തിലൂടെ വെളിയില്‍ വരുന്നുമുണ്ട്. സ്ത്രീകള്‍ അനുഭവിക്കുന്ന സവിശേഷമായ പ്രതിസന്ധികളുടെ വിവരണം എന്ന നിലയില്‍ അത് ഗൗരവമായ പരിഗണന അര്‍ഹിക്കുന്ന രേഖ തന്നെയാണ്.
പക്ഷേ, അതൊരു രേഖയായി എങ്ങനെയാണ് കമ്മീഷന്റെ മുന്നില്‍ എത്തിയത്? സരിതാ നായര്‍ ഈ രേഖ കമ്മീഷനു മുമ്പില്‍ അവതരിപ്പിക്കാന്‍ വിസമ്മതിക്കുകയാണുണ്ടായത് എന്ന് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് തന്റെ ആത്മകഥാപരമായ ഒരു ആഖ്യാനം എന്ന നിലപാട് തന്നെയാണ് കമ്മീഷന്‍ അന്വേഷണത്തിന്റെ മൂന്നരവര്‍ഷക്കാലവും അവര്‍ സ്വീകരിച്ചത് എന്നു വ്യക്തം. ഒരവസരത്തിലും ആരോപണ കര്‍ത്താവിന്റെ മൊഴികളിലെ വിശ്വസനീയത പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറാവുന്നില്ല.
എന്നിട്ടും അങ്ങനെയൊരു പിതൃശൂന്യമായ രേഖയാണ് തന്റെ നിഗമനങ്ങളുടെയും അതിന്റെ ഭാഗമായ ചളിവാരിയെറിയലിന്റെയും സ്രോതസ്സായി കമ്മീഷന്‍ ഉപയോഗിച്ചത്. കമ്മീഷന്റെ പല നിഗമനങ്ങള്‍ക്കും ആധാരമാവുന്നത് ഈ ഒരൊറ്റ രേഖയാണ.് എന്നാല്‍, എന്തുകൊണ്ടാണ് ഈ കത്ത് വസ്തുതാപരമാണ് എന്നു കമ്മീഷന്‍ തീരുമാനിക്കുന്നതെന്നോ ഏതൊക്കെ മാര്‍ഗങ്ങളിലൂടെയാണ് രേഖ കമ്മീഷന്‍ ഫയലുകളില്‍ എത്തുന്നത് എന്നോ റിപോര്‍ട്ടില്‍ വിശദീകരിക്കുന്നില്ല.
ടീം സോളാര്‍ പണം തട്ടിയെടുത്തതായും അതില്‍ ഒരു പങ്കെങ്കിലും തല്‍പരകക്ഷികള്‍ വാങ്ങിച്ചെടുത്തതായും ഒരു സംശയവുമില്ല. അത് അന്വേഷിക്കുക തന്നെയാണ് കമ്മീഷന്റെ മുഖ്യ ചുമതലയായിരുന്നതും. അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സമിതി (എസ്‌ഐടി) കേരള പോലിസിലെ ഒരു എഡിജിപിയുടെ കീഴിലാണ് പ്രവര്‍ത്തിച്ചത്. അവര്‍ 33 കേസുകളില്‍ അന്വേഷണം നടത്തി വിവിധ കോടതികളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. എന്നാല്‍, അതേ അന്വേഷണ സംഘത്തെ കടുത്ത ഭാഷയിലാണ് കമ്മീഷന്‍ വിമര്‍ശിക്കുന്നത്. മുന്‍ മുഖ്യമന്ത്രിക്കെതിരേ തെളിവുകള്‍ ഹാജരാക്കുന്നതില്‍ അവര്‍ വിമുഖത കാണിച്ചു എന്നാണ് ആരോപണം. ഇത് അപ്രസക്തമായ ഒരു ആരോപണമാണ്. പോലിസ് ടീമിന് അന്വേഷണ കമ്മീഷനോടല്ല, കോടതികളോടാണ് ഉത്തരവാദിത്തമുള്ളത്. അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം; പക്ഷേ, സരിത പറഞ്ഞ രണ്ടേകാല്‍ കോടി ഉമ്മന്‍ചാണ്ടിയുടെ അടുക്കളയില്‍ നിന്ന് കണ്ടെടുക്കാത്തതിന്റെ പേരില്‍ കമ്മീഷന്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അതിരുകടന്നതാണ് എന്നേ വിശേഷിപ്പിക്കാനാവുകയുള്ളൂ.                                            ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss