|    Feb 24 Fri, 2017 2:31 pm
FLASH NEWS

സോളാര്‍ ബോട്ട് അട്ടിമറി : ജീവനക്കാര്‍ നടത്തിയ നീക്കത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുന്നതായി ആക്ഷേപം

Published : 17th February 2017 | Posted By: fsq

 

വൈക്കം: സോളാര്‍ ബോട്ട് അട്ടിമറിക്കാന്‍ ജീവനക്കാര്‍ നടത്തിയ നീക്കത്തെ കുറിച്ച് നടന്ന അന്വേഷണം അട്ടിമറിക്കുന്നതായി ആക്ഷേപം. നാളിതുവരെയായി ഇതിനെ കുറിച്ച് കാര്യക്ഷമമായ ഒരു അന്വേഷണം നടത്താന്‍ പോലിസിനോ ജലഗതാഗത വകുപ്പിനോ സാധിച്ചിട്ടില്ല. സോളാര്‍ ബോട്ട് ഇവിടെ എത്തിയ സമയത്ത് കമ്പനിയുടെ പിഴവുകള്‍ മൂലം റെഡര്‍ പ്ലെയ്റ്റ് (ചുക്കായം) ഇളകിത്തന്നെയാണ് കിടന്നതെന്നാണ് പോലിസിന്റെ ഭാഷ്യം.ജെട്ടിയിലെ ജീവനക്കാരും മറ്റും പറയുന്ന കാര്യം തന്നെയാണ് പോലിസ് ഏറ്റുപറയുന്നത്. സോളാര്‍ ബോട്ടിലെ ചുക്കായം മോഷണം പോയെന്നു പറയുന്ന ദിവസം വൈക്കം ജനമൈത്രി പോലിസ് സ്റ്റേഷനിലെ ചില പോലിസുകാരോട് ഇതുസംബന്ധിച്ച് യാത്രക്കാരും മറ്റും വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ആയിരുന്നു മറുപടി. എന്നാല്‍ പിറ്റേ ദിവസം കാര്യങ്ങള്‍ പുറത്തുവന്നതോടെ അങ്കലാപ്പിലായി. ഇപ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നതിനു പിന്നില്‍ വൈക്കത്തെ പോലിസിനു വലിയ പ്രാധാന്യമുണ്ട്.ഇതു തന്നെയാണ് ഇതുവരെയായി ഒരു ജീവനക്കാരനെ പോലും പോലിസ് ചോദ്യം ചെയ്യാത്തതിനു പിന്നിലുള്ള കാരണം. സത്യഗ്രഹ നഗരിയില്‍ കാത്തിരുന്ന് കിട്ടിയ അഭിമാന നിമിഷത്തെ തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ വലിയ ആശങ്കയാണ് പൊതുജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ബോട്ടിന് കേടുപാടുകള്‍ വരുത്തിയതെന്നാണ് പറയപ്പെടുന്നത്. സോളാര്‍ ബോട്ട് ലാഭകരമായി ജെട്ടിയില്‍ സര്‍വീസ് തുടര്‍ന്നാല്‍ ഇവിടെനിന്ന് ശമ്പളത്തിനു പുറമേ മറ്റു രീതിയില്‍ ചില ജീവനക്കാര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടേക്കാം. ഡീസല്‍ വാങ്ങുന്നതില്‍ വന്‍തിരിമറിയാണ് നടക്കുന്നത്. മണ്ണെണ്ണയ്ക്ക് വില കുറവായിരുന്ന സമയത്ത് ഡീസലിനു പകരം ഇത് ഉപയോഗിച്ചും ലാഭം കൊയ്ത ചില ഉദ്യോഗസ്ഥരും ഇവിടെയുണ്ടായിരുന്നു.ഇവരെല്ലാം ചേര്‍ന്നാണ് ബോട്ടിനെ ഇവിടെ നിന്നു തുരത്താന്‍ ശ്രമിക്കുന്നത്. തടി ബോട്ടിലെ ദുരിതയാത്രയില്‍ ക്ലേശമനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായാണ് സോളാര്‍ ബോട്ട് ‘ആദിത്യ’ വൈക്കത്ത് എത്തിയത്. ഒരാഴ്ചത്തെ ട്രയല്‍ സര്‍വീസിനും ജീവനക്കാരുടെ പരിശീലനത്തിനും ശേഷമാണ് കഴിഞ്ഞ ജനുവരി 12ന് ആദിത്യ ഔദ്യോഗികമായി സര്‍വീസ് തുടങ്ങുന്നത്. ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച ബോട്ടിന് അന്തരീക്ഷ മലിനീകരണവും ജല മലിനീകരണവും ഇല്ലെന്ന സവിശേഷതയും ഉണ്ട്. അതോടൊപ്പം കായലിലെ മല്‍സ്യ സമ്പത്ത് വര്‍ധിക്കുന്നതിനും ഇത് കാരണമാവും. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഈ സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയും നഗരസഭാ ചെയര്‍മാനുമെല്ലാം സര്‍ക്കാരിനു പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ല. വൈക്കം ഫെറിയെ തകര്‍ക്കാന്‍ കാലങ്ങളായി നടക്കുന്ന നീക്കങ്ങളാണ് ഇതിനെല്ലാം പിന്നിലെന്നാണ് ആക്ഷേപം. ഇതിനു മാറ്റമുണ്ടായില്ലെങ്കില്‍ വരും നാളുകളില്‍ ഫെറിയില്‍ നിന്നുള്ള സര്‍വീസ് തന്നെ മുടങ്ങിയേക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 4 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക