|    Jan 16 Mon, 2017 8:36 pm
FLASH NEWS

സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേട്; തട്ടിപ്പ് കണ്ടിട്ടും നടപടി സ്വീകരിച്ചില്ല: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നടപടിക്ക് ശുപാര്‍ശ

Published : 17th October 2016 | Posted By: SMR

തിരുവനന്തപുരം: അഴിമതിക്കെതിരേ പോരാട്ടത്തിന് ഇറങ്ങിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും വിവാദക്കുരുക്കിലേക്ക്. പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതിലും കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍, ഇദ്ദേഹത്തിനെതിരേ വകുപ്പുതല അച്ചടക്ക നടപടി വേണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ, വകുപ്പിന്റെ ഓഫിസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അനുവദിച്ചതിനേക്കാള്‍ 257 ശതമാനം അധികം തുക ചെലവിട്ടതായി പരിശോധനയില്‍ കണ്ടെത്തി. 2.18 കോടി രൂപയാണ് പദ്ധതിക്കായി എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നത്. എന്നാല്‍, പദ്ധതി പൂര്‍ത്തിയായപ്പോള്‍ 5.94 കോടി രൂപ കമ്പനിക്ക് നല്‍കി. ഫലത്തില്‍ ആറു കോടി സര്‍ക്കാര്‍ മുടക്കിയെങ്കിലും പ്രവര്‍ത്തനരഹിതമായതിനാല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതില്‍ പ്രയോജനമുണ്ടായില്ല. പദ്ധതി പൂര്‍ണമായി തട്ടിപ്പെന്നു കണ്ടെത്തിയപ്പോള്‍ പണം തിരിച്ചുപിടിക്കാന്‍ ജേക്കബ് തോമസ് നടപടി സ്വീകരിച്ചില്ലെന്നും പരിശോധനയില്‍ വ്യക്തമായി.
വലിയതുറ മുതല്‍ ബേപ്പൂര്‍ വരെയുള്ള 15 ഓഫിസുകളിലാണ് സോളാര്‍ പാനല്‍ സ്ഥാപിച്ചത്. ഇതില്‍ നാല് ഓഫിസുകളില്‍ സോളാര്‍ പാനല്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണെന്നു കണ്ടെത്തി. എന്നാല്‍, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മറ്റ് ഓഫിസുകളിലെ സോളാര്‍ പാനലിന്റെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല, അനര്‍ട്ടിനെ മറികടന്നായിരുന്നു സോളാര്‍ പാനല്‍ സ്ഥാപിച്ചത്. സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത കെല്‍ട്രോണിനെയും സിഡ്‌കോയെയും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന്റെ ചുമതല ജേക്കബ് തോമസ് ഏല്‍പിച്ചതിനെയും റിപോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
എട്ട് ഓഫിസുകളിലെ എസ്റ്റിമേറ്റ് തുകയും ചെലവിട്ട തുകയും ഒരേ സംഖ്യയാണെന്ന് പരിശോധനാ വിഭാഗം കണ്ടെത്തി. അതായത്, എസ്റ്റിമേറ്റ് തുക 11 ലക്ഷവും ചെലവിട്ട തുക 52.38 ലക്ഷവും. വിവിധ ഓഫിസുകളിലേക്കായി 54 ലക്ഷം രൂപയുടെ ലാപ്‌ടോപ്പും കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും വാങ്ങിയതില്‍ പലതും അനാവശ്യമായിരുന്നു. 10 ലക്ഷത്തിനു മുകളില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനകാര്യ വിഭാഗത്തിന്റെയും ഐടി വകുപ്പിന്റെയും അനുമതി വേണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ഉപകരണങ്ങള്‍ വാങ്ങിയത്. 2.44 കോടി രൂപ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചു. സര്‍ക്കാരിനു നഷ്ടമായ തുക തിരിച്ചുപിടിക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗം നിര്‍ദേശിക്കുന്നു. ഇതിനു പുറമേ സിആര്‍ഇസഡ് ചട്ടം ലംഘിച്ച് തുറമുഖ വകുപ്പിനു കെട്ടിടം നിര്‍മിച്ചതിലും ജേക്കബ് തോമസിന് വീഴ്ചയുണ്ടായെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക