|    Oct 16 Tue, 2018 11:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സോളാര്‍ തട്ടിപ്പ് :മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് വീഴ്ചപറ്റി

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: വിവാദമായ സോളാര്‍ ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസിന് വീഴ്ച പറ്റിയതായി സോളാര്‍ കമ്മീഷന്‍. മുഖ്യമന്ത്രിയുടെ ഓഫിസുമായി ഉണ്ടായിരുന്ന ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് ഇടപെട്ടു. അന്വേഷണം സരിതയിലും ബിജു രാധാകൃഷ്ണനിലും മാത്രം ഒതുങ്ങി. ഇരുവരും തട്ടിയെടുത്ത പണത്തെക്കുറിച്ച് അന്വേഷണം നടന്നില്ല. ഇന്റലിജന്‍സ് എഡിജിപിയുടെ റിപോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതായി ചൂണ്ടിക്കാട്ടുന്ന റിപോര്‍ട്ടില്‍ പക്ഷേ, ഉമ്മന്‍ചാണ്ടിയെ കുറിച്ച് വ്യക്തിപരമായ പരാമര്‍ശങ്ങളൊന്നുമില്ല. കണ്ടെത്തല്‍, ശുപാര്‍ശ, നിര്‍ദേശങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് റിപോര്‍ട്ട് ക്രോഡീകരിച്ചിട്ടുള്ളത്. കണ്ടെത്തല്‍ എന്ന ഭാഗം മുഴുവനും മുഖ്യമന്ത്രിയുടെ ഓഫിസിലെ വീഴ്ചകളാണ് എണ്ണിപ്പറയുന്നത്. ടീം സോളാര്‍ പ്രതിനിധികളായ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള കച്ചവടം വിപുലീകരിച്ചത്.  കേസ് തുടക്കത്തില്‍ അന്വേഷിച്ച സംഘത്തിന് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായി. ഭരണകക്ഷിയുമായി ബന്ധമുള്ള ഒരു സംഘത്തിന്റെ നേതൃത്വത്തില്‍ സാമ്പത്തിക തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് എഡിജിപി റിപോര്‍ട്ട് സര്‍ക്കാര്‍ കാര്യമായി എടുത്തില്ല. തട്ടിപ്പ് പുറത്തുവന്നപ്പോള്‍ കേസൊതുക്കാനും മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സ്വാധീനം ഉപയോഗിച്ചു. ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാത്തതും വീഴ്ചയാണ്. തട്ടിപ്പ് നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരണം. തട്ടിപ്പിന് ഇരയാവുന്നവര്‍ക്ക് പണം തിരിച്ചുലഭിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാവണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. അതേസമയം, സോളാര്‍ തട്ടിപ്പ് പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫിസില്‍ എത്തിയാണ് റിപോര്‍ട്ട് കൈമാറിയത്. റിപോര്‍ട്ട് വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കാനാണ് സാധ്യത. കാബിനറ്റ് അംഗീകാരം ലഭിച്ചാല്‍ നിയമോപദേശത്തിനായി നിയമ സെക്രട്ടറിക്ക് റിപോര്‍ട്ട് കൈമാറും. സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാര്‍ കമ്പനിയുടെ പേരില്‍ നടന്ന തട്ടിപ്പാണ് കമ്മീഷന്‍ അന്വേഷിച്ചത്. ടീം സോളാര്‍ നടത്തിപ്പുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു. 2013 ഒക്ടോബര്‍ 23നാണ് ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ ഏകാംഗ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. കമ്മീഷന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss