|    Dec 11 Tue, 2018 4:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍ തട്ടിപ്പു കേസ്: ശാലു മേനോന്റെ ബംഗ്ലാവും സ്ഥലവും ജപ്തി ചെയ്തു

Published : 7th December 2018 | Posted By: kasim kzm

തിരുവനന്തപുരം: ഡോക്ടര്‍ ദമ്പതികളെയും പ്രവാസിയെയും കബളിപ്പിച്ച് 1.35 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതി സിനിമ-സീരിയല്‍ താരം ശാലു മേനോന്‍ ചങ്ങനാശ്ശേരിയില്‍ പണികഴിപ്പിച്ച ബംഗ്ലാവും സ്ഥലവും കേസില്‍ അന്തിമ വിധി വരുന്നതുവരെ കോടതി ജപ്തി ചെയ്തു. വീട്ടില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലും സ്ഥാപിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. സാക്ഷികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പ്രി ന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ 17ന് ഹാജരാക്കാനാണ് സബ് ജഡ്ജി ടി ജി വര്‍ഗീസിന്റെ ഉത്തരവ്. ഡോക്ടര്‍ ദമ്പതികളുടെയും പ്രവാസിയുടെയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തിയ ശേഷമാണ് സാക്ഷികളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
2013ലാണ് കേസിനാസ്പദമായ സംഭവം. സ്വിസ് സോളാര്‍ ടെക്‌നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ഡോ. ആര്‍ ബി നായരെന്ന ബിജു രാധാകൃഷ്ണന്‍, സിനിമ-സീരിയല്‍ താരം ശാലു മേനോന്‍ എന്ന ശാലു വേണുഗോപാല്‍, ശാലുവിന്റെ മാതാവ് കലാദേവി എന്നിവരാണ് കേസിലെ 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.
കെഎസ്ഇബിയില്‍ നി ന്നു ള്ള വൈദ്യുതി ബില്ല് ലാഭിക്കാമെന്നു വിശ്വസിപ്പിച്ച് സോളാര്‍ വൈദ്യുതിയുടെ പേരില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍ നിന്ന് 29,60,000 രൂപയാണ് തട്ടിയെടുത്തത്. പ്രവാസിയായ റാസിഖ് അലിയില്‍ നിന്നു 1,04,60,000 രൂപയും കൈപ്പറ്റി. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ഡോക്ടറുടെ വസതിയില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലുകളും സ്ഥാപിച്ചുനല്‍കാമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്. താന്‍ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഊര്‍ജ മന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനമന്ത്രിയുമായി അടുത്ത ബന്ധമുള്ളതായും ബിജു അവകാശപ്പെട്ടതായും ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. വിദേശത്തു നിന്നു മടങ്ങിവന്ന റാസിഖ് അലിയെ ബിജുവും ശാലുവും ചേര്‍ന്നു സമീപിക്കുകയായിരുന്നു. അലിയില്‍ നിന്നു 1,04,60,000 രൂപയാണ് തട്ടിയെടുത്തത്.
ഇതില്‍ ഭൂരിഭാഗം തുകയും ശാലുവിനാണ് ബിജു നല്‍കിയത്. ശാലുവിന് 25 ലക്ഷം രൂപയ്ക്ക് സ്ഥലം വിലയ്ക്ക് വാങ്ങി അതില്‍ പടുകൂറ്റന്‍ ബംഗ്ലാവ് പണികഴിപ്പിച്ചു നല്‍കി. സ്ഥലമുടമയ്ക്ക് 25 ലക്ഷം രൂപയുടെ ചെക്ക് ബിജു നല്‍കിയതായി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബിജുവിന്റെ സാന്നിധ്യത്തില്‍ ഒരു ടെക്സ്റ്റയില്‍ ഷോപ്പില്‍ വച്ച് താന്‍ 20 ലക്ഷം രൂപ നേരിട്ട് ശാലുവിനു നല്‍കിയതായി റാസിഖ് അലി മൊഴി നല്‍കി.
4,75,000 രൂപ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് ആയി മുടക്കി ശാലുവിന് ബിജു ഒരു ആഡംബര കാര്‍ വാങ്ങി നല്‍കി. ശാലുവിന്റെ വീട് നിര്‍മാണത്തിനായി 10 ലക്ഷം രൂപ ശാലുവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് റാസിഖ് അലിക്ക് ബിജു മെസേജ് അയച്ചതായി കണ്ടെത്തിയതായും പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ശാലുവിനു ബിജു വാങ്ങി നല്‍കി. വിവാഹിതരാവാന്‍ ഇരുവരും പരസ്പരം സമ്മതിച്ച് തീരുമാനിച്ചുറച്ചതായി വെളിപ്പെട്ടതായും അന്വേഷണ റിപോര്‍ട്ടില്‍ പോലിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss