|    Jan 17 Tue, 2017 3:32 am
FLASH NEWS

സോളാര്‍ തട്ടിപ്പു കേസ്: ബിജുവിനെ കണ്ടിട്ടില്ലെന്ന മൊഴി ചെന്നിത്തല തിരുത്തി

Published : 28th July 2016 | Posted By: SMR

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ നേരില്‍ കണ്ടിട്ടില്ലെന്ന് ചൊവ്വാഴ്ച സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴി മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ തിരുത്തി. ബിജു രാധാകൃഷ്ണനു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷക ചെന്നിത്തലയെ കമ്മീഷന്‍ മുമ്പാകെ ക്രോസ് വിസ്താരം ചെയ്തപ്പോഴാണ് അദ്ദേഹം മൊഴി തിരുത്തിയത്.
ആഭ്യന്തരമന്ത്രിയായ ശേഷം രമേശ് ചെന്നിത്തല ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ബിജു രാധാകൃഷ്ണനെ കണ്ടു സംസാരിച്ചുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിജുവിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ജയിലുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ജയില്‍പുള്ളികളെ നിരത്തി നിര്‍ത്തി ഉദ്യോഗസ്ഥന്‍മാര്‍ കാണിക്കാറുണ്ട്. ആ കൂട്ടത്തില്‍ ചിലപ്പോള്‍ ബിജു രാധാകൃഷ്ണനും ഉണ്ടാവാമെന്നും അദ്ദേഹത്തെ കണ്ടിട്ടുണ്ടാവാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ബിജു രാധാകൃഷ്ണനുമായി സംസാരിച്ചത് ഓര്‍മയില്ല.
ബിജു രാധാകൃഷ്ണന്‍ രക്ഷപ്പെട്ടേക്കുമെന്ന് ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് റിപോര്‍ട്ട് ലഭിച്ചുവെന്ന ചൊവ്വാഴ്ച നല്‍കിയ മൊഴി ഇന്നലെ വീണ്ടും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. എന്നാല്‍, ഈ റിപോര്‍ട്ട് ജയില്‍ മേധാവിക്കും ഡിജിപിക്കും ലഭിച്ചിരുന്നോയെന്ന് താന്‍ അന്വേഷിച്ചിരുന്നില്ല. പ്രത്യേക അന്വേഷണസംഘ(എസ്‌ഐടി)ത്തിന്റെ അന്വേഷണസംബന്ധമായ ഒരു കാര്യവും താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന സാഹചര്യത്തില്‍ അന്വേഷിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്ത എല്ലാ വിഷയവും എസ്‌ഐടിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ അതേക്കുറിച്ച് അന്വേഷിച്ചിരുന്നോയെന്ന കമ്മീഷന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.
ചെന്നിത്തലയ്‌ക്കെതിരേ ഹരജി
പെരുമ്പാവൂര്‍: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്  കോടതിയില്‍ ഹരജി നല്‍കി.
ബിജു രാധാകൃഷ്ണനെ സംബന്ധിച്ച് ധാരാളം സ്‌പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ബിജു ജയില്‍ ചാടാനുള്ള നിരവധി സാഹചര്യങ്ങല്‍ ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഹരജി സ്വീകരിച്ച കോടതി സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പെരുമ്പാവൂര്‍ പോലീസിനോട് നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 168 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക