|    Nov 13 Tue, 2018 3:43 am
FLASH NEWS
Home   >  Todays Paper  >  page 6  >  

സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് അതീവ ഗൗരവതരമെന്ന് വി എം സുധീരന്‍

Published : 10th November 2017 | Posted By: fsq

 
കൊല്ലം: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് അതീവ ഗൗരവതരമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. യുഡിഎഫ് സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തിയ കമ്മീഷനാണെന്നും അതിനാല്‍ കമ്മീഷന്‍ റിപോര്‍ട്ടുകള്‍ ഗൗരവമേറിയതാണെന്നും സുധീരന്‍ പറഞ്ഞു. വിഷയത്തെക്കുറിച്ച് കൂടുതലായി ഇപ്പോള്‍ പറയുന്നില്ലെന്നും റിപോര്‍ട്ട് പരിശോധിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും സുധീരന്‍ കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടി പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കണം: എസ്ഡിപിഐ
കോഴിക്കോട്: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ കുറ്റാരോപിതനായ ഉമ്മന്‍ചാണ്ടിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും സ്ഥാനങ്ങള്‍ രാജിവച്ച് പൊതുരംഗത്തുനിന്നു മാറിനില്‍ക്കാനുള്ള മാന്യത കാട്ടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കള്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു പണം സമ്പാദിക്കുകയും ലൈംഗികചൂഷണം നടത്തുകയും ചെയ്യുന്നുവെന്ന ആരോപണങ്ങളെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപോര്‍ട്ട് ശരിവയ്ക്കുകയാണ്. അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഒരാളെയും വിശ്വസിക്കാനാവാത്ത സംസ്ഥാനമായി കേരളം മാറിയതിന്റെ സൂചനയാണ് ഈ റിപോര്‍ട്ട്. ജനകീയ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്ന പ്രതിച്ഛായ ഇതോടെ തകര്‍ന്നുവീണിരിക്കുന്നു. സാങ്കേതികതകളില്‍ കടിച്ചുതൂങ്ങി സോളാര്‍ റിപോര്‍ട്ടിലെ വസ്തുതകളെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് വൃഥാ വ്യായാമമാണ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്ന ഈ രീതി യുഡിഎഫിനെ കൂടുതല്‍ സംശയത്തിന്റെ കരിനിഴലിലാക്കുന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ള ജനപ്രതിനിധികളുടെമേല്‍ സോളാര്‍ കമ്മീഷന്‍ ചുമത്തിയ കുറ്റങ്ങള്‍ ശരിയാണെങ്കില്‍ വോട്ട് നല്‍കി അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വിശ്വാസവഞ്ചനയും സത്യപ്രതിജ്ഞാലംഘനവുമാണ് നടന്നത്. റിപോര്‍ട്ടിന്‍മേല്‍ തുടര്‍നടപടി പൂര്‍ത്തിയാവുന്നതുവരെ ആരോപണ വിധേയര്‍ പൊതുജനസേവകരുടെ കുപ്പായമണിയുന്നതില്‍ അര്‍ഥമില്ലെന്നും മജീദ് ഫൈസി അഭിപ്രായപ്പെട്ടു.
വ്യാജ കഥകളുടെ തനിയാവര്‍ത്തനം
മലപ്പുറം: പലവട്ടം പ്രചരിപ്പിച്ച വ്യാജകഥകളുടെ തനിയാവര്‍ത്തനമാണ് സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിലുള്ളതെന്ന് എ പി അനില്‍കുമാര്‍. ഈ റിപോര്‍ട്ട് മുമ്പില്‍വച്ചുകൊണ്ട് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള സിപിഎം ശ്രമം വെറും വ്യാമോഹം മാത്രമാണ്. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടും.
അന്വേഷണം ശരിയായ ദിശയിലെന്നു കാനം
കോട്ടയം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം ശരിയായ രീതിയിലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണം രാഷ്ട്രീയപ്രേരിതമല്ല. മുഖ്യമന്ത്രി ചട്ടം ലംഘിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതു സ്പീക്കറാണെന്നും അദ്ദേഹം കോട്ടയത്തു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. വേങ്ങര തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടായിരുന്നില്ല മുഖ്യമന്ത്രി അന്നു വാര്‍ത്താ സമ്മേളനം നടത്തിയത്. അങ്ങനെയായിരുന്നെങ്കില്‍ സപ്തംബര്‍ നാലിനു തന്നെ അന്വേഷണം പ്രഖ്യാപിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി പിരിച്ചുവിടണം: ബിജെപി
തിരുവനന്തപുരം: സ്ത്രീപീഡകരുടെയും അഴിമതിക്കാരുടെയും കൂടാരമായ കെപിസിസി പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസ് എന്നത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി മാറി. തിരുവനന്തപുരത്തെ ഇന്ദിരാഭവന്‍ അടച്ചുപൂട്ടാന്‍ അഖിലേന്ത്യാ നേതൃത്വം ഇടപെടണം. കേരളത്തെ രാജ്യത്തിനു മുമ്പില്‍ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിച്ച് ജനങ്ങളോട് മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss