|    Jul 22 Sun, 2018 8:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് രാഷ്ട്രീയ ആയുധമാക്കി സര്‍ക്കാര്‍

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി സര്‍ക്കാരും എല്‍ഡിഎഫും. മികച്ച മല്‍സരം പ്രതീക്ഷിക്കുന്ന വേങ്ങരയില്‍ രാഷ്ട്രീയമായി യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ എല്‍ഡിഎഫ് ഉപയോഗിച്ചേക്കും. റിപോര്‍ട്ട് ഇന്നലെ സമര്‍പ്പിച്ചതിനു പിന്നില്‍തന്നെ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്നാണ് സൂചന. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍തലം വരെ എത്തിയിരുന്നെങ്കിലും സമയം നീട്ടിനല്‍കാന്‍ സാധിക്കില്ല എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. പറഞ്ഞ സമയപരിധിക്കുള്ളില്‍ തന്നെ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഇന്നലെ തന്നെ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയ വിവാദം സജീവമാക്കി നിര്‍ത്തിയാല്‍ വേങ്ങരയില്‍ അതു ഗുണംചെയ്യുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് യുഡിഎഫ് മറുപടി പറയേണ്ടിവരുമെന്ന് സര്‍ക്കാരിനറിയാം. സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി സോളാര്‍ കേസ് ഇന്നലെ മലപ്പുറത്തെ പ്രചാരണപരിപാടിയില്‍ ഉയര്‍ത്തുകയും ചെയ്തു. സര്‍ക്കാരിനെതിരേ തൊടുക്കാവുന്ന ആരോപണങ്ങള്‍ക്ക് ഇതിലൂടെ പ്രതിരോധം സൃഷ്ടിക്കാമെന്നും എല്‍ഡിഎഫ് കരുതുന്നുണ്ട്. അതേസമയം കമ്മീഷന്‍ റിപോര്‍ട്ട് വലിയ പ്രതിസന്ധിയുണ്ടാക്കില്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫും ഉമ്മന്‍ചാണ്ടിയുമുള്ളത്. താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കഴിഞ്ഞ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. പുറത്തുവരുന്ന വിവരങ്ങളില്‍ അപ്രതീക്ഷിതമായി ഒന്നുമില്ലെന്നാണു നേതാക്കളുടെ വാദം. ഓഫിസ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാവേണ്ടിയിരുന്നു എന്ന കാര്യവും ഉമ്മന്‍ചാണ്ടി തന്നെ നേരത്തെ അംഗീകരിച്ചതാണ്. അതിനാല്‍ ഇക്കാര്യത്തില്‍ പുതുതായി ഒന്നുംതന്നെ ഇല്ലെന്നാണ് യുഡിഎഫിന്റെയും നിലപാട്. കൂടുതല്‍ കൃത്യമായ വിശദാംശങ്ങള്‍ പുറത്തുവന്ന ശേഷം കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss