|    Jan 19 Thu, 2017 12:14 pm
FLASH NEWS

സോളാര്‍ ഇംപള്‍സ്-2: ലോകപര്യടനം പൂര്‍ത്തിയാക്കി

Published : 27th July 2016 | Posted By: SMR

കെയ്‌റോ: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വിസ് വിമാനം സോളാര്‍ ഇംപള്‍സ് -2 ലോകപര്യടനം പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒമ്പതിന് യുഎഇയിലെ അബൂദബിയില്‍ നിന്നാണ് സോളാര്‍ ഇംപള്‍സ് ലോകപര്യടനം ആരംഭിച്ചത്. അബൂദബിയില്‍നിന്ന് ഒമാന്‍ തലസ്ഥാനം മസ്‌കത്തിലേക്കായിരുന്നു ആദ്യ പറക്കല്‍. തുടര്‍ന്ന് 17 ഘട്ടങ്ങളായി അഹ്മദാബാദ്, വാരണാസി, മന്‍ഡാലെ, ചോങ്ക്വിങ്, നാങ്ക്വിങ്, നഗോയ, ഹവായ്, സാന്‍ഫ്രാന്‍സിസ്‌കോ, ഫെനിക്‌സ്, തുല്‍സ, ഡേടണ്‍, ലെഹിങ്വാലി, ന്യൂയോര്‍ക്ക്, സെവില്‍, കെയ്‌റോ എന്നീ നഗരങ്ങള്‍ കടന്ന് അബൂദബിയില്‍ തിരിച്ചെത്തി.
ഈജിപ്ത് തലസ്ഥാനം കെയ്‌റോയില്‍ നിന്ന് അബൂദബിയിലേക്കായിരുന്നു അവസാനഘട്ട പറക്കല്‍. ശനിയാഴ്ച രാത്രി കെയ്‌റോയില്‍ നിന്നു യാത്രതിരിച്ച വിമാനം രണ്ടു ദിവസവും 47 മിനിറ്റും സമയമെടുത്താണ് അബൂദബിയിലേക്കുള്ള 2647 കിലോമീറ്റര്‍ സഞ്ചരിച്ചത്. ജപ്പാനിലെ നഗോയയില്‍ നിന്ന് യുഎസിലെ ഹവായിലേക്കുള്ള യാത്രയ്ക്കായിരുന്നു കൂടുതല്‍ ദൈര്‍ഘ്യം. 118 മണിക്കൂര്‍ കൊണ്ടാണ് ഇരു നഗരങ്ങള്‍ക്കുമിടയിലെ 8924 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കിയത്.
42,000 കിലോമീറ്റര്‍ ദൂരമാണ് ലോകപര്യടനത്തിന്റെ ഭാഗമായി വിമാനം സഞ്ചരിച്ചത്. നാലു ഭൂഖണ്ഡങ്ങള്‍ക്കും മൂന്നു കടലുകള്‍ക്കും രണ്ടു സമുദ്രങ്ങള്‍ക്കും മുകളിലൂടെയായിരുന്നു സഞ്ചാരം. മണിക്കൂറില്‍ 76.7 കിലോമീറ്ററായിരുന്നു ശരാശരി വേഗം.
ഓരോ ഘട്ടങ്ങള്‍ക്കിടയിലും ദിവസങ്ങളുടെ ഇടവേളകള്‍ നല്‍കിക്കൊണ്ടുള്ള യാത്ര 16 മാസമെടുത്താണ് പൂര്‍ത്തിയായത്. 17,000 സൗരോര്‍ജ സെല്ലുകളുള്ള വിമാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത് 2014ലായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ബെര്‍ട്രന്റ് പിക്കാര്‍ഡ്, ആന്ദ്രെ ബോര്‍ഷ്‌ബെര്‍ഗ് എന്നിവരാണ് പൈലറ്റുമാര്‍. അവസാനഘട്ടമായ കെയ്‌റോ-അബൂദബി യാത്രയില്‍ പിക്കാര്‍ഡ് വിമാനം നിയന്ത്രിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക