|    Nov 19 Sun, 2017 1:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സോളാര്‍ അന്വേഷണ റിപോര്‍ട്ട് : പൊതു അന്വേഷണം മതി

Published : 9th November 2017 | Posted By: fsq

 

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരേ തല്‍ക്കാലം പൊതു അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്ന് തീരുമാനം. സോളാര്‍ അന്വേഷണ റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാനായി ഇന്നു പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരിക്കെ ഇന്നലെ ചേര്‍ന്ന മന്ത്രിസഭയാണ് വിഷയം ചര്‍ച്ച ചെയ്തു നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.  ഏതൊക്കെ കേസുകളില്‍ അന്വേഷണം വേണമെന്ന് പ്രത്യേകം എടുത്തുപറയാതെയാവും അന്വേഷണം നടത്തുക. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. കേസിലെ പീഡന പരാതിയില്‍ നേരിട്ടു കേസെടുക്കേണ്ടെന്നും പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കരുതല്‍ വേണമെന്നുമാണ് നിയമോപദേശം. പ്രാഥമിക അന്വേഷണത്തിനുശേഷം പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ മാത്രം കേസാക്കിയാല്‍ മതിയെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായി ഉയര്‍ന്നുവന്ന ലൈംഗികപീഡനവുമായി ബന്ധപ്പെട്ട ആരോപണം പരസ്പര സമ്മതപ്രകാരമാണെന്ന വ്യാഖ്യാനം വരാം. അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍, അഴിമതിക്കേസ് നടപടികള്‍ തുടരാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയില്‍ കേസെടുക്കുന്നത് വൈകും. കേസില്‍ നിയമപരമായി എല്ലാ പഴുതുകളുമടച്ച് മുന്നോട്ടുപോവാനുള്ള തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരേ കേസെടുത്ത് തുടരന്വേഷണം നടത്താന്‍ കഴിഞ്ഞ 11ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കോന്നി, പെരുമ്പാവൂര്‍ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ക്രിമിനല്‍ കേസും സാമ്പത്തിക തട്ടിപ്പ്, അഴിമതി എന്നിവയ്‌ക്കെതിരേ വിജിലന്‍സ് കേസും പ്രത്യേകം എടുക്കാനായിരുന്നു തീരുമാനം. സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന പരാതിയില്‍ കത്തില്‍ പേരുള്ളവര്‍ക്ക് എതിരായെല്ലാം കേസെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, കേസില്‍ നിയമപരമായ പഴുതുകളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ അരിജിത് പസായത്തില്‍ നിന്ന് നിയമോപദേശം തേടിയത്. ഇതുപ്രകാരം അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടരന്വേഷണം പ്രഖ്യാപിക്കും. കേസുകള്‍ പ്രത്യേകം പറയാതെ പൊതു അന്വേഷണമെന്നാവും ഉത്തരവില്‍ രേഖപ്പെടുത്തുക. അതേസമയം, സോളാര്‍ റിപോര്‍ട്ട് ഇന്നു നിയമസഭയില്‍ വരുന്നതിനെ ഭയപ്പെടുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യാതൊരു ഭയവും ആശങ്കയുമില്ല. സമചിത്തതയോടെയാണ് കാര്യങ്ങളെ കാണുന്നത്. എന്നാല്‍, റിപോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതോടെ കോണ്‍ഗ്രസ്സിനും യുഡിഎഫിനും കനത്ത തിരിച്ചടിയാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഉമ്മന്‍ചാണ്ടിയെ മാത്രമല്ല, പ്രതിപക്ഷത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്ന ദിനമാവും ഇന്ന്. റിപോര്‍ട്ടിലെ കണ്ടെത്തലുകളും തെളിവുകളും പ്രതിരോധിക്കാന്‍ പ്രതിപക്ഷം നന്നായി ബുദ്ധിമുട്ടുമെന്നും ഭരണപക്ഷം കരുതുന്നു. എന്നാല്‍, റിപോര്‍ട്ട് കണ്ടശേഷം തന്ത്രങ്ങള്‍ക്കു രൂപംനല്‍കാമെന്ന ആലോചനയിലാണ് പ്രതിപക്ഷം. റിപോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ അവ്യക്തതയുള്ളതിനാല്‍ ആശങ്കയും പ്രതീക്ഷയും യുഡിഎഫ് ക്യാംപിലുണ്ട്. സ്ത്രീപീഡന കേസ് ഉള്‍പ്പെടെ എടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറക്കാന്‍ പോലും കഴിയാത്തത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക