|    Aug 20 Sun, 2017 11:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സോളാര്‍കേസ്‌ വിജിലന്‍സ് ശങ്കര്‍ റെഡ്ഡിക്ക് അനുകൂലമായി കോടതിയില്‍

Published : 6th November 2016 | Posted By: SMR

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരേയുള്ള പരാതി പൂഴ്ത്തിയെന്ന ആരോപണത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടറും ഡിജിപിയുമായ ശങ്കര്‍ റെഡ്ഡിക്ക് അനുകൂലമായ റിപോര്‍ട്ട് നല്‍കി വിജിലന്‍സ്. ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടറായിരിക്കേ സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ പൂഴ്ത്തിയെന്നാരോപിക്കുന്ന ഹരജികള്‍ പരിഗണിച്ചപ്പോഴാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അനുകൂല റിപോര്‍ട്ട് നല്‍കിയത്.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി നടപടിയെടുക്കാതിരുന്നതെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് വിധി പറയുന്നത് എട്ടിലേക്ക് മാറ്റി. തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസിന്റെ സ്വകാര്യ പൊതുതാല്‍പര്യ ഹരജിയിലാണ് പ്രത്യേക വിജിലന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ വാദം പൂര്‍ത്തിയാക്കിയത്. ഹരജിക്കാരന്റെയും മന്ത്രി വി എസ് സുനില്‍കുമാറിന്റെയും ഉള്‍െപ്പടെ പത്തോളം പരാതികള്‍ അന്വേഷിക്കാതെയും കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കാതെയും ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ് എന്നിവരെ രക്ഷപ്പെടുത്തുന്നതിനായി ശങ്കര്‍ റെഡ്ഡി പൂഴ്ത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് ഇന്നലെ റിപോര്‍ട്ട് നല്‍കിയത്. പരാതി പൂഴ്ത്തിയെന്ന കേസില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുവെന്നാരോപിച്ച് ശങ്കര്‍റെഡ്ഡി വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക