|    May 27 Sun, 2018 5:18 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

‘സോമാലിയ’ കത്തുന്നു: കടുത്ത വിമര്‍ശനവുമായി മുന്നണികള്‍; പ്രതിരോധിക്കാനാവാതെ ബിജെപി

Published : 13th May 2016 | Posted By: SMR

narendra modi pm

എ എം ഷമീര്‍ അഹ്മദ്

തിരുവനന്തപുരം: വോട്ടെടുപ്പിനു മൂന്നുനാള്‍ മാത്രം ശേഷിക്കേ പ്രധാനമന്ത്രിയുടെ സോമാലിയ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി മുന്നണികള്‍. കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ സാമൂഹികമാധ്യമങ്ങള്‍ തുടങ്ങിവച്ച പ്രതിഷേധത്തിനു ദേശീയമാനം കൈവന്നതോടെ, മോദി ഫാക്ടര്‍ ഉയര്‍ത്തി പ്രചാരണം നടത്തിവന്ന ബിജെപി പ്രതിരോധത്തിലായി.
അവസാനദിനങ്ങളില്‍ മുന്നണികളെ കടന്നാക്രമിക്കുക എന്നതായിരുന്നു ബിജെപി തന്ത്രം. എന്നാല്‍, നായകന്‍തന്നെ ക്ലൈമാക്‌സില്‍ വില്ലനായതോടെ എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ നേരിടാനാവാതെ വിയര്‍ക്കുകയാണ് ബിജെപി നേതൃത്വം. പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ക്കും അതൃപ്തിയുണ്ട്. ഇന്നലെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഇരുമുന്നണികളിലെയും നേതാക്കള്‍ നടത്തിയത്. സോമാലിയ പരാമര്‍ശം പ്രധാനമന്ത്രി പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. മോദി കേരളത്തെ അപമാനിച്ചു. പരാമര്‍ശം തിരുത്താന്‍ സമയം ലഭിച്ചിട്ടും പ്രധാനമന്ത്രി മൗനംപാലിക്കുകയായിരുന്നു. പരാമര്‍ശം വസ്തുതകള്‍ക്കു നിരക്കുന്നതല്ല. കേരളം ഇന്ത്യയുടെ ഭാഗമാണെന്നു പ്രധാനമന്ത്രി ഓര്‍ക്കേണ്ടതായിരുന്നു. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി വോട്ടുനേടാനുള്ള നീക്കം ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സോമാലിയന്‍ പരാമര്‍ശം പിന്‍വലിച്ചേ മതിയാവൂ എന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആലപ്പുഴയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമര്‍ശം മാപ്പര്‍ഹിക്കാത്തതും പദവിക്ക് യോജിക്കാത്തതുമാണ്. ഇതിനെതിരേ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പ്രതിഷേധം ഉയര്‍ന്നുവരണം. ഗുരുവര്യന്‍മാരുടെ ഉപദേശങ്ങള്‍ കേട്ടുവളര്‍ന്ന കേരളജനതയെ മോദി ഉപദേശിക്കേണ്ടതില്ല. മതമൈത്രിയും സഹിഷ്ണുതയും പുറത്തുനിന്നു വന്ന് കേരള ജനതയെ പഠിപ്പിക്കേണ്ടതില്ലെന്നും ആന്റണി പറഞ്ഞു.
നരേന്ദ്രമോദി കേരളത്തില്‍ നടത്തിയ പ്രചാരണപ്രസംഗങ്ങള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പദവിക്ക് നിരക്കാത്തതും നിലവാരമില്ലാത്തതുമായ പ്രസംഗമാണു മോദി നടത്തിയത്. കേരളത്തെ സോമാലിയയുമായി ഉപമിച്ച് കേരളീയര്‍ക്ക് അപമാനമുണ്ടാക്കുന്ന പ്രസംഗം മോദിയുടെ രാഷ്ട്രീയ ഗുണ്ടായിസ ശൈലിയാണു വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോമാലിയന്‍ പരാമര്‍ശം പിന്‍വലിക്കാത്തതു മോദിയുടെ ധാര്‍ഷ്ട്യത്തെയാണു കാണിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം പുറത്തിറക്കിയ സാമൂഹിക സാമ്പത്തിക സര്‍വേയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്നു കണ്ടെത്തിയിട്ടുണ്ട്. വോട്ട് ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണങ്ങള്‍കൊണ്ടൊന്നും ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിനു സോമാലിയയുടെ അവസ്ഥ വരാത്തത് ബിജെപി അക്കൗണ്ട് തുറക്കാത്തതിനാലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കേരളത്തെ സോമാലിയയോട് ഉപമിക്കാന്‍ പ്രധാനമന്ത്രിക്ക് സഹായകമായത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബിജെപിയോടുള്ള വിധേയത്വവും ഗുജറാത്ത് മാതൃകയാക്കണമെന്ന യുഡിഎഫ് എംഎല്‍എമാരുടെ നിലപാടുകളുമാണ്. ഗുജറാത്തിനെ മാതൃകയാക്കണമെന്ന് ആദ്യം പറഞ്ഞതും വികസനത്തെക്കുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥസംഘത്തെ അയച്ചതും മന്ത്രി ഷിബു ബേബി ജോണാണ്. എംഎല്‍എമാരായ കെ എം ഷാജിയും എപി അബ്ദുല്ലക്കുട്ടിയും ഗുജറാത്തിലെ വികസനത്തെ പ്രശംസിച്ചു.
അതിനിടെ പ്രധാനമന്ത്രിക്കെതിരേ കള്ളപ്രചാരണം നടത്തുന്ന മുഖ്യമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരേ നടപടിയാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss