|    Feb 25 Sat, 2017 3:21 pm
FLASH NEWS

സോമന്‍ മാവോവാദിയെന്നു പോലിസ്; സോമന്റെ ചിന്തകള്‍ വഴിമാറിയത് ബ്ലേഡ് മാഫിയയുടെ പീഡനത്തെ തുടര്‍ന്ന്

Published : 28th November 2016 | Posted By: SMR

കല്‍പ്പറ്റ: മാവോവാദികളില്‍ പ്രധാനിയാണെന്നു പോലിസ് പറയുന്ന കല്‍പ്പറ്റ സ്വദേശി പി കെ സോമന്‍ ബ്ലേഡ് മാഫിയയുടേതുള്‍പ്പെടെ ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയുടെ ഇരയായിരുന്നുവെന്നു സുഹൃത്തുക്കള്‍. കല്‍പ്പറ്റ ചുഴലി പുലയക്കൊല്ലിയില്‍ രാമന്‍കുട്ടി-ദേവി ദമ്പതികളുടെ മകനാണ് 41കാരനായ സോമന്‍. ജീവിതം കരുപ്പിടിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം സോമനെ ബ്ലേഡ് മാഫിയയുടെ കെണിയിലകപ്പെടുത്തി. പട്ടിണി കിടന്ന് കൊള്ളപ്പലിശക്കാര്‍ക്കെതിരേ നിയമപോരാട്ടം തുടര്‍ന്ന സോമന് പക്ഷേ തന്റെ ആഗ്രഹസാഫല്യത്തിന് കഴിഞ്ഞിരുന്നില്ല. കോളജ് വിദ്യാഭ്യാസകാലത്ത് ബിജെപിയുടെ വിദ്യാര്‍ഥി ഘടകമായ എബിവിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സോമന്‍ പിന്നീട് സംഘപരിവാര പ്രസ്ഥാനങ്ങളോട് പൂര്‍ണമായി വിടപറയുകയായിരുന്നു. കല്‍പ്പറ്റ ഗവ. കോളജില്‍ 1990കളില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു എബിവിപി ബന്ധം. പ്രീഡിഗ്രി പാസായ സോമന്‍ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ ജനറല്‍ സൈക്കോളജി ഐച്ഛികവിഷയമാക്കി ബിരുദപഠനത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. നിര്‍ധന കുടുംബമാണ് സോമന്റേത്. കൂലിപ്പണിക്കാരാണ് മാതാപിതാക്കള്‍. പഠനം നിര്‍ത്തി ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച സോമന്‍ സാഹിത്യ-പത്രരംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കല്‍പ്പറ്റയില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘യുവദര്‍ശനം’ മാസികയുടെയും ‘ഞായറാഴ്ചപ്പത്ര’ത്തിന്റെയും ചീഫ് എഡിറ്ററായിരുന്നു സോമന്‍. 1996ല്‍ ആരംഭിച്ച മാസികയുടെ പ്രസിദ്ധീകരണം മൂന്നാം വാര്‍ഷികാഘോഷത്തിനു ശേഷം സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് നിര്‍ത്തി. മികച്ച വായനാശീലമുള്ള സോമന്‍ പ്രമുഖ സാഹിത്യകാരന്‍മാരുമായി ഉള്‍പ്പെടെ ബന്ധം പുലര്‍ത്തിയിരുന്നു. പത്രം നടത്തുന്നതിനിടെ കടത്തില്‍ മുങ്ങിയ  സോമന്‍ കല്‍പ്പറ്റ ആസ്ഥാനമായുള്ള ചിട്ടിക്കമ്പനി താമരശ്ശേരിയിലും സുല്‍ത്താന്‍ ബത്തേരിയിലുമടക്കം നല്‍കിയ ചെക്ക് കേസുകളില്‍ പ്രതിയായി. സംസ്ഥാനത്തിന് പുറത്തുവരെ വേരുകളുണ്ടായിരുന്ന ഈ കമ്പനി ഇപ്പോള്‍ ഇടപാടുകാരെ വഞ്ചിച്ചുവെന്ന കേസിലകപ്പെട്ട് രണ്ടു മാസം മുമ്പാണ് അടച്ചുപൂട്ടിയത്. കമ്പനിയുമായി ബന്ധപ്പെട്ട കേസുകള്‍ ഒഴിവാക്കുന്നതിനു വയനാട് ബ്ലേഡ്‌വിരുദ്ധ സമിതിയുടെ സഹായം തേടിയ സോമന്‍ ‘പോരാട്ടം’ പ്രവര്‍ത്തകനായി മാറി. ‘പോരാട്ടം’ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചതായിരുന്നു ബ്ലേഡ്‌വിരുദ്ധ സമിതി. ‘പോരാട്ടം’ സുല്‍ത്താന്‍ ബത്തേരിയിലും കണ്ണൂരിലും കാസര്‍കോടുമായി നടത്തിയ പ്രധാന ആക്ഷനുകളില്‍ പങ്കാളിയായിരുന്നു സോമന്‍. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യത്തിലിറങ്ങിയ സോമന്‍ വിചാരണയ്ക്ക് കോടതിയില്‍ ഹാജരായിരുന്നില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ ആക്ഷന്റെ ഭാഗമായി ആദിവാസി ബാലനെ മോഷണക്കേസില്‍ കുടുക്കിയയെന്നാരോപിച്ച് വൈദികനെ ആക്രമിച്ചിരുന്നു. ഭക്ഷണം എടുത്തു കഴിച്ചതിനാണ് ആദിവാസി ബാലനെ മോഷണക്കേസില്‍ പെടുത്തിയതെന്നായിരുന്നു പോരാട്ടം ആരോപണം. ഈ കേസില്‍  വിചാരണയ്ക്ക് ഹാജരാവാതിരുന്ന സോമനെതിരായ കേസ് നിലനില്‍ക്കുന്നുണ്ട്. മറ്റു പ്രതികളെ വെറുതെവിട്ടു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ പോസ്റ്റര്‍ ഒട്ടിച്ചുവെന്ന കേസും കണ്ണൂരില്‍ സോമനെതിരെ ചുമത്തപ്പെട്ടു. പോലിസ് പുറപ്പെടുവിച്ച മാവോവാദികളുടെ ലുക്ക്ഔട്ട് നോട്ടീസില്‍ സോമന്റെ ഫോട്ടോയും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയില്‍ പോലിസിനു നേരേ നിറയൊഴിച്ചതുമായി ബന്ധപ്പെട്ട കേസിലെ ഒന്നാംപ്രതിയായ സോമന്‍ നിലമ്പൂര്‍ വനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഐ (മാവോയിസ്റ്റ്) ദളങ്ങളില്‍ ഒന്നിന്റെ നേതാവാണെന്നു പോലിസ് പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക