|    Nov 19 Mon, 2018 3:01 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

Published : 14th August 2018 | Posted By: kasim kzm

കൊല്‍ക്കത്ത: ലോക്‌സഭാ മുന്‍ സ്പീക്കറും ഇടതു നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (85) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായി. 40 ദിവസം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ അദ്ദേഹത്തെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വീട്ടിലേക്കു മടക്കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു.
10 തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് ചാറ്റര്‍ജി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004-08 കാലയളവിലാണ് സ്പീക്കറായത്. യുപിഎ സര്‍ക്കാരിനുള്ള സിപിഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് സോമനാഥ് ചാറ്റര്‍ജിയോട് സ്പീക്കര്‍ പദവിയില്‍ നിന്ന് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിച്ചു. തുടര്‍ന്ന് 2005ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
അഭിഭാഷകനായിരുന്ന നിര്‍മല്‍ ചാറ്റര്‍ജിയുടെയും ബീണാപാണി ദേവിയുടെയും മകനായി അസമിലെ തേജ്പൂരില്‍ 1929ലാണ് ജനനം. കൊല്‍ക്കത്ത പ്രസിഡന്‍സി കോളജ്, കൊല്‍ക്കത്ത സര്‍വകലാശാല, കാംബ്രിജ് ജീസസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1971ല്‍ സിപിഎം പിന്തുണയോടെയുള്ള സ്വതന്ത്ര ലോക്‌സഭാ എംപിയായാണ് പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. രേണു ചാറ്റര്‍ജിയാണ് ഭാര്യ. പ്രതാപ് ചാറ്റര്‍ജി, അനുരാധ, അനുഷില എന്നിവരാണ് മക്കള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss