|    Aug 14 Tue, 2018 7:55 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സോണിയക്കും രാഹുലിനും ജാമ്യം

Published : 20th December 2015 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മോത്തിലാല്‍ വോറ തുടങ്ങിയ നേതാക്കള്‍ക്ക് ഡല്‍ഹിയിലെ പാട്യാല കോടതി ജാമ്യം നല്‍കി. ഒരുതരത്തിലുള്ള ഉപാധികളും കൂടാതെയാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എം എന്‍ ലൗലീന്‍ ജാമ്യം അനുവദിച്ചത്. കോണ്‍ഗ്രസ് നേതാക്കളെ റിമാന്‍ഡ് ചെയ്യണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി.
അമ്പതിനായിരം രൂപയുടെ ബോണ്ടിലും ആള്‍ജാമ്യത്തിലുമാണ് ജാമ്യം നല്‍കിയത്. സോണിയാഗാന്ധിക്കു വേണ്ടി എ കെ ആന്റണിയും രാഹുലിനു വേണ്ടി സഹോദരി പ്രിയങ്കയുമാണ് ജാമ്യം നിന്നത്. കേസില്‍ ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ ദുബെ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. മറ്റൊരു പ്രതി സാം പിത്രോദ അനാരോഗ്യം മൂലം ഹാജരായില്ല. മോത്തിലാല്‍ വോറയ്ക്കു വേണ്ടി അജയ് മാക്കനും സുമന്‍ ദുബെയ്ക്കു വേണ്ടി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനു വേണ്ടി ഗുലാം നബി ആസാദും ജാമ്യം നിന്നു. കേസ് ഫെബ്രുവരി 20നു വീണ്ടും പരിഗണിക്കും.
ഇന്നലെ 3 മണിക്ക് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതു പ്രകാരം 2.47നു തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയിലെത്തി. 2.55നു കോടതി നടപടികള്‍ ആരംഭിച്ചു. നിശ്ചിത സമയത്തിനും അഞ്ചു മിനിറ്റു മുമ്പേ തുടങ്ങിയ നടപടിക്രമങ്ങള്‍ അഞ്ചു മിനിറ്റു കൊണ്ടുതന്നെ അവസാനിച്ചു.
ഹരജിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമിയും കോടതിയില്‍ ഹാജരായിരുന്നു. സോണിയക്കും രാഹുലിനും ജാമ്യം നല്‍കരുത്, ജാമ്യം ലഭിച്ചാല്‍ ഇവര്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ട്, ഇങ്ങനെ അപ്രത്യക്ഷരാകുന്ന സ്വഭാവം ഇവര്‍ക്കുണ്ട്, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഇവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിടണമെന്നും സ്വാമി ആവശ്യപ്പെട്ടു. എന്നാല്‍, സ്വാമിയുടെ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. കോണ്‍ഗ്രസ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിയാണ്. ശക്തമായ അടിവേരുള്ള പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ കേസിനെ ഭയന്ന് നാടു വിട്ടുപോവുമെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍, ശക്തമായ ഉപാധി വേണമെന്നു സ്വാമി ആവശ്യപ്പെട്ടെങ്കിലും കോടതി അക്കാര്യവും അംഗീകരിച്ചില്ല.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഷീല ദീക്ഷിത്, അഹ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളും കോടതിയിലെത്തിയിരുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കും മകള്‍ക്കുമൊപ്പം പ്രിയങ്കാഗാന്ധിയും കോടതിയിലെത്തി. മുന്‍ കേന്ദ്ര നിയമമന്ത്രി കപില്‍ സിബല്‍, അഭിഷേക് മനു സിങ്‌വി എന്നിവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്.
അതേസമയം, കേസില്‍ കോടതി നേരത്തെ നടത്തിയ പ്രതികൂല പരാമര്‍ശം നീക്കാന്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss