|    Aug 21 Mon, 2017 5:19 pm
FLASH NEWS

സോജന്‍ ഇനി ഓട്ടോറിക്ഷയുമായി നിരത്തില്‍ ഇറങ്ങണമെങ്കില്‍ കായികമേള സമാപിക്കണം

Published : 24th November 2016 | Posted By: SMR

ചാലക്കുടി: നാട്ടികയിലെ ഓട്ടോ ഡ്രൈവറായ എടപ്പിള്ളി വീട്ടില്‍ സോജന്‍ ഇനി ഓട്ടോ ഓടിക്കണമെങ്കില്‍ സംസ്ഥാന കായികമേള സമാപിക്കണം. കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും അവരെ കായികമേള നടക്കുന്ന വേദികളിലെത്തിക്കാനുമുള്ള തിരക്കിലാണ്  ഈ സ്‌പോട്‌സ് പ്രേമി. ഉപജീവനമാര്‍ഗമായ ഓട്ടോ പണി ഉപേക്ഷിച്ചാണ് പ്രതിഫലം പോലും ഇല്ലാതെ സോജന്‍ ഈ പണിക്കിറങ്ങുന്നത്. ചാലക്കുടി കാര്‍മല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റവന്യൂ ജില്ലാ കായികമേളയിലും പതിവ് തെറ്റിക്കാതെ സോജന്‍ വിദ്യാര്‍ഥികളുമായി എത്തി. ചെറുപ്പം മുതലെ സ്‌പോര്‍ട്‌സിനോട് കമ്പമായിരുന്നു. സാമ്പത്തിക പരാതീനത മൂലം സ്‌പോര്‍ട്‌സ് രംഗത്തെത്താനായില്ല. എന്നാല്‍ തനിക്ക് കഴിയാഞ്ഞത് സ്വന്തം മക്കളിലൂടെ നേടി സായൂജമണയുകയാണ് ഈ സ്‌പോട്‌സ് പ്രേമി. ജൂനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ഓട്ടമല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഏന്‍സി സോജന്റെ രണ്ടാമത്തെ മകളാണ്. ലോങ് ജംപ് മല്‍സരത്തിലും ഏന്‍സിക്കായിരുന്നു ഒന്നാം സ്ഥാനം. മകന്‍ ഡൊമനിക് പരിക്ക് മൂലം ഇത്തവണ ട്രാക്കിലിറങ്ങിയില്ല. മറ്റൊരു മകള്‍ അഞ്ജലി സബ്ജില്ലാ തലത്തിലും താരമാണ്. നാട്ടിക ഫിഷറീസ് ഗവ.സ്‌കൂളിലെ സ്‌പോട്‌സ് അക്കാദമിയിലെ ടീം മാനേജര്‍ കൂടയാണ് സോജന്‍. പതിനേഴ് പേര്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്. രാവിലെ 5ന് ആരംഭിക്കുന്ന പരിശീലനത്തിന് ദൂരെയുള്ള കുട്ടികളെ ഗ്രൗണ്ടിലെത്തിക്കുന്നത് സോജന്റെ ഓട്ടോയിലാണ്. ഓട്ട പരിശീലനത്തിനായി സ്‌കൂളില്‍ ഗ്രൗണ്ടില്ലാത്തതിനാല്‍ കിലോമീറ്ററോളം താണ്ടി വലപ്പാട് ഗവ. സ്‌കൂളിലാണ് പരിശീലനം. രണ്ടുവര്‍ഷം മുമ്പ് സ്‌കൂള്‍ ഗ്രൗണ്ടിന്റെ നിര്‍മാണത്തിനായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഗ്രൗണ്ട് ഉയര്‍ത്തി കാനകള്‍ നിര്‍മിച്ച് എട്ട് ട്രാക്ക് ഗ്രൗണ്ടാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ആ പ്രഖ്യാപനം ഇപ്പോഴും വാക്കുകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്നും സോജന്‍ പറയുന്നു. റവന്യു ജില്ലാ മേള കഴിഞ്ഞാലും സോജന് വിശ്രമമില്ല. സംസ്ഥാന മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കുട്ടികളെ ഒരുക്കണം. ഓട്ടോക്കാരന്‍ സോജന് ഇനി വിശ്രമിക്കണമെങ്കില്‍ സംസ്ഥാന മേള കഴിയണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക