|    Jan 22 Sun, 2017 3:32 pm
FLASH NEWS

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

Published : 17th September 2016 | Posted By: SMR

എച്ച് സുധീര്‍

പത്തനംതിട്ട: സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം വര്‍ധിച്ചതോടെ സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നു. വ്യാജ പ്രൊഫൈലുകള്‍, മൊബൈല്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ മുഖേന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമം, ഓണ്‍ലൈന്‍ പെണ്‍വാണിഭം, മയക്കുമരുന്നു കടത്ത്, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നിവ ദിനംപ്രതി വര്‍ധിക്കുകയാണ്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്നാണ് ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആന്ധ്രപ്രദേശ്, കര്‍ണാടക, യുപി സംസ്ഥാനങ്ങളും സൈബര്‍ തട്ടിപ്പില്‍ മുന്‍നിരയിലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മാത്രം 182 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 36,66,91,033 രൂപയും 54,500 ഡോളറുമാണ് ഓണ്‍ലൈന്‍ കള്ളന്മാര്‍ തട്ടിയെടുത്തത്. 2016 മെയ് മാസത്തിനു ശേഷമുള്ള കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ തട്ടിപ്പിന്റെ തോത് ഇനിയും ഉയരും.
ഇത്രയും കേസുകളില്‍ 46 എണ്ണത്തില്‍ മാത്രമാണ് പ്രതികളെ പിടികൂടാനായത്. ഇതേ കാലയളവില്‍ 25 ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുകളും 371 ലൈംഗികാതിക്രമക്കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം കേസുകളിലെയും പ്രതികളെ ഇനിയും പിടികൂടാനായില്ലെന്നതും പോലിസിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലാണ് സൈബര്‍ കേസുകള്‍ കൂടുതലായും റിപോര്‍ട്ട് ചെയ്യുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരകളാവുന്നവരില്‍ ഏറെയും പെണ്‍കുട്ടികളും വീട്ടമ്മമാരുമാണെന്ന് പോലിസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.
ഫോണ്‍, ഇ-മെയില്‍ ബന്ധമുള്ള കുറ്റകൃത്യങ്ങളില്‍ കുറവു കാണിക്കുന്നുണ്ട്.  കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാപ്രവണത വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണവും സൈബര്‍ കുരുക്കുകളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ മാസവും രാജ്യത്ത് ശരാശരി 13,000ലേറെ സൈബര്‍ കേസുകളാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 21 ശതമാനവും സൈബര്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്ന പെണ്‍കുട്ടികളാണ്. സൈബര്‍ കുറ്റകൃത്യം തടയുന്നതിനായി സംസ്ഥാനത്ത് ജില്ലാതല സൈബര്‍ സെല്ലുകളും ഒരു സൈബര്‍ പോലിസ് സ്‌റ്റേഷനും ഒരു ഹൈടെക് സെല്ലുമാണ് പ്രവര്‍ത്തിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക