|    Jul 28 Fri, 2017 4:29 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ മുന്നറിയിപ്പ്

Published : 24th July 2016 | Posted By: sdq

ദോഹ: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. ഹാക്കര്‍മാര്‍ തെറ്റായ മേല്‍വിലാസം ഉണ്ടാക്കി ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വിലപ്പെട്ട രഹസ്യ വിവരങ്ങള്‍ തട്ടിയെടുക്കുന്നത് വ്യാപകമായിരിക്കുകയാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ചിത്രങ്ങള്‍, വീഡിയോകള്‍, ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ കംപ്യൂട്ടറില്‍ സൂക്ഷിക്കുന്നവര്‍ ഇന്റര്‍നെറ്റ് ബന്ധം സൂക്ഷിക്കണം. ചാറ്റ്‌റൂം, മൊബൈല്‍ ഫോണ്‍, ബ്ലോഗ്, ഇ മെയില്‍ എന്നിവയിലൂടെയാണ് ഹാക്കര്‍മാര്‍ ഇരകളെ വീഴ്ത്തുന്നത്. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതായി അധികൃതര്‍ പറയുന്നു. ഓണ്‍ലൈനില്‍ സ്വകാര്യ വിവരങ്ങളും വിഡിയോകളും ഫോട്ടോകളും അപ്ലോഡ് ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് സുരക്ഷിതത്വത്തിലേക്കുള്ള ഏറ്റവും നല്ല വഴി. ഇന്‍ബോക്സില്‍ സംശയകരമായ സന്ദേശങ്ങളും മെയിലുകളും കണ്ടാല്‍ തുറക്കരുത്. പാസ്വേര്‍ഡ് ഒരിക്കലും മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കരുത്. കുട്ടികളുടെ കംപ്യൂട്ടര്‍ ഉപയോഗം മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്റര്‍നെറ്റിന് പിന്നിലെ ദോഷങ്ങളെ കുറിച്ച് അവരെ ബോധവല്‍ക്കരിക്കണം. കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് എന്താണെന്നും എന്താണ് കിട്ടിയതെന്നും ദിവസവും ചോദിച്ചറിയുക. ചെറുപ്പക്കാരാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും. സ്വന്തം ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുന്ന ശീലം മാറ്റുന്നതാണ് സുരക്ഷിതം. പാസ്വേര്‍ഡ് അക്കങ്ങളും അക്ഷരങ്ങളും കൂട്ടി കലര്‍ത്തി മാത്രം തയ്യാറാക്കുക. അത് ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കുക. വ്യാജ മേല്‍വിലാസമോ അപരനാമമോ ഉപയോഗിച്ച് സൈബര്‍ കുറ്റം നടത്തിയാല്‍ പിടിക്കാന്‍ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ചിലര്‍ വ്യാജപ്പേരും വ്യാജ വെബ്സൈറ്റുകളും ഉപയോഗിച്ച് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിക്കുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. പിടിക്കപ്പെടുകയില്ലെന്ന ധാരണയില്‍ വ്യാജപ്പേരുകളും അപരനാമങ്ങളും ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ കുറ്റകൃത്യം ചെയ്യുന്നത്. എന്നാല്‍ ഇത്തരം കുറ്റവാളികളെ അനായാസം പിടികൂടാനാകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
സൈബര്‍ കുറ്റകൃത്യം തടയുന്നതിനും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനും സഹായകമായ വിധത്തില്‍ സൈബര്‍ നിയമം നടപ്പായിട്ടുണ്ട്. സുപ്രധാനമായ വിവരങ്ങളുടെ സംരക്ഷണം, സ്വകാര്യത സംരക്ഷിക്കല്‍, ഇന്റര്‍നെറ്റ് ദുരുപയോഗിച്ച് മറ്റുള്ളവരെ അപഹസിക്കുന്നവര്‍ക്കെതിരെ നടപടി എന്നിവ ഉറപ്പുവരുത്താന്‍ സൈബര്‍ നിയമം സഹായകമാണ്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുന്നവരെ കുടുക്കാന്‍ ചില പെണ്‍കുട്ടികളെയാണ് സംഘം ഉപയോഗിക്കുന്നത്. പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങള്‍ കുരുക്ക് തയ്യാറാക്കുന്നത്. പെണ്‍കുട്ടികളുമായി ചങ്ങാത്തത്തിലാകുന്നതോടെ ഇവര്‍ തമ്മില്‍ രഹസ്യ വിവരങ്ങളും ദൃശ്യങ്ങളും കൈമാറുന്നു. രഹസ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം ആവശ്യപ്പെടുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള വീഡിയോ ഫോണ്‍ വിളികള്‍ക്ക് പല ഗുണങ്ങളും ഉണ്ട്. എന്നാല്‍, അതേസമയം അത് അപകടകാരിയുമാണ്. വീഡിയോ ഫോണ്‍വിളികള്‍ കംപ്യൂട്ടര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് എളുപ്പത്തില്‍ റെക്കോഡ് ചെയ്യാനാകും. കംപ്യൂട്ടറിലെയും മൊബൈലിലെയും രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഉപകരണങ്ങള്‍ നശിപ്പിക്കാനും എളുപ്പമാണ്. ഇത്തരത്തില്‍ റെക്കോഡ് ചെയ്യാന്‍ പല സോഫ്റ്റ്വെയറും ലഭ്യമാണ്. എന്നാല്‍, ഇത്തരം സംവിധാനങ്ങളെ മറികടക്കാനുള്ള സോഫ്റ്റ്വെയറും ലഭ്യമാണ്. പലപ്പോഴും അത് അറിയുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.
ഭാര്യയും ഭര്‍ത്താവും തമ്മിലും കുട്ടികള്‍ക്കിടയിലും നടത്തുന്ന വീഡിയോ കോള്‍ റെക്കോഡ് ചെയ്ത് ദുരുപയോഗിക്കുന്നത് കൂടുകയാണെന്ന് കേസുകളുടെ എണ്ണം വ്യക്തമാക്കുന്നു.
പ്രധാനപ്പെട്ട രഹസ്യ വിവരങ്ങള്‍ ഒന്നും സാമൂഹിക മാധ്യമം വഴിയോ ഇന്റര്‍നെറ്റ് വഴിയോ കൈമാറരുത്. സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ വിലാസത്തില്‍ മെയില്‍ ഐഡികള്‍ സൃഷ്ടിച്ച് തട്ടിപ്പ് നടത്തുന്ന പുരുഷന്മാരും ഈ രംഗത്തുണ്ട്. സൗഹൃദം തേടിയുള്ള സന്ദേശങ്ങള്‍ വഴിയാണ് തട്ടിപ്പുകളെല്ലാം തുടങ്ങുന്നത്.
കണ്ട് സംസാരിക്കാനുള്ള (വീഡിയോ കോള്‍) സംവിധാനം ഉപയോഗിക്കുന്നവര്‍ കംപ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നവരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഫോണ്‍ വിളിക്കുന്നവരുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന കേസുകള്‍ കൂടി വരുന്നതിനെ തുടര്‍ന്നാണിത്. സ്വദേശികള്‍ക്ക് പുറമെ വിദേശികളും ഇത്തരം ചാരന്‍മാരുടെ പിടിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക