|    Mar 20 Tue, 2018 1:05 pm
FLASH NEWS

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ സൈബര്‍ ഡോം പ്രവര്‍ത്തനമാരംഭിച്ചു; തമിഴ് പടം തെരിയുടെ വ്യാജപതിപ്പ് തടഞ്ഞു

Published : 1st May 2016 | Posted By: SMR

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും സംസ്ഥാന പോലിസ് ആരംഭിച്ച സൈബര്‍ ഡോം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി അനക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിജയ് ചിത്രമായ തെരിയുടെ ഇന്റര്‍നെറ്റിലെത്തിയ വ്യാജപതിപ്പ് തടഞ്ഞുകൊണ്ടാണ് സൈബര്‍ ലോകത്തേക്ക് സൈബര്‍ ഡോം കാലുകുത്തിയിരിക്കുന്നത്.
സാമൂഹികമാധ്യമങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക, സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ ഹാക്കിങ്, പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റിലിറങ്ങുന്നത് തടയുക എന്നിവയിലാണ് സൈബര്‍ ഡോം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിജയ് ചിത്രമായ തെരി ചിത്രം റിലീസ് ആയ ദിവസം തന്നെ ടോറന്റ് എന്ന വെബ്‌സൈറ്റിലെത്തിയിരുന്നു. തുടര്‍ന്ന് ടോറന്റിനോട് ഇത് പിന്‍വലിക്കാന്‍ സൈബര്‍ഡോം ആവശ്യപ്പെടുകയായിരുന്നു.
പുതുതായി റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ചിത്രം വെബ്‌സൈറ്റിലിടുന്നത് തടയാനാവും. സൈബര്‍ ട്രാക്ക് എന്ന സോഫ്റ്റ് വെയറാണ് ഇതിന് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ അപാകതകള്‍ കണ്ടെത്തുന്നതിനും തുടക്കത്തില്‍ തന്നെ സൈബര്‍ ഡോം ശ്രദ്ധ ചെലുത്തുന്നുണ്ട്. കുസാറ്റ്, കാര്‍ഷിക വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ വെബ്‌സൈറ്റുകളിലെ ചില സാങ്കേതിക പിഴവുകള്‍ കണ്ടെത്തി അവ പരിഹരിക്കാന്‍ ഇതിനോടകം തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സൈബര്‍ ഡോം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതോടൊപ്പം സാമൂഹികമാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിലാണ്. നൂറോളം വോളന്റിയര്‍മാരും ഇതിന് പിന്നിലുണ്ട്. ഈ വര്‍ഷം ഫെബ്രുവരി മാസം അവസാനത്തോടെയാണ് സൈബര്‍ ഡോം പ്രവര്‍ത്തനമാരംഭിച്ചത്. 2500 ചതുരശ്രയടി വിസ്തീര്‍ണ ത്തില്‍ ടെക്‌നോപാര്‍ക്കിലെ തേജസ്വിനി അനക്‌സിലാണ് പ്രവര്‍ത്തനം. 12 പോലിസ് ഓഫിസര്‍മാരും മറ്റ് സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്നുള്ള 22 പേരും മാത്രം തേജസ്വിനി അനക്‌സിലെ ഓഫിസിലിരുന്ന് ജോലി ചെയ്യും.
ഇതേസമയം രാജ്യത്തിനകത്തും പുറത്തുമുള്ള 470ഓളം പേര്‍ ഓണ്‍ലൈനില്‍ പദ്ധതിയുമായി സഹകരിക്കും. ഇവരെല്ലാം സന്നദ്ധസേവനമാണ് പോലിസിന് നല്‍കുന്നത്. വിശദ പരിശോധനകള്‍ക്ക് ശേഷമാണ് പോലിസ് വകുപ്പിന് പുറത്തുള്ളവരെ സൈബര്‍ ഡോമില്‍ സഹകരിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി ചെയര്‍പേഴ്‌സണായുള്ള ഗവേണിങ് കൗണ്‍സിലും എഡിജിപി (െ്രെകംസ്) ചെയര്‍മാനായുള്ള പദ്ധതി നിര്‍വഹണ ബോര്‍ഡുമാണ് സൈബര്‍ ഡോമിന്റെ നയങ്ങളും പ്രവര്‍ത്തന രീതികളും തീരുമാനിക്കുന്നത്. അതേസമയം സൈബര്‍ ഡോമിന്റെ യാഥാര്‍ത്ഥ ലക്ഷ്യം നവമാധ്യമങ്ങളിലെ സാമൂഹിക ഇടപെടലുകള്‍ തടയാനാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. സൈബര്‍ ഡോമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളില്‍ ഇന്റര്‍നെറ്റ് നിരീക്ഷണമെന്ന സാധ്യതയും ഉയരുന്നുണ്ട്.
ഐടി ആക്ടിലെ 66 എയും കേരളാ പൊലീസ് ആക്ടിലെ 188ഡിയും സുപ്രീംകോടതി റദ്ദാക്കിയതു മൂലം സൈബര്‍ ഡോമിന് ഇത്തരം നിയമപരിരക്ഷയില്ലെന്ന് നിയമവിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. സൈബര്‍ ഡോമെന്നത് ഏത് നിയമത്തിന്റെ കീഴിലാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയതെന്ന് വ്യക്തമല്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss