|    Jun 23 Sat, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് അഭ്യൂഹം ; വാനാക്രൈയുടെ ആദ്യപതിപ്പിന് ലാസറസ് ഗ്രൂപ്പുമായി സാമ്യം

Published : 17th May 2017 | Posted By: fsq

 

വാഷിങ്ടണ്‍: ലോകവ്യാപകമായി കനത്ത നാശംവിതച്ച സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് അഭ്യൂഹം. സൈബര്‍ സുരക്ഷാ വിദഗ്ധരാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. വാനാക്രൈ വൈറസും ദക്ഷിണ കൊറിയ നടത്തുന്ന ഹാക്കിങ് ശ്രമങ്ങളും തമ്മില്‍ സമാനതകളുണ്ടെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു. വാനാക്രൈയുടെ ആദ്യപതിപ്പിന് ഉത്തര കൊറിയയുടെ ഹാക്കിങ് ഓപറേഷനായ ലാസറസ് ഗ്രൂപ്പുമായി സാമ്യമുണ്ടെന്ന് റഷ്യയിലെ കാസ്പര്‍സ്‌കൈ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ കേന്ദ്രമായ ഇന്റസര്‍ലാബ്‌സും ഇതേ സൂചനതന്നെയാണ് നല്‍കുന്നത്. സിമാന്റകും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. വാനാക്രൈയെ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആക്രമണം വഴി ഹാക്കര്‍മാര്‍ ഏഴ് ലക്ഷം മില്യണ്‍ ഡോളര്‍ കൈക്കലാക്കിയെന്നാണ് കണക്ക്. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് ഈ കണക്ക് പുറത്തുവിട്ടത്. അതിനിടെ, യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ വീഴ്ചയാണ് സൈബര്‍ ആക്രമണത്തിന് ഇടയാക്കിയതെന്ന ആരോപണങ്ങള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസേര്‍ട്ട് തള്ളി. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണ് നേരത്തേ യുഎസിനെതിരേ ആരോപണം ഉന്നയിച്ചത്. ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമായിരുന്നു ഉണ്ടായിരുന്നത്. ബിറ്റ്‌കോയിന്‍ വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്. പ്രധാനമായും റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ആയിരുന്നു റാന്‍സംവെയര്‍ പോറലേല്‍പ്പിച്ചത്. അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെയും യുഎസിലെയും യൂറോപ്പിലെയും സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു.ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവയെയും ആക്രമണം ബാധിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss