|    Oct 19 Fri, 2018 3:36 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സൈബര്‍ഡോമിന് ഐഎസ്ഒ അംഗീകാരം

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: മികവുറ്റ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കുന്നതിനുള്ള ഐഎസ്ഒ 27001:2013 അംഗീകാരം കേരളാ പോലിസിന്റെ സൈബര്‍ഡോമിന് ലഭിച്ചു. ഒരു നിയമനിര്‍വഹണ യൂനിറ്റിന് ഇന്ത്യയില്‍ ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. സൈബര്‍ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഏജന്‍സികളും പാലിക്കേണ്ട സെക്യൂരിറ്റി മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കുന്നതിനുള്ള അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡാണ് ഐഎസ്ഒ 27001:2013.ഇന്നു തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബില്‍ നടക്കുന്ന സൈബര്‍ ഫെസ്റ്റ് 2017 പരിപാടിയോടനുബന്ധിച്ച് അംഗീകാര പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.കുട്ടികളില്‍ സൈബര്‍ അവബോധം വളര്‍ത്തുന്നതിനുള്ള മൊബൈല്‍ ആപ്പ്, മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കുമായി സൈബര്‍ഡോം വികസിപ്പിച്ചെടുത്ത വെബ് ആപ്ലിക്കേഷന്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സൈബര്‍ഡോമിന്റെ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍ക്കുള്ള മെഡലുകളും വിതരണം ചെയ്യും. കുട്ടികളുടെ സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ചു കേരള പോലിസ് എസ്പി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ രചിച്ച ‘നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ?’ എന്ന പുസ്തകത്തിന്റെ പ്രകാശനം എന്നിവയും മുഖ്യമന്ത്രി നിര്‍വഹിക്കും. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത് വിശിഷ്ടാതിഥിയായിരിക്കും. ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വാഗതം ആശംസിക്കും. ഡിജിപി ക്രൈംസ് എ ഹേമചന്ദ്രന്‍, ടെക്‌നോപാര്‍ക്ക്  സിഇഒ ഹൃഷികേശ് നായര്‍, സൗത്ത് സോണ്‍ എഡിജിപി ഡോ. ബി സന്ധ്യ, ജി-ടെക് ചെയര്‍മാന്‍ കെ നന്ദകുമാര്‍ ആശംസയര്‍പ്പിക്കും. തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ഡോം നോഡല്‍ ഓഫിസറുമായ മനോജ് എബ്രഹാം നന്ദി പ്രകാശിപ്പിക്കും.കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വൈകീട്ട് 4 മുതല്‍ 5.30 വരെ കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ എന്ന വിഷയത്തില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ പോള്‍ അമല്‍രാജ്, കേരള യൂനിവേഴ്‌സിറ്റി ബയോ ഇന്‍ഫോമാറ്റിക്‌സ് വിഭാഗം മേധാവി ഡോ. അച്യുത്ശങ്കര്‍ എസ് നായര്‍ എന്നിവരുടെ ക്ലാസും നടക്കും. പ്രവേശനം സൗജന്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss