|    Jun 29 Thu, 2017 4:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സൈന്യത്തിന്റെ രാഷ്ട്രീയ ഉപയോഗം തടയണമെന്ന ഹരജി തള്ളി

Published : 29th October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സൈന്യത്തെ ഉപയോഗിക്കുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാരിനെ വിലക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണു സൈന്യം പ്രവര്‍ത്തിക്കേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനു സൈന്യത്തിനുമേല്‍ നിയന്ത്രണം ഉണ്ടായിരുന്നില്ലെങ്കില്‍ ഈ രാജ്യം എന്നോ പട്ടാളഭരണത്തിനു കീഴിലാവുമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും സര്‍ക്കാര്‍ ഇടപെടരുതെന്നു നിര്‍ദേശം നല്‍കണമെന്നും രാഷ്ട്രീയാവശ്യങ്ങള്‍ക്കായി സൈന്യത്തെ ഉപയോഗിക്കുന്നതില്‍ നിന്നു സര്‍ക്കാരിനെ വിലക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ എം എല്‍ ശര്‍മയാണു ഹരജി നല്‍കിയത്. പരമോന്നത സൈനിക മേധാവിയായ രാഷ്ട്രപതിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ മാത്രമേ സൈന്യത്തിനു ബാധ്യതയുള്ളൂവെന്നും പാക്കധീന കശ്മീരിലെത്തി ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ഹരജിക്ക് ഒരു പ്രസക്തിയുമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സൈനികനടപടികളെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതു തടയണമെന്നും എം എല്‍ ശര്‍മ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിലെന്താണു വ്യക്തിതാല്‍പര്യമെന്നു കോടതി ചോദിച്ചു. സൈന്യം സര്‍ക്കാരിനെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അതിനാല്‍ ഹരജി നില്‍ക്കുന്നതല്ലെന്നും ഇതു തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക