|    Dec 18 Tue, 2018 12:35 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സൈന്ധവ തീരവും ദ്രാവിഡരും

Published : 29th November 2018 | Posted By: kasim kzm

റോമിലാ ഥാപര്‍

തിങ്കളാഴ്ച രാവിലെയാണ് ഐരാവതം മഹാദേവന്‍ അന്തരിച്ച വിവരം ഞാന്‍ അറിയുന്നത്. അത് എന്നെ വളരെ ദുഃഖിതയാക്കിയ വാര്‍ത്തയായിരുന്നു. ജാനി എന്നു സുഹൃത്തുക്കള്‍ വിളിക്കുന്ന മഹാദേവന്‍ അസാധാരണ പ്രതിഭ ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയായിരുന്നു. അദ്ദേഹം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലാണ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചതെങ്കിലും ഇന്ത്യാ ചരിത്രപഠനരംഗത്ത് വലിയ സംഭാവനകള്‍ അര്‍പ്പിച്ച പണ്ഡിതനായിരുന്നു.
1968ലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഇന്ത്യാ പഠനവിഭാഗത്തിലെ പണ്ഡിതനായ അസ്‌കോ പര്‍പോള രചിച്ച ഒരു കൃതിയുടെ കോപ്പി എന്റെ കൈവശം ഉണ്ടായിരുന്നു. സൈന്ധവ നദീതടങ്ങളില്‍ കണ്ടെത്തിയ പ്രാചീന ലിഖിതങ്ങള്‍ വായിച്ചെടുക്കാനുള്ള പര്‍പോളയുടെ പഠനങ്ങളുടെ ആദ്യഫലമായിരുന്നു ആ ചെറിയ കൃതി. എന്റെ കൈവശം അതിന്റെ കോപ്പിയുണ്ടെന്ന വാര്‍ത്ത പണ്ഡിതവൃത്തങ്ങളില്‍ അധികം വൈകാതെ പ്രചരിച്ചു. പലരും അത് എന്റെ കൈയില്‍ നിന്നു കടം വാങ്ങാനായി എന്നെ സമീപിക്കുകയും ചെയ്തു. അന്ന് ഫോട്ടോകോപ്പിയെടുക്കുന്ന സമ്പ്രദായമൊന്നും ഇല്ലാത്ത കാലമാണ്. അങ്ങനെ വിളിച്ച കൂട്ടത്തില്‍ ഒരാളായിരുന്നു ഐരാവതം മഹാദേവന്‍.
ഡല്‍ഹിയിലെ പ്രശസ്തമായ മോഡേണ്‍ ബേക്കറിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. ഒഴിവുവേളകളില്‍ പ്രാചീന ശിലാരേഖാ പഠനവും സൈന്ധവ ലിപി പഠനവും തന്റെ വിനോദമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍, വെറുതെ സമയം കളയാനുള്ള പരിപാടിയായിരുന്നില്ല അത്. ഗൗരവത്തോടെയാണ് താന്‍ ഈ പഠനമേഖലയെ സമീപിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ആവശ്യം ലളിതമായിരുന്നു. എന്റെ വീട്ടില്‍ വന്ന് ആ പുസ്തകം ഒന്നു പരിശോധിക്കണം; അതിനായി സൗകര്യം തരണം എന്നായിരുന്നു അഭ്യര്‍ഥന. അത് തീര്‍ത്തും ന്യായമായ ഒരു ആവശ്യമായതിനാല്‍ ഞാന്‍ അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിച്ചു.
അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് ഇന്ത്യന്‍ പുരാലിഖിത പഠനമേഖലയിലും ദ്രവീഡിയന്‍, ഇന്തോ-ആര്യന്‍ ഭാഷാപഠന മേഖലയിലും അദ്ദേഹത്തിനുള്ള അഗാധ ജ്ഞാനം എനിക്ക് ബോധ്യമായത്. അക്കാദമിക രംഗത്തെ പല പ്രമുഖരേക്കാള്‍ ഇക്കാര്യങ്ങളില്‍ നിഷ്ണാതനായിരുന്നു മഹാദേവന്‍. അങ്ങനെയാണ് അദ്ദേഹത്തിന്റെ പഠനമേഖലകളെക്കുറിച്ച് ഞങ്ങള്‍ ഇടയ്ക്കിടെ സംസാരിക്കാന്‍ തുടങ്ങിയത്. അദ്ദേഹം പലപ്പോഴും എന്റെ പഠനങ്ങളെക്കുറിച്ചും സിദ്ധാന്തങ്ങളെക്കുറിച്ചും ഫോണില്‍ വിളിച്ച് ദീര്‍ഘനേരം സംസാരിക്കുന്ന പതിവും ഉണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹവും കുടുംബവും ഞങ്ങളുമായി വലിയ അടുപ്പത്തിലായത്. അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഇഡ്‌ലി ഗംഭീരമായി ഉണ്ടാക്കുമായിരുന്നു; പല ഞായറാഴ്ചകളിലും ഞാനും അമ്മയും അവരുടെ കൂടെ പ്രഭാതഭക്ഷണത്തിന് കൂടുകയും ചെയ്യുന്നത് പതിവായി.
രണ്ടു പ്രധാന മേഖലകളിലായിരുന്നു അദ്ദേഹത്തിനു താല്‍പര്യം: ഒന്ന്, ബ്രഹ്മി ലിപി തമിഴായി രൂപാന്തരപ്പെട്ടുവന്ന രീതി. ഇതിനു തമിഴ് ബ്രഹ്മി എന്നാണ് പേരു പറയുന്നത്. ദക്ഷിണേന്ത്യയില്‍ പലേടത്തും ഈ ലിപിയിലുള്ള ശിലാലിഖിതങ്ങള്‍ ധാരാളമായി ചിതറിക്കിടന്നിരുന്നു. രണ്ടാമത്, സൈന്ധവ തീരത്തു നിന്നു കണ്ടെത്തിയ ചിത്രലിപികള്‍ സംബന്ധിച്ച പഠനം. സിന്ധുനദീതടതീരത്തെ ഉദ്ഖനനങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി മുദ്രകള്‍ ലഭ്യമായിട്ടുണ്ട്. ഇതിനെ സൈന്ധവ ലിപി എന്നാണ് പണ്ഡിതന്‍മാര്‍ വിളിക്കുന്നത്.
ആദ്യത്തെ പഠനമേഖല താരതമ്യേന എളുപ്പമായിരുന്നു. കാരണം, ഇന്നത്തെ തമിഴിന്റെ പ്രാഗ്‌രൂപമാണ് ഈ ബ്രഹ്മി ലിപിയെന്ന് കണ്ടെത്തിക്കഴിഞ്ഞിരുന്നു. അതിനാല്‍, തമിഴ് ബ്രഹ്മി ലിഖിതങ്ങള്‍ വായിച്ചെടുക്കാന്‍ അത്ര പ്രയാസമുണ്ടായിരുന്നില്ല. പ്രധാനമായും പഴയ രാജാക്കന്‍മാരുടെയും മറ്റും പേരുകളും അവര്‍ നല്‍കിയ സംഭാവനകളുമാണ് ലിഖിതങ്ങളില്‍ ഉണ്ടായിരുന്നത്. അവ തമിഴിലെ ആദ്യകാല ലിഖിതങ്ങള്‍ ആയിരുന്നു എന്നതാണ് അവയുടെ പ്രാധാന്യം. ക്രിസ്ത്വാബ്ദം തുടങ്ങുന്നതിന് ഏറെ മുമ്പാണ് ഇത്തരം ലിഖിതങ്ങള്‍ ആരംഭിച്ചത്. ക്രിസ്ത്വാബ്ദം ആദ്യ നൂറ്റാണ്ടുകളില്‍ അത് തുടരുകയും ചെയ്തു.
ലിഖിതങ്ങള്‍ പാറകളില്‍ കൊത്തിവച്ചതായിരുന്നു. അതില്‍ കണ്ട പേരുകളും അവ നിലനിന്ന പ്രദേശങ്ങളും ചരിത്രപരമായി പ്രധാനമായിരുന്നു. അത്തരം ലിഖിതങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്താനായി മഹാദേവന്‍ ദക്ഷിണേന്ത്യയിലെങ്ങും യാത്ര ചെയ്തിട്ടുണ്ട്. തന്റെ കണ്ടെത്തലുകളും ലിഖിത പരിഭാഷയും 1966ല്‍ അദ്ദേഹം സുപ്രധാനമായ ഒരു പുസ്തകമായി പുറത്തിറക്കി. ‘ആദിമ കാലം മുതല്‍ ക്രി.ശേ. ആറാം നൂറ്റാണ്ടു വരെയുള്ള പ്രാചീന തമിഴ് ലിഖിതങ്ങള്‍’ എന്ന പേരിലാണ് ആ പുസ്തകം അറിയപ്പെടുന്നത്. ഹാവഡ് സര്‍വകലാശാലയാണ് അത് പ്രസിദ്ധീകരിച്ചത്. പിന്നീട് 2003ല്‍ അത് സുപ്രധാനമായ ഹാവഡ് ഓറിയന്റല്‍ സീരീസില്‍ പുനഃപ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
സൈന്ധവ ലിപി പഠനം അതിനേക്കാള്‍ പ്രയാസകരമായ ഒരു മേഖലയായിരുന്നു. ഏതാണ്ട് അര നൂറ്റാണ്ടു കാലം അതിനായി അദ്ദേഹം ചെലവഴിച്ചിട്ടുണ്ട്. എന്താണ് ഈ ചിത്രലിപികള്‍ സൂചിപ്പിക്കുന്നത് എന്നതിനെ സംബന്ധിച്ച് സവിശേഷമായ ഒരു പഠനരീതിയാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. ഭാഷാശാസ്ത്രത്തിലെ നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഓരോ മുദ്രയും ഏതു തരത്തിലുള്ള വ്യാകരണമാണ് പ്രതിനിധാനം ചെയ്യുന്നത് എന്നാണ് അദ്ദേഹം പരിശോധിക്കാന്‍ ശ്രമിച്ചത്. വളരെ ചിന്തോദ്ദീപകമായ പഠനരീതിയാണ് അദ്ദേഹം മുന്നോട്ടുവച്ചത്. എല്ലാ മുദ്രകളും എങ്ങനെ പരസ്പരബന്ധിതമാണ് എന്നതിനെ സംബന്ധിച്ച് വിശദമായ കുറിപ്പുകള്‍ ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിനായി അദ്ദേഹം വര്‍ഷങ്ങള്‍ ചെലവഴിക്കുകയും ചെയ്തു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 1977ല്‍ പ്രസിദ്ധീകരിച്ച ‘ഇന്‍ഡസ് സ്‌ക്രിപ്റ്റ്: ടെക്സ്റ്റ്‌സ്, കണ്‍കോര്‍ഡന്‍സ് ആന്റ് ടേബിള്‍സ്’ എന്ന ഗ്രന്ഥം അതിന്റെ ഫലമാണ്.
അതിനു ശേഷമാണ് ഓരോ മുദ്രയും സവിശേഷ പഠനത്തിനു വിധേയമാക്കിയത്. ഏതു തരത്തിലുള്ള ഭാഷയാണതെന്നു കണ്ടെത്താനുള്ള ശ്രമമായിരുന്നു അത്. മുദ്രകള്‍ പദവി സംബന്ധിച്ച വിജ്ഞാപനങ്ങളാണ് എന്ന നിഗമനത്തിലാണ് അദ്ദേഹം ചെന്നെത്തിയത്. പിന്നീട് അദ്ദേഹം എത്തിച്ചേര്‍ന്ന ഒരു നിഗമനം, ഹാരപ്പയിലെ ജനത ദ്രാവിഡഭാഷ സംസാരിക്കുന്ന കൂട്ടരായിരുന്നു എന്നതാണ്. അവര്‍ക്ക് മറ്റു സൈന്ധവ നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായ സംസ്‌കാരവും മതവും ഉണ്ടായിരുന്നു. പിന്നീട് വന്നുചേര്‍ന്ന ഇന്തോ-ആര്യന്‍ ഭാഷക്കാരുമായി അവര്‍ക്ക് ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അത് ഭാഷയിലും മതപരമായ കാര്യങ്ങളിലും സ്വാധീനം ചെലുത്തുകയുമുണ്ടായി. ഹാരപ്പന്‍ കാലശേഷമുള്ള ലിഖിതങ്ങളിലും മറ്റും അത് പ്രകടവുമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഇന്ത്യാ പഠനമേഖലയില്‍ പ്രവര്‍ത്തിച്ച പല പ്രമുഖരും ബ്രിട്ടിഷ് സിവില്‍ സര്‍വീസില്‍ നിന്ന് വന്നവരായിരുന്നു. ആ ഒരു പാരമ്പര്യമാണ് മഹാദേവനും പുലര്‍ത്തിയതെന്നു കാണാം. അദ്ഭുതകരമായ സംഗതി, നല്ല ഒന്നാന്തരം ഭരണാധികാരി ആയിരിക്കെത്തന്നെ അതീവ ഗഹനമായ ചരിത്രപഠന സംഭാവനകളും നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണ്. ഈ മേഖലയിലെ പല പ്രമുഖരെയും വെല്ലുന്ന പാണ്ഡിത്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു; അത്തരമൊരു ബഹുമതി അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ി

(കടപ്പാട്: ദ ഹിന്ദു, 2018 നവംബര്‍ 27)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss