|    Sep 24 Mon, 2018 3:45 pm
FLASH NEWS

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന് സ്മാരകം: മുഖ്യമന്ത്രി ഉറപ്പുനല്‍കി

Published : 14th January 2018 | Posted By: kasim kzm

പൊന്നാനി: പ്രശസ്ത ചരിത്രകാരനും കവിയും മതപണ്ഡിതനും സൂഫിയുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന് ചരിത്ര സ്മാരകമൊരുങ്ങുന്നു. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരേ തൂലിക പടവാളാക്കുകയും പൊന്നാനിയുടെ ഇസ്്‌ലാമിക പ്രഭ ലോകമെങ്ങും വീശാന്‍ നിദാനമാവുകയും ചെയ്ത ചരിത്ര പണ്ഡിതനും, സൂഫിവര്യനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തിലുള്ള ചരിത്ര സ്മാരകമാണ് പൊന്നാനിയില്‍ നിര്‍മിക്കാന്‍ ആലോചനയുള്ളത്. വര്‍ഷങ്ങളായി മഖ്ദൂം സ്മാരകം നിര്‍മിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും, പൊന്നാനി എംഎല്‍എയും നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്റെ പ്രത്യേക താല്‍പര്യമാണ് സ്മാരക മന്ദിരത്തിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നത്.
പറങ്കികള്‍ക്കെതിരേ പോരാട്ടത്തിന് ആഹ്വാനം ചെയ്ത ആദ്യ ചരിത്രഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍, കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍, തുടങ്ങിയ ഗ്രന്ഥങ്ങള്‍ വിദേശ യൂനിവേഴ്‌സിറ്റികളില്‍ പഠന ഗ്രന്ഥങ്ങളാണ്. എന്നാല്‍, ഗ്രന്ഥകര്‍ത്താവിന്റെ കര്‍മമണ്ഡലമായ പൊന്നാനിയില്‍ ഉചിതമായയൊരു സ്മാരകം പോലും നിര്‍മിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ പുതിയ ട്രസ്റ്റിന് രൂപം നല്‍കുന്നത്. മഖ്ദൂമിന്റെ ചരിത്ര ഗ്രന്ഥങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം, ചരിത്ര ഗവേഷണ മന്ദിരം എന്നിവ ഉള്‍കൊള്ളിച്ചുള്ള സ്മാരക മന്ദിരത്തിനാണ് രൂപകല്‍പന തയ്യാറാക്കുന്നത്.
ഇതിന് മുന്നോടിയായി സ്മാരകം നിര്‍മാണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍, ധനകാര്യമന്ത്രി തോമസ് ഐസക്ക് എന്നിവര്‍ക്ക് നിവേദനം നല്‍കി. മുന്‍ ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് ഖാസിം കോയ, സിദ്ദിഖ് മൗലവി അയിലക്കാട്, കെ എം ഇബ്രാഹിം ഹാജി, പി ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
സ്മാരക മന്ദിരം നിര്‍മിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അടുത്ത ബജറ്റില്‍ ഇതിനായി തുക അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഖ്യാതമായ സൈനുദ്ധീന്‍ മഖ്ദൂമിന്റെ ചരിത്രപ്രാധാന്യമുള്ള വീട് ഒരു വിഭാഗം കൈവശപ്പെടുത്തി അവിടെ സ്വകാര്യ സ്‌കൂള്‍ നിര്‍മിക്കുകയായിരുന്നു. ഇപ്പോള്‍ അവിടെ അവശേഷിക്കുന്നത് വിടിന്റെ അടുക്കള ഭാഗമാണ്.
മഖ്ദൂമിന്റെ വീട് പൊളിച്ചതിനെതിരേ വ്യാപക ആക്ഷേപം വിവിധ കോണുകളില്‍നിന്നുയര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss