|    Oct 19 Fri, 2018 10:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സൈനികര്‍ പട്ടിണിയിലെന്ന് പറഞ്ഞ ജവാനെ പുറത്താക്കാന്‍ നീക്കം

Published : 11th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ പട്ടിണിയിലും ദുരിതത്തിലുമാണെന്നു വെളിപ്പെടുത്തുന്ന വീഡിയോദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്)യിലെ ജവാനെ പുറത്താക്കാന്‍ നീക്കം. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ തേജ് ബഹാദൂര്‍ യാദവ് കോര്‍ട്ട് മാര്‍ഷലിന്റെ വക്കിലാണെന്നാണു ബിഎസ്എഫ് നല്‍കുന്ന സൂചന. 20 വര്‍ഷക്കാലത്തെ സൈനിക സേവനത്തിനിടെ നാലു തവണ മോശം പെരുമാറ്റത്തിന്റെ പേരില്‍ യാദവിനെതിരേ പരാതികളുണ്ടായിട്ടുണ്ടെന്നും ഇക്കാരണം കൊണ്ട് യാദവിന് സ്ഥാനക്കയറ്റവും കിട്ടിയിരുന്നില്ല. ഇതുമൂലം ഉണ്ടായ അസ്വസ്ഥതകളാണ് യാദവിന്റെ ആരോപണത്തിന് കാരണമെന്നാണ് ബിഎസ്എഫ് ഡിഐജി, എംഡിഎസ് മന്നിന്റെ പ്രതികരണം. അതേസമയം, ജവാന്റെ ആരോപണത്തില്‍ സത്യമുണ്ടെന്നു കണ്ടെത്തിയാല്‍ അടിയന്തര നടപടിയെടുക്കുമെന്നും ബിഎസ്എഫ് ഡിഐജി വ്യക്തമാക്കി. വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ നിയന്ത്രണ രേഖയിലെ ജോലിയില്‍ നിന്ന് പൂഞ്ചിലെ 29 ബറ്റാലിയന്‍ ആസ്ഥാനത്തേക്ക് തേജ് ബഹാദൂര്‍ യാദവിനെ മാറ്റിയിട്ടുണ്ട്. മോശം പെരുമാറ്റത്തെ തുടര്‍ന്ന് തേജ് ബഹാദൂര്‍ യാദവിനെ 2010ല്‍ കോര്‍ട്ട് മാര്‍ഷലിനു വിധേയാനാക്കിയതാണെന്നും പിന്നീട് ഇയാളുടെ കുടുംബത്തെ കരുതി സര്‍വീസില്‍ നിന്നു പുറത്താക്കാതിരുന്നതാണെന്നുമാണ് ബിഎസ്എഫ് ഐജി ഡി കെ ഉപാധ്യായ് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ബിഎസ്എഫിന്റെ 29 ബറ്റാലിയന്‍ സീമാ സുരക്ഷ ബലിലെ ജവാന്‍ തേജ് ബഹാദൂര്‍ യാദവ് തങ്ങള്‍ക്കു കിട്ടുന്ന മോശം ഭക്ഷണം ഉള്‍പ്പെടെയുള്ള പരാധീനതകള്‍ വീഡിയോയില്‍ ചിത്രീകരിച്ച് ഫേസ്ബുക്കിലിട്ടത്. മോശം ഭക്ഷണത്തിന്റെ ദൃശ്യങ്ങള്‍ സഹിതം ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്തു മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു യാദവിന്റെ ചോദ്യം. ഉന്നത ഉദ്യോഗസ്ഥരെയടക്കം വിമര്‍ശിക്കുന്ന നാലു മിനിറ്റോളം ദൈര്‍ഘ്യമുള്ള ജവാന്റെ ഫേസ്ബുക്ക് വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടിരുന്നു. ആഭ്യന്തര സെക്രട്ടറിയോട് ബിഎസ്എഫിന്റെ റിപോര്‍ട്ട് തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്‌നാഥ് അറിയിച്ചു. ബിഎസ്എഫ് ജവാന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളപ്പോഴെല്ലാം ജവാന്‍മാരുടെ ഭാഗത്തു നിന്നും തൃപ്തികരമായ അഭിപ്രായമാണ് ഉണ്ടായിട്ടുള്ളതെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ വ്യക്തമാക്കി. എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെയാണു ബിഎസ്എഫിന്റെ പ്രസ്താവന പുറത്തുവന്നത്. അനുമതി തേടാതെ സ്ഥിരം അവധിയെടുക്കുന്ന ആളാണ് യാദവ്. സ്ഥിരം മദ്യപാനിയും ഉന്നത ഉദ്യോഗസ്ഥരോട് എല്ലായ്‌പ്പോഴും അപമര്യാദയോടെ പെരുമാറാറുന്നയാളുമാണ് ഇദ്ദേഹം. ഇതുകാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ബിഎസ്എഫ് ആസ്ഥാനത്താണ് ജവാനെ കൂടുതല്‍ സമയവും ജോലിക്ക് നിയോഗിച്ചിരുന്നതെന്നും ബിഎസ്എഫ് വിശദീകരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss