|    Jan 21 Sat, 2017 4:31 pm
FLASH NEWS

സൈക്‌സ്-പികോ ഭാഗം രണ്ട്

Published : 21st October 2015 | Posted By: Navas Ali kn

കലീം
സിറിയയില്‍ വളരെ സമാധാനപരമായി നടന്ന ജനാധിപത്യ പ്രക്ഷോഭം പഴയ കുടിപ്പകകളും യാഥാസ്ഥിതികതകളും അക്ഷരപൂജയുടെ അടിസ്ഥാനത്തിലുള്ള ഇസ്‌ലാമികതയും ചേര്‍ന്ന് അന്യര്‍ക്കു വേണ്ടി നടത്തുന്ന ചോരക്കളിയായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് പഴയ കൊളോണിയല്‍ ശക്തികള്‍ തന്നെയാവും; പിന്നെയവരുടെ ഹോം ഗാര്‍ഡായി പ്രവര്‍ത്തിക്കുന്ന ഇസ്രായേലും.
ഈ ചതുരംഗക്കളിയില്‍ 19ാം നൂറ്റാണ്ടില്‍ മധ്യേഷ്യയില്‍ കണ്ടപോലെ കരുക്കള്‍ നീക്കാന്‍ പുതിയൊരാള്‍ കൂടി രംഗത്തുവന്നിരിക്കുന്നു. റഷ്യ ഭരിക്കുന്ന മുന്‍ സഖാവ് വഌദിമിര്‍ പുടിന്‍. റഷ്യന്‍ വ്യോമസേന തുടര്‍ച്ചയായി പ്രക്ഷോഭകാരികളുടെ താവളങ്ങള്‍ക്കു നേരെ ബോംബിടാന്‍ തുടങ്ങിയിട്ട് ആഴ്ച രണ്ടു കഴിഞ്ഞു. 2000 ഭടന്‍മാരെയും റഷ്യ രംഗത്തിറക്കിയിട്ടുണ്ട്. ഏകാധിപതിയായ പ്രസിഡന്റ് ബശ്ശാറിനു വേണ്ടി ഇതിനകം തന്നെ ഇറാനിയന്‍ സൈനികര്‍ പോരാടുന്നുണ്ട്. ഒരു പ്രമുഖ ഇറാനിയന്‍ ജനറലാണ് ഇവിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇമാം ഖുമൈനി ഉയര്‍ത്തിയ ‘കിഴക്കും പടിഞ്ഞാറുമില്ലാത്ത ലോകം’ എന്ന മുദ്രാവാക്യമൊക്കെ ഉപേക്ഷിച്ച് ഇറാനിയന്‍ ഭരണകൂടം ശിയാ-സുന്നി വിഭാഗീയത എങ്ങനെ ചൂഷണം ചെയ്യാം എന്നാണ് ചിന്തിക്കുന്നത്. സുന്നികളുമായി താരതമ്യേന കൂടുതല്‍ അടുത്ത യമനിലെ ഹൂഥി-സെയ്ദീ ശിയാക്കളെ സുന്നി അറബ് സഖ്യം ബോംബിട്ടു കൊല്ലാന്‍ തുടങ്ങിയത് ഇറാനു വലിയ സൗകര്യമായി.
കുര്‍ദുകള്‍, അലവികള്‍, സുന്നികള്‍, ഇസ്‌ലാമിക് സ്‌റ്റേറ്റ് തുടങ്ങി അസംഖ്യം വിഭാഗീയതകള്‍ പടപൊരുതുന്നതിനിടയിലേക്കാണ് റഷ്യന്‍ ബോംബുകള്‍ വീഴുന്നത്. ബശ്ശാറുല്‍ അസദിനു വേണ്ട സമയത്താണ് പുടിന്‍ സഹായവുമായെത്തിയത്. നിയമവിരുദ്ധമായ ബാരല്‍ ബോംബായിരുന്നു ബശ്ശാറിന്റെ പ്രധാന ആയുധം. ഇപ്പോഴുള്ള അഭയാര്‍ഥിപ്രവാഹത്തിന് ഒരു പ്രധാന കാരണം അസദിന്റെ കണ്ണും മൂക്കുമില്ലാത്ത ആക്രമണമാണ്. അലവികള്‍ക്കു മേല്‍ക്കോയ്മയുള്ള തീരദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് റഷ്യന്‍ സൈന്യം പ്രവര്‍ത്തിക്കുന്നത്. റഷ്യയുടെ നാവികത്താവളമായ തര്‍ത്തൂസിലും സൈനിക വിന്യാസം വര്‍ധിപ്പിച്ചതായി കാണുന്നുണ്ട്. തീരദേശവും ദമസ്‌കസുമായുള്ള ബന്ധം വിച്ഛേദിക്കുന്ന മട്ടില്‍ ജനാധിപത്യത്തിനായി പോരാടുന്ന വിഭാഗങ്ങള്‍ മുന്നേറുന്നത് തടയുകയെന്നതാണ് റഷ്യന്‍ ഇടപെടലിന്റെ ലക്ഷ്യം. പഴയ റോമന്‍ നഗരമായ പാല്‍മിറ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പിടിയിലായത് ബശ്ശാറിനു വലിയ ക്ഷീണമായി. ദെയ്ര്‍ അല്‍ സോര്‍ നഗരത്തിലുള്ള ഒരു വ്യോമസേനാ താവളത്തിനും ഐഎസ് ഭീഷണി ഉയര്‍ത്തുന്നു. ബശ്ശാറിനെ താങ്ങിനിര്‍ത്തുക എന്നതായിരിക്കാം പുടിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം റഷ്യയില്‍ നിന്നുള്ള മുസ്‌ലിം പോരാളികള്‍ സിറിയയില്‍ എല്ലാ വിഭാഗങ്ങളിലുമുണ്ടെന്നതും പുടിനെ പ്രകോപിപ്പിച്ചിരിക്കണം.
റഷ്യന്‍ ഇടപെടലിനെക്കുറിച്ച അപഗ്രഥനങ്ങളിലുള്ള വൈരുധ്യങ്ങള്‍ സിറിയ-ഇറാഖ് മേഖലയില്‍ നടക്കുന്ന സംഭവങ്ങള്‍ എത്രമാത്രം ആശയക്കുഴപ്പം ഉളവാക്കുന്നതാണെന്നു വ്യക്തമാക്കുന്നു. റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈയിടെ മോസ്‌കോ സന്ദര്‍ശിച്ചത് ബശ്ശാറിന്റെ വക്കാലത്തുമായാണ് എന്നു കേള്‍ക്കുന്നു. ജര്‍മനി റഷ്യന്‍ ഇടപെടലിനെ സ്വാഗതം ചെയ്യുന്നു. ബ്രിട്ടനിലെ കാമറണ്‍ ഇതിനകംതന്നെ സ്വന്തം പൗരന്‍മാരെ വകവരുത്താന്‍ ഡ്രോണുകളെ അയച്ചിരിക്കുന്നതിനാല്‍ റഷ്യയുടെ ഇടപെടല്‍ വലിയ പ്രശ്‌നമാക്കുമെന്നു തോന്നുന്നില്ല.
താരതമ്യേന ചെറിയ ഇടത്തരം രാജ്യമായ സിറിയയില്‍ എല്ലാ തരം കൊളോണിയല്‍ ശക്തികള്‍ക്കും ബഹുവിധ താല്‍പര്യമുണ്ടെങ്കില്‍ അതിനു കാരണം ചരിത്രമാണ്. ജിമ്മി കാര്‍ട്ടറുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന സിബ്‌നീവ് ബ്രഷസിന്‍സ്‌കി റഷ്യന്‍ വ്യോമാക്രമണം മധ്യപൗരസ്ത്യത്തിലുള്ള തങ്ങളുടെ മേല്‍ക്കോയ്മക്ക് ഭീഷണിയാണെന്നും അതിനാല്‍ മേഖലയില്‍ യുഎസ് സൈനികമായി ഇടപെടണമെന്നും ബറാക് ഒബാമയെ ഉപദേശിക്കുന്നു. യുഎസ് മേല്‍ക്കോയ്മ എന്നു പറഞ്ഞാല്‍ അറബ് ഏകാധിപതികളുടെ സഹായത്തോടെ നടക്കുന്ന ചൂഷണവ്യവസ്ഥയാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ചോര ചീറ്റുന്ന വീഡിയോകള്‍ റഷ്യന്‍ പ്രസിഡന്റ് പുടിനും ഗള്‍ഫ് ശെയ്ഖുമാര്‍ക്കും കൂടുതല്‍ ഭീകരരായ, എന്നാല്‍ ‘നിയമസാധുത’യുള്ള സിറിയന്‍ അലവി ഭരണകൂടത്തെ നിലനിര്‍ത്താനുള്ള ന്യായമാവുന്നു.
ബ്രഷസിന്‍സ്‌കി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മേല്‍ക്കോയ്മയില്‍ യുഎസ്-ബ്രിട്ടിഷ് കല്‍പന അനുസരിക്കുന്ന ദുര്‍ബലരായ പോരാളിവിഭാഗങ്ങളുണ്ട്. ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ് പറഞ്ഞ ‘നമ്മുടെ റാസ്‌കല്‍സ്’ ആണവര്‍. സിറിയന്‍ പോരാട്ടത്തില്‍ ഏതാണ്ട് വിജയത്തിനടുത്തെത്തിയതാണ് ജബ്ഹത്തുന്നുസ്‌റ. യുഎസിനും മറ്റു സാമന്തന്‍മാര്‍ക്കും അവര്‍ അധികാരത്തില്‍ വരുന്നത് തടയേണ്ടിയിരുന്നു. താരതമ്യേന മെച്ചപ്പെട്ട ഒരു ജനാധിപത്യവ്യവസ്ഥ സ്ഥാപിക്കാന്‍ ശേഷിയുള്ളവരായിരുന്നു പോരാട്ടത്തിനു മുമ്പില്‍ നിന്നിരുന്നത്. അത് ഇന്നു നിലനില്‍ക്കുന്ന നവകൊളോണിയല്‍ അധീശത്വത്തിനു ഭീഷണിയാണ്.
ഫ്രാന്‍സും ബ്രിട്ടനും സാറിസ്റ്റ് റഷ്യയും ചേര്‍ന്ന ഉസ്മാനിയാ സാമ്രാജ്യം ഓഹരി വയ്ക്കാന്‍ ഉണ്ടാക്കിയ രഹസ്യ കരാര്‍ (സൈക്‌സ്-പികോ എന്നാണതിന്റെ അനൗദ്യോഗിക നാമം) അനുസരിച്ചാണ് മുസ്‌ലിം ലോകത്ത് കാര്യങ്ങള്‍ നടക്കുന്നത്. 1917ല്‍ ബോള്‍ഷെവിക്കുകള്‍ അധികാരമേറിയപ്പോള്‍ അവരാണ് ആ രഹസ്യം പുറത്തുവിടുന്നത്. അന്ന് ബ്രിട്ടന്റെ ഭാഗത്തു നിന്ന സാര്‍ ചക്രവര്‍ത്തിക്ക്, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളെ രക്ഷിക്കുക എന്ന ന്യായമായിരുന്നു പറയാനുണ്ടായിരുന്നത്. ഇപ്പോള്‍ സിറിയയില്‍ വ്യോമാക്രമണം നടത്തുന്നതിനു പുടിന്‍ തന്റെ നാട്ടുകാരോടു പറയുന്നത് സിറിയയിലെ ഓര്‍ത്തഡോക്‌സ് സഭക്കാരെ രക്ഷിക്കാനാണ് അവിടെ ബോംബിടുന്നത് എന്നാണ്.
ആശയക്കുഴപ്പങ്ങള്‍ ഏറെയുള്ള പുതിയ സംഭവവികാസങ്ങളില്‍ തുര്‍ക്കിയുടെ പങ്ക് നിര്‍ണായകമാണ്. തുര്‍ക്കികളെ കുപിതരാക്കുന്ന ഒരു സംഭവം അതിനിടയിലുണ്ടായി: റഷ്യയുടെ ഒരു മിഗ്-29 ഫൈറ്റര്‍ വിമാനം തുര്‍ക്കി വ്യോമാതിര്‍ത്തി കടന്നു തുര്‍ക്കിയുടെ എട്ട് എഫ്-16 വിമാനങ്ങളെ നാലഞ്ചു മിനിറ്റ് നേരത്തേക്ക് റഡാറില്‍ ലോക്ക് ചെയ്തു. റോക്കറ്റ് അയക്കുന്നതിനു തൊട്ടുമുമ്പുള്ള ഒരിടപാടാണിത്. ഒരു പുതിയ കളിക്കാരന്‍ കൂടി രംഗത്തിറങ്ങിയിരിക്കുന്നു എന്ന സന്ദേശമായിരിക്കാം ഇതിലൂടെ റഷ്യ നല്‍കിയത്.
തുര്‍ക്കിയുമായി മല്‍പ്പിടിത്തം നടത്താനുള്ള ശേഷിയൊന്നും ഇപ്പോള്‍ പുടിന്റെ റഷ്യയ്ക്കില്ലെങ്കിലും സിറിയയുടെ ആകാശാതിര്‍ത്തി നിയന്ത്രണത്തിലാക്കാനാണ് റഷ്യ ശ്രമിക്കുന്നത്. വടക്കന്‍ സിറിയയിലേക്ക് സൈന്യത്തെ അയക്കാനുള്ള ഒരുക്കത്തിലാണ് തുര്‍ക്കി എന്ന കാര്യവും ഇവിടെ സ്മരിക്കേണ്ടതുണ്ട്. സിറിയയില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചതിനു പിന്നില്‍ ഒരു ഇസ്രായേലി അജണ്ട കാണുന്നവര്‍ ഏറെ. സിറിയയില്‍ ഒരു ജനാധിപത്യ ഭരണകൂടം നിലവില്‍ വന്നാല്‍ അത് അസദ് ഭരണകൂടം പോലെയായിരിക്കില്ല. പ്രത്യക്ഷത്തില്‍ സിറിയ ഇസ്രായേലിനെതിരേ പ്രസംഗിക്കാറുണ്ടെങ്കിലും അത് വാചകമടിയില്‍ കവിഞ്ഞു മുമ്പോട്ടുപോവാറില്ല. ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന ഒരു ന്യൂനപക്ഷ ഭരണകൂടത്തിനു ജനപിന്തുണയില്ലാതെ സയണിസ്റ്റ് രാഷ്ട്രത്തിനെതിരേ നിര്‍ണായകമായ പോരാട്ടം അസാധ്യമാണ്. അതിനാല്‍, അസദ് ഭരണം നിലനില്‍ക്കേണ്ടത് യുഎസിനും ഇസ്രായേലിനും ഒരേപോലെ ആവശ്യമാണ്. സപ്തംബര്‍ 11നു ശേഷം ‘ഭീകരരി’ല്‍ നിന്നു രഹസ്യം പിഴിഞ്ഞെടുക്കാന്‍ സിഐഎ മൊറോക്കോ, ജോര്‍ദാന്‍ എന്നീ രാജഭരണങ്ങള്‍ക്കൊപ്പം സിറിയന്‍ ഇന്റലിജന്‍സിന്റെയും സഹായം തേടിയിരുന്നു. ‘ടെറര്‍ പ്രോസസ് ഔട്ട്‌സോഴ്‌സിങ്’ എന്നു വിളിക്കാവുന്ന ഈ ദൗത്യത്തില്‍ കൂടുതല്‍ ക്രൂരത കാണിച്ചതിനാല്‍ സിറിയന്‍ ഇന്റലിജന്‍സിനാണ് വലിയ ലാഭം കിട്ടിയത്.
ഇസ്രായേലിനു നിലനില്‍ക്കണമെങ്കില്‍ അറബ് ലോകം ഭിന്നിച്ചുനില്‍ക്കണം. ഇസ്രായേലി വിദേശകാര്യ വകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഒഡഡ് യിനോന്‍ വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ ഒരു പ്രബന്ധത്തില്‍, ഇസ്രായേലിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ നിലവിലിരിക്കുന്ന വംശീയവും മതപരവുമായ ഭിന്നിപ്പുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ തന്ത്രം എന്തെന്നു വിശദീകരിക്കുന്നു. ലബ്‌നാന്‍ അതിനു പറ്റിയ പരീക്ഷണശാലയാണ്. ശിയാക്കളും സുന്നികളും ദുറൂസികളും മറോണി ക്രിസ്ത്യാനികളും ചേര്‍ന്ന ഒരു കിച്ചടിയാണത്. അവിടെ മറോണി ക്രൈസ്തവരില്‍ നിന്ന് ഒരു ഫാഷിസ്റ്റ് അര്‍ധസൈനിക വിഭാഗത്തെ വളര്‍ത്തുകയും അവരെ അധികാരത്തില്‍ നിലനിര്‍ത്തുകയും ചെയ്തത് ഇസ്രായേലും ഫ്രാന്‍സും യുഎസുമാണ്. തന്ത്രങ്ങള്‍ പാളിപ്പോയി എന്നതു വേറെ വിഷയം.
ഇറാഖിലേക്ക് മതവൈരാഗ്യം കൊണ്ടുവന്നതിലും ഇതു കാണാം. സുന്നികളും ശിയാക്കളും എന്ന വിഭജനമേ ഏറിവന്നാല്‍ ഇറാഖിലുള്ളൂ. കുര്‍ദുകള്‍ സുന്നികളാണ്. അവര്‍ക്കിടയില്‍ വിഭാഗീയത ശക്തമാക്കുന്നത് അമേരിക്കയാണ്. അതിന്റെ ദുരന്തങ്ങളാണ് നാം കാണുന്നത്. ഇറാഖിനെ പൊളിച്ചടുക്കുന്നത് ഇസ്രായേലിന്റെ നിലനില്‍പിന് അത്യാവശ്യമാണെന്നു പറയുന്ന യിനോന്‍ തുടര്‍ന്ന് ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളെയും കുഴപ്പത്തില്‍ ചാടിക്കണമെന്നു നിര്‍ദേശിക്കുന്നു. യിനോന്റെ ഈ പ്രബന്ധമാണ് 1996ല്‍ നവയാഥാസ്ഥിതിക പോരാളികളായ റിച്ചാര്‍ഡ് പേള്‍, ഡഗ്ലസ് ഫെയ്ത് തുടങ്ങിയവരും ചില ഇസ്രായേലി യുദ്ധതന്ത്ര വിദഗ്ധരും ചേര്‍ന്നു ചില്ലറ ഭേദഗതികളോടെ പുനഃപ്രസിദ്ധീകരിക്കുന്നത്.
മറ്റൊരു നവയാഥാസ്ഥിതിക പണ്ഡിതന്‍ ഡേവിഡ് വേംസര്‍ ഇസ്രായേലിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ വിഘടിപ്പിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് പിന്നീട് ധാരാളം ലേഖനങ്ങള്‍ എഴുതിയിരുന്നു. സപ്തംബര്‍ 11നു ശേഷം യുഎസ് ആവിഷ്‌കരിച്ച പദ്ധതിയനുസരിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏഴു രാഷ്ട്രങ്ങള്‍ ആക്രമിക്കാനായിരുന്നു തീരുമാനം. 2007ല്‍ യുഎസ് ജനറല്‍ വെസ്‌ലി ക്ലാര്‍ക്ക് തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇറാഖ്, സിറിയ, ലബ്‌നാന്‍, സോമാലിയ, സുദാന്‍, ഇറാന്‍, ——— എന്നീ രാജ്യങ്ങളുടെ പേര് വെളിപ്പെടുത്തുന്നത്. റിച്ചാര്‍ഡ് പേള്‍ തന്നെയായിരുന്നു രാജ്യങ്ങള്‍ ഏതെന്നു നിശ്ചയിച്ചത്.
ഒരിക്കല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ച ക്ലാര്‍ക്ക് തീവ്രവാദികളായ തടവുകാര്‍ക്ക് തടങ്കല്‍പ്പാളയങ്ങള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കുപ്രസിദ്ധി നേടിയിരുന്നു. 2013ല്‍ സിറിയയില്‍ ഒരു കൂട്ടരും വിജയിക്കരുതെന്നതാണ് ഇസ്രായേലി നയമെന്നു വിശദീകരിക്കുന്നത് ഇസ്രായേലിന്റെ യുഎസ് അംബാസഡര്‍ അലന്‍ പാന്‍കസ് തന്നെയാണ്. ഒരര്‍ഥത്തില്‍ റഷ്യയുടെ ഇടപെടല്‍ ഇസ്രായേലും യുഎസും അറബ് ഏകാധിപതികളും ചേര്‍ന്നു നടത്തുന്ന കള്ളനും പോലിസും കളിയിലെ കള്ളനെ പുറത്തുകൊണ്ടുവരുകയാണ്.
പഴയ ദേശരാഷ്ട്ര സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലുള്ള അപഗ്രഥനങ്ങള്‍ നിരര്‍ഥകമാക്കും വിധമുള്ള സംഭവവികാസങ്ങളാണ് മധ്യപൗരസ്ത്യത്തില്‍ നടക്കുന്നത്. രണ്ടരലക്ഷം പേരാണ് ആഭ്യന്തരവും ബാഹ്യവുമായ ശക്തികളുടെ ഇടപെടല്‍ മൂലം സിറിയയില്‍ മരണമടഞ്ഞത്. 2.2 കോടിയായിരുന്നു സിറിയന്‍ ജനസംഖ്യ. അത് ഇപ്പോള്‍ 1.66 കോടിയായി ചുരുങ്ങി. 40 ലക്ഷം പേര്‍ യുഎന്‍ രജിസ്റ്ററില്‍ അഭയാര്‍ഥികളായുണ്ട്. 10 ലക്ഷം പേര്‍ അതിനു പുറമേ. 20 ലക്ഷം പേര്‍ സ്വന്തം നാട്ടില്‍ത്തന്നെ അഭയാര്‍ഥികളായി. ഇടത്തരം വരുമാനമുള്ള സിറിയയില്‍ 80 ശതമാനം പേര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുന്നില്ലെന്നാണ് യുഎന്‍ പറയുന്നത്.
മുമ്പ് അബൂഗുറയ്ബ് ജയിലില്‍ പീഡിപ്പിക്കപ്പെട്ട അബൂബക്കര്‍ അല്‍ ബഗ്ദാദി എന്ന അപരനാമമുള്ള ഒരാള്‍ മാത്രമാണിതിനു കാരണക്കാരനെന്നു പറയുന്നത് തികഞ്ഞ ലളിതവല്‍ക്കരണമാണ്. ചോരപ്പുഴയൊഴുക്കുന്ന ഈ കളിയില്‍ ബശ്ശാറുല്‍ അസദും ഇറാഖിലെ ശിയാ മിലീഷ്യകളും ഇറാനില്‍ നിന്നുള്ള വിപ്ലവ ഗാര്‍ഡുകളും വൈറ്റ്ഹൗസിലെ ഒബാമയും വെസ്റ്റ്മിന്‍സ്റ്ററിലെ കാമറണും അങ്കറയിലെ ഉര്‍ദുഗാനും റിയാദിലെ സല്‍മാനുമൊക്കെയുണ്ട്. സൈക്‌സ്-പികോ രണ്ടാം ഭാഗമാണ് അരങ്ങേറുന്നത്. പക്ഷേ, പ്രധാനമായൊരു മാറ്റം, ആയുധങ്ങള്‍ കൊണ്ടു മാത്രം കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥ മാറിയെന്നതാണ്. ഇപ്പോള്‍ നടക്കുന്ന സമരം ചിലപ്പോള്‍ അല്‍ഖാഇദയുടെ നേതാവ് അയ്മന്‍ അല്‍ സവാഹിരി ചൂണ്ടിക്കാണിച്ച പോലെ, കാലഹരണപ്പെടുന്ന ശക്തികളും ഭരണകൂടബാഹ്യമായ പുതിയ മല്‍സരാര്‍ഥികളും തമ്മിലുള്ള പോരാട്ടമായിരിക്കും. ഭാവിയാണ് അതു യഥാര്‍ഥത്തില്‍ വിലയിരുത്തുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 190 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക