|    Jan 19 Thu, 2017 7:50 am
FLASH NEWS

സൈക്കിള്‍ മോഷണത്തില്‍ തുടങ്ങി വന്‍ മോഷ്ടാവായി; സത്താര്‍ ബാഷ പണക്കാരനായതിനു പിന്നില്‍ വിദഗ്ധമായ മോഷണങ്ങള്‍

Published : 25th November 2015 | Posted By: SMR

തൃശൂര്‍: ഷാഡോ പോലിസിന്റെ പിടിയിലായ സത്താര്‍ ബാഷ സംസ്ഥാനമൊട്ടാകെ നിരവധി പോലിസ് സ്‌റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകളിലെ പ്രതിയാണ്.
ചാലക്കുടി, മാള, ഇരിങ്ങാലക്കുട, പുതുക്കാട്, കുന്നംകുളം, വടക്കാഞ്ചേരി, പേരാമംഗലം എന്നീ പോലിസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ചെറുപ്പത്തില്‍ സൈക്കിളുകളും മറ്റും മോഷണം നടത്തി തുടങ്ങിയതാണ് ബാഷയുടെ മോഷണ ജീവിതം.
മോഷണക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കിടക്കുകയും ജയിലില്‍വെച്ച് പരിചയപ്പെടുന്ന കുറ്റവാളികളോടൊത്ത് മോഷണങ്ങള്‍ക്ക് പദ്ധതിയിടുകയും ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ഇവരോടൊത്ത് മോഷണങ്ങള്‍ നടത്തുകയുമാണ് ബാഷയുടെ പതിവ്. അറസ്റ്റ് ചെയ്യാന്‍ പോലിസ് എത്തിയാല്‍ പോലിസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഇയാളുടെ രീതിയാണ്. ഇങ്ങിനെ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും ജയില്‍ ചാടി രക്ഷപ്പെട്ടതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും ബസ്സ്റ്റാന്റുകളില്‍ നിന്നും വീടുകളില്‍ നിന്നും മോഷ്ടിച്ച ബൈക്കുകളില്‍ രാത്രി കറങ്ങിനടന്ന് മോഷണം നടത്തുകയാണ് ഇയാളുടെ മറ്റൊരു രീതി. മോഷണത്തിന് ശേഷം ബൈക്കുകള്‍ വഴിയില്‍ ഉപേക്ഷിക്കാറാണ് പതിവ്. ജാമ്യത്തിലിറക്കാന്‍ സഹായിച്ചാല്‍ സാമ്പത്തികമായി പ്രത്യുപകാരം ചെയ്യാമെന്ന് സത്താര്‍ബാഷ ജയിലില്‍ വെച്ച് ഷിഹാബിനെ അറിയിച്ചിരുന്നു.
ജയിലില്‍ ഒരുമിച്ച് കഴിഞ്ഞിരുന്ന ഇവര്‍ തൃശൂരില്‍ മോഷണങ്ങള്‍ നടത്തുന്നതിനായി പിന്നീട് പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഷിഹാബ് ഇക്കാര്യങ്ങള്‍ ഇയാളുടെ ബന്ധുവും സ്പിരിറ്റ് കേസില്‍ കൂട്ടുപ്രതിയുമായ അകലാട് സ്വദേശി നിഷാദിനെ അറിയിച്ചു.
നിഷാദ് ഷിഹാബിനെ ആദ്യം ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറക്കുകയും അതിനുശേഷം രണ്ടുപേരും കൂടി പണം ചിലവഴിച്ച് സത്താര്‍ ബാഷയെ ജയിലില്‍ നിന്നിറക്കുകയുമായിരുന്നു. ഇതിനുശേഷം സത്താര്‍ ബാഷയെ തൃശൂരിലെത്തിച്ച് ഇവരുടെ ഒരു സുഹൃത്തിന്റെ ഹോസ്റ്റലില്‍ സുരക്ഷിതമായി താമസിപ്പിച്ചു.
പി ന്നീട് മൂവര്‍ സംഘം വാടകയ്ക്ക് എടുത്ത കാറുകളില്‍ പക ല്‍ കറങ്ങിനടക്കുകയും മോഷണം നടത്തേണ്ട സ്ഥലങ്ങള്‍ കണ്ടെത്തിവെയ്ക്കുകയും ചെയ്തു. രാത്രി സത്താര്‍ ബാഷയെ ഇവര്‍ ആസൂത്രണം ചെയ്ത സ്ഥലങ്ങളിലേക്ക് കാറില്‍ കയറ്റിക്കൊണ്ടുപോയി ഇറക്കിവിടുകയും മോഷണം നടത്തുകയും ചെയ്തു. മോഷണം ചെയ്തുകിട്ടുന്ന പണവും സാധനങ്ങളും സൂക്ഷിക്കുന്നതിനും വി ല്‍ക്കുന്നതിനും സത്താര്‍ ബാഷ ഷിഹാബിനെയും നിഷാദിനെയും ഏല്‍പ്പിക്കുകയാണ് ചെയ്തിരുന്നത്. വളരെ നല്ല രീതിയില്‍ നല്ല കുടുംബങ്ങളില്‍ താമസിക്കുന്ന അകലാട് സ്വദേശികളെ പോലിസോ നാട്ടുകാരോ മോഷണക്കുറ്റങ്ങള്‍ക്ക് ഒരിക്കലും സംശയിച്ചിരുന്നില്ല.
കുറ്റമറ്റ രീതിയിലുള്ള ഇവരുടെ മോഷണ ആസൂത്രണങ്ങള്‍ കാരണം ഇവരെ എളുപ്പത്തില്‍ പിടികൂടുന്നതിന് പോലിസിന് കഴിഞ്ഞിരിന്നുമില്ല. ആലപ്പുഴയില്‍ നിന്ന് ഒരാള്‍ ഇവിടെ വന്ന് മോഷണം നടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നും ഇവര്‍ അനുമാനിച്ചിരുന്നു.
മോഷണങ്ങള്‍ നടത്തിയത് ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനായും ഇവര്‍ ശ്രമം നടത്തിയിരുന്നു. ഇവര്‍ മോഷ്ടിച്ച ബൈക്ക് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും, ടെലിവിഷനും മൊബൈല്‍ ഫോണുകളും പണവും വിവിധ സ്ഥലങ്ങളില്‍ നിന്നും പോലിസ് കണ്ടെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക