|    Jun 23 Sat, 2018 11:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സൈക്കിള്‍ ചിഹ്ന തര്‍ക്കം : തിരഞ്ഞെടുപ്പ് കമ്മീഷന്‍ 13ന് വാദം കേള്‍ക്കും

Published : 11th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി/ ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി (എസ്പി) യുടെ സൈക്കിള്‍ ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച (13) വാദം കേള്‍ക്കും. സൈക്കിള്‍ ചിഹ്നത്തിന് പാര്‍ട്ടിയിലെ മുലായം സിങ് വിഭാഗവും അഖിലേഷ് യാദവ് വിഭാഗവും അവകാശവാദമുന്നയിച്ചിട്ടുണ്ട്. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ 17നാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടങ്ങുന്നത്. അതിനുമുമ്പ് ചിഹ്നതര്‍ക്കത്തിന് പരിഹാരം കാണാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം. 13ന് വിഷയത്തില്‍ വാദം കേള്‍ക്കുമെന്ന് ഇരു വിഭാഗത്തെയും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. അഖിലേഷിനെ പിന്തുണയ്ക്കുന്ന എംപിമാരുടെയും എംഎല്‍എമാരുടെയും പ്രതിനിധികളുടെയും സത്യവാങ്മൂലം കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി ഭരണഘടനപ്രകാരം മുലായം സിങ് യാദവാണ് ഇപ്പോഴും പാര്‍ട്ടി അധ്യക്ഷന്‍ എന്നാണ് മറുപക്ഷത്തിന്റെ വാദം. അഖിലേഷ് ക്യാംപ് സമര്‍പ്പിച്ച സത്യവാങ് മൂലങ്ങള്‍ വ്യാജമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് പരിശോധിക്കണമെന്നും മുലായം പക്ഷം ആരോപിക്കുന്നു.അടുത്ത ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് പത്രിക തുടങ്ങുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തിന് പെട്ടെന്ന് പരിഹാരം വേണമെന്ന് അഖിലേഷ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു പക്ഷത്തിനാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷമെന്ന് തീരുമാനിക്കാനായില്ലെങ്കില്‍ സൈക്കിള്‍ ചിഹ്നം കമ്മീഷന്‍ മരവിപ്പിക്കും. അതെസമയം, അഖിലേഷ് ഇന്നലെ മുലായവുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയില്‍ അനുരഞ്ജനമുണ്ടാവുമെന്നാണ് സൂചന. മുലായത്തിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. എസ്പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അഖിലേഷാണെന്ന് മുലായം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്നലെ മുലായവുമായി ചര്‍ച്ച നടത്തി പുറത്തിറങ്ങിയ അഖിലേഷ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇന്നലത്തെ കൂടിക്കാഴ്ചയില്‍ ശിവ്പാല്‍ യാദവോ, അമര്‍ സിങോ സന്നിഹിതരായിരുന്നില്ല. പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍വേണ്ടിയാണ് അവരെ മുലായം ക്ഷണിക്കാതിരുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss