|    Dec 14 Fri, 2018 8:19 am
FLASH NEWS

സേവനവഴിയില്‍ മാതൃക തീര്‍ത്ത് ഹെല്‍പ് ലൈന്‍

Published : 27th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനും ജനങ്ങള്‍ക്ക് ഇനി വേണ്ട സഹായം സമാഹരിക്കാനുമുള്ള 24ഃ7 പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ മാതൃകയായി. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, വോളന്റിയേഴ്‌സിന്റെ ഏകോപനം, ശുചീകരണം, കുടിവെള്ളം, വൈദ്യുതി സംബന്ധിച്ച്, ഇലക്ട്രോണിക്, ഇലക്ട്രിക്ക് ഉപകരണങ്ങളുടെ പരിശോധനയും പ്രാഥമിക റിപ്പയറും, ആരോഗ്യം, കൃഷി മൃഗപരിപാലന രംഗത്തെ നഷ്ടത്തിന് ചെയ്യേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍, രേഖകള്‍ വീണ്ടെടുക്കല്‍, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന സേവനങ്ങള്‍, വീടിന്റെ ബലക്ഷയ പരിശോധന, ഇഴജന്തുക്കള്‍ വന്നാല്‍ വനം വകുപ്പില്‍ അറിയിക്കേണ്ട നമ്പര്‍ തുടങ്ങിയ 12 മേഖലകള്‍ സംബന്ധിച്ച് നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിനും തുടര്‍പ്രവര്‍ത്തനം എന്ന നിലയില്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി സേവനം ഉറപ്പാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. ഐടി മിഷന്‍, അക്ഷയ, ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെ, ഹരിതകേരളം ജില്ലാ മിഷനാണ് ജില്ലാ ഭരണകൂടത്തിന് വേണ്ടി ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. ശുചിത്വ സാക്ഷരതാ കോ-ഓഡിനേറ്റര്‍ യു പി ഏകനാഥന്‍, ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ പി പ്രകാശ് എന്നിവര്‍ ഹെല്‍പ് ലൈന്‍ സെന്റര്‍ ഏകോപിപ്പിക്കുന്നു. വിദ്യാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരുമായ സെന്ററില്‍ 24 മണിക്കൂറും 3 ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നു. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ സി കബനിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കെ കുഞ്ഞിരാമന്‍, പ്രോഗ്രാം ഓഫീസര്‍ കൃപ വാര്യര്‍, റിസോഴ്‌സ് പേഴ്‌സന്‍ എ രാജേഷ് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കോ-ഓഡിനേറ്റര്‍ ഡോ. എന്‍ സിജേഷ്, ഗ്രീന്‍ എന്‍വയോണ്‍ സന്നദ്ധ സംഘടനയുടെ പി പ്രമോദ് എന്നിവര്‍ ഇവര്‍ക്ക് പിന്തുണയുമായുണ്ട്. 21ന് തുടങ്ങിയ കേന്ദ്രത്തില്‍ 25 വൈകുന്നേരം നാലു മണി വരെ 516 വിളികള്‍ എത്തി. ഇതില്‍ 291 കോളുകള്‍ വോളന്റിയര്‍ ആവാന്‍ താല്‍പര്യപ്പെട്ട ഗ്രൂപ്പുകളും വ്യക്തികളുമായിരുന്നു. ഇത് വഴി രണ്ടായിരത്തില്‍ അധികം വോളന്റിയേഴ്‌സിനെ ശുചീകരണ പ്രവര്‍ത്തനത്തിന് വിന്യസിക്കാനായി. കോഴിക്കോട് കോര്‍പറേഷന്‍ നടത്തിയ പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിന് മുന്നോടിയായി ടാഗോര്‍ സെന്റിനറി ഹാളില്‍ 20ന് ചേര്‍ന്ന യോഗത്തില്‍ രജിസ്റ്റര്‍ ചെയ്ത ഗ്രൂപ്പുകളെയും വ്യക്തികളെയും കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍ എസ് ഗോപകുമാറും കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമായി ഏകോപിച്ച് 1600ല്‍ അധികം വോളന്റിയേഴ്‌സിനെ നല്‍കാനായി. കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡെയ്‌സണ്‍ ഈ കാര്യങ്ങള്‍ക്ക് സഹായിയായി. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ക്കും അറിയിപ്പുകള്‍ നല്‍കുന്നതിനുമായി ആരംഭിച്ചിട്ടുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഔട്ട് ബോക്‌സ് കോഴിക്കോട് നോക്കുന്ന ആം ഓഫ് ജോയ് എന്ന സന്നദ്ധ സംഘടനയുടെ അനൂപ് ജി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നു. 111 വിളികള്‍ വിവിധ സേവനങ്ങള്‍, റിപ്പയര്‍ ആവശ്യപ്പെട്ടുകൊണ്ട് വന്നു. അവയില്‍ 105 എണ്ണവും ബന്ധപ്പെട്ട വകുപ്പ്, സംഘടനകളുമായി ഏകോപിച്ച് പരിഹരിക്കാനായി. ഇതില്‍ 54 വിളികള്‍ ഇലക്ട്രിക് ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ റിപ്പയറിന് വേണ്ടിയായിരുന്നു. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ 0495 2378810. ‘സ്‌നേഹപൂര്‍വം കോഴിക്കോട്’ പദ്ധതിയില്‍ കുടുംബങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷനും ഈ സെന്റര്‍ മുഖേന ചെയ്യാവുന്നതാണ്. ഈ പദ്ധതി പ്രഖ്യാപിച്ച ആദ്യദിനം തന്നെ 46 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപയുടെ അത്യാവശ്യ സാധനങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നു കഴിഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss