|    Dec 16 Sun, 2018 7:15 am
FLASH NEWS

സേവനപ്രവര്‍ത്തനത്തിനു മാതൃകയായി സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടവും

Published : 18th June 2018 | Posted By: kasim kzm

താമരശ്ശേരി: ഒരു നിമിഷം പോലും വിശ്രമമില്ലാതെ ജില്ലാ ഭരണ കൂടവും പോലിസും ദുരന്ത നിവാരണ സംഘവും പിന്നെ സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ വളണ്ടിയര്‍മാരും. നാലുദിനങ്ങലിലായി ആയിരത്തിലധികം പേരാണ് ദുരന്ത ഭൂമിയില്‍ കൈമെയ് മറന്ന് രംഗത്തുള്ളത്. മറ്റൊരു സ്ഥലത്തും കാണാത്ത തരത്തിലുള്ള സേവന തല്‍പരതയാണ് കരിഞ്ചോലയില്‍ കാണാന്‍ സാധിച്ചത്. ഇത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്നു.
29 ദിവസത്തെ നോമ്പു കഴിഞ്ഞുള്ള സന്തോഷകരമായ ചെറിയ പെരുന്നാള്‍ പോലും ഈ സന്നദ്ധ പ്രവര്‍ത്തകര്‍ വേണ്ടന്ന് വെക്കുകയായിരുന്നു. പലരും സ്വന്തം വീടുകളില്‍ പോയിട്ട് ദിവസങ്ങളായി. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ താഴെ കിടയിലുള്ള ജീവനക്കാര്‍ മുതല്‍ ഉന്നത ജില്ല ഓഫീസര്‍മാര്‍വരെ ഇവിടെ രാവും പകലും ക്യാംപ്‌ചെയ്തു പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ ദുരന്തത്തില്‍ രണ്ട് കിലോമീറ്ററിലധികം ദൂരമാണ് മണ്ണും പാറകളും ഒലിച്ചിറങ്ങിയത്.
ഇതില്‍ നാലുവീടുകളും 14 മനുഷ്യജീവനുകളും ആറ് ആടുകളും പെടുകയും ചെയ്തു. ഈ ഭീകരതാണ്ഡവത്തിനുമുന്നില്‍ ആദ്യം പകച്ചുപോയെങ്കിലും വരും വരായ്കകള്‍ കണക്കിലെടുക്കാതെ സേവനവുമായി ഒരുകൂട്ടം രംഗത്തിറഹ്ങുകയായിരുന്നു. നേതാക്കന്മാരുടെയോ,മന്ത്രിമാരുടെയോ മറ്റോ നിര്‍ദ്ദേശമില്ലാതെ തന്നെ.സംഭവസ്ഥലത്ത ഇതുവരെ മൂന്ന മന്ത്രിമാരും എംപിയും എംഎല്‍എയും നിരന്തരം എത്തുന്നു. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കൈമാറുന്നു.
സിപിഒമാര്‍  ഉന്നത പോലിസുദ്യോഗസ്ഥര്‍ വരെ വേണ്ടത് ചെയ്യുന്നു. ജില്ലാ കലക്ടര്‍ യു വി ജോസും താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖും മറ്റുള്ള ഉദ്യോഗസ്ഥരും വിശ്രമമില്ലാതെ ദുരന്ത ഭൂമിയില്‍ നേതൃത്വം നല്‍കുന്നു. ദുരന്ത നിവാരണ സേനയുടെ 80 പേര്‍,280 പേരടങ്ങിയ അഗ്നി ശമന വിഭാഗം,12 ലധികം സന്നദ്ധ സംഘടനകള്‍,ഏഴ് മണ്ണ് മാന്തി യന്ത്രങ്ങള്‍, ഇവര്‍ക്ക് പുറമേ രാഷ്ട്രീയമോ സംഘടന പിന്‍ബലമോ ഇല്ലാതെയുള്ള നാട്ടുകാരുടെ സംഘങ്ങള്‍ വേറെയും.
സിദ്ധീഖ് ഈര്‍പോണ, ഹമീദലി കോളിക്കല്‍ ,പി പി നവാസ്,വട്ടി റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതീക്ഷ താമരശ്ശേരിയുടെ 96 വളണ്ടിയര്‍മാര്‍ക്ക് പുറമേസ്വാന്തനം,വിഖായ, സിഎച്ച് സെന്റര്‍,ഡിവൈഎഫ്‌ഐ, സേവാ ഭാരതി, എയ്ഞ്ചല്‍, റെഡ് ക്രോസ്, ബിഎം എച്ച് ദുരന്ത നിവാരണ സേവകര്‍, ഐആര്‍ഡബ്ല്യു തുടങ്ങിയ സേവന പ്രവര്‍ത്തകരും ദുരന്ത ഭൂമിക്ക് പുറമേ മൂന്ന ക്യാംപുകളിലും കൈമെയ് മറന്നു സജീവമായി പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമെ നാട്ടുകാരുടെ നേതൃത്വത്തില്‍ ക്യാംപുകളില്‍ ഭക്ഷണമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss