|    Jul 24 Mon, 2017 11:59 am
FLASH NEWS

സേഫ്ടി പിന്‍ വിഴുങ്ങിയ കുട്ടിക്ക് ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം വേണ്ടി വരുമെന്ന് വ്യാജ വാര്‍ത്ത

Published : 19th August 2016 | Posted By: SMR

ആര്‍പ്പൂക്കര: സേഫ്ടി പിന്‍ വിഴുങ്ങിയ കുട്ടിക്ക് രണ്ടാമത്തെ ശസ്ത്രക്രിയക്ക് 50 ലക്ഷം രൂപ വേണ്ടിവരുമെന്നും ഇതിന് സാമ്പത്തിക സഹായവും ലൈക്കുകളും അഭ്യര്‍ഥിച്ച് സാമൂഹ്യ മാധ്യങ്ങളില്‍ പ്രചരിപ്പിക്കുന്ന (ഫേസ്ബുക്ക്) വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ബന്ധുക്കള്‍.
ചിത്രത്തിലെ കുട്ടിയും മാതാവിന്റെ ചിത്രവും വ്യാജമാണെന്നും ചികില്‍സയില്‍ കഴിയുന്ന കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒമ്പതു മാസം പ്രായമുള്ള പെണ്‍കുട്ടിയുടെ ചികില്‍സ സംബന്ധിച്ചാണ് വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത്. എന്നാല്‍ ആദ്യം ശസ്ത്രക്രിയ നടത്തിയെന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നത് കൂടാതെ രണ്ടാമത്തെ ശസ്ത്രക്രിയക്ക് 50 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് വാട്‌സ് ആപ്പ് കമ്പനി ഈ ചെലവ് ഏറ്റെടുത്തിട്ടുണ്ടെന്നും എല്ലാവരും ഒരു രൂപ വീതം നല്‍കി സഹായിച്ചാല്‍ കുട്ടി രക്ഷപ്പെടുമെന്നുമാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
വൈക്കം കുലശേഖര മംഗലം സ്വദേശിയായ രഞ്ജിത്തിന്റെ കുട്ടിയുടെ തൊണ്ടയിലാണ് സേഫ്ടി പിന്‍ കുടുങ്ങിയത്. മുലയൂട്ടുന്നതിനിടെ അമ്മയുടെ കഴുത്തിലെ മാലയില്‍ കോര്‍ത്ത സേഫ്ടി പിന്‍ കുട്ടിയുടെ വായ്ക്കുള്ളില്‍ വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു പുഷിങ്ങിലൂടെ അന്നനാളത്തിലേക്കും അവിടെ നിന്ന് ആമാശയത്തിലേക്കും പിന്‍ മേലോട്ടു ആക്കി തള്ളി നീക്കുകയായിരുന്നു. ചെറുകുടലില്‍ പ്രവേശിച്ച പിന്‍ പിന്നീട് വന്‍ കുടലിലൂടെ കടന്ന് മലദ്വാരത്തിലൂടെ പുറത്തുവരുമെന്ന് കണക്കുകൂട്ടലിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ പിന്‍ പുറത്തുപോയില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പിന്‍ കുടലില്‍ എവിടെയെങ്കിലും ഉടക്കിയിട്ടുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. തന്റെ കുട്ടിയുടേയോ ഭാര്യയുടേയോ ചിത്രമല്ല സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നതെന്നതിനാല്‍ ഇതു സംബന്ധിച്ച് ആര്‍ക്കെതിരേയും പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വ്യാജ വാര്‍ത്ത നല്‍കി പണപ്പിരിവ് നടത്തുവാനുള്ള ഏതോ സംഘത്തിന്റെ നീക്കമാണിതെന്ന് സംശയിക്കുന്നതായി ഗാന്ധിനഗര്‍ പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക