|    Mar 20 Tue, 2018 1:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സേനാപതി വേണുവിന്റെ സ്ഥാനാര്‍ഥിത്വത്തിന് വഴിതുറന്നത് ഹിന്ദി പ്രസംഗം

Published : 7th April 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകള്‍ക്കെതിരേ പ്രതികരിച്ച് ഒടുവില്‍ സ്ഥാനാര്‍ഥിയായതിന്റെ ത്രില്ലിലാണ് ഉടുമ്പഞ്ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ സേനാപതി വേണു. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയ്‌ക്കെതിരേ ഇദ്ദേഹം എഐസിസി സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ഹിറ്റാവുകയായിരുന്നു.
എല്ലാ പത്ര, ദൃശ്യ മാധ്യമങ്ങളും ഈ പ്രസംഗം റിപോര്‍ട്ട് ചെയ്തതോടെ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ നേടി. എഐസിസി ഓഫിസില്‍ ചായ കൊടുക്കുന്നവരും തൂത്തുവാരുന്നവരും സ്ഥാനാര്‍ഥികളാവുമ്പോള്‍ കാലാകാലങ്ങളായി പാര്‍ട്ടിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്താവുന്നുവെന്നായിരുന്നു വേണുവിന്റെ പ്രഭാഷണത്തിന്റെ പൊരുള്‍.
അര്‍ഹതയില്ലാത്തവര്‍ സ്ഥാനാര്‍ഥികളാവാന്‍ നടത്തുന്ന ശ്രമം അഖിലേന്ത്യാ നേതൃത്വത്തിനു മുന്നില്‍ ഹിന്ദിയില്‍ അവതരിപ്പിക്കാനും സേനാപതി വേണുവിനു സാധിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ദില്ലിയില്‍ എഐസിസി വിളിച്ചുചേര്‍ത്ത യോഗത്തില്‍ രണ്ടാമത്തെ പ്രാസംഗികനായിരുന്നു അന്ന് സേനാപതി വേണു. വേണുവിന്റെ പ്രസംഗത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിയ നേതൃത്വം അപാകതകള്‍ പരമാവധി പരിഹരിച്ചാണ് അന്നു സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലും ഇത് തുടരുന്നുണ്ടെന്ന് വേണു പറയുന്നു.
10 വര്‍ഷത്തെ സൈനിക സേവനത്തിലൂടെ ലഭിച്ച ഹിന്ദി ഭാഷാ പ്രാവീണ്യമാണ് അഭിപ്രായങ്ങള്‍ ദേശീയ നേതാക്കളുടെ ഭാഷയില്‍ത്തന്നെ അറിയിക്കാന്‍ തുണയായത്. പ്രസംഗം നടത്തി ഏഴു വര്‍ഷം പിന്നിട്ടപ്പോഴാണെങ്കിലും സീറ്റിന്റെ രൂപത്തില്‍ വേണുവിന് അതിന്റെ ഗുണം ലഭിച്ചു.
കെപിസിസി സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിനെ മറികടന്നാണ് വേണുവിന്റെ ഈ സ്ഥാനാര്‍ഥിത്വം. ഇരുപതാമത്തെ വയസ്സില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിട്ടുള്ള വേണു ഇതിനു മുമ്പ് ജില്ലാ കൗണ്‍സിലിലേക്ക് മല്‍ സരിച്ചിട്ടുണ്ട്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇദ്ദേഹം. 4,500 വോട്ടുകള്‍ക്ക് ജയിക്കുമെന്ന വിശ്വാസമാണ് വേണുവിനുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം എം മണിയാണ് പ്രധാന എതിരാളി. ബിഡിജെഎസ് സ്ഥാനാര്‍ഥിയായി സജി പറമ്പത്തും മല്‍സര രംഗത്തുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനാണ് സിറ്റിങ് എംഎല്‍എ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss