|    Dec 17 Mon, 2018 5:38 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സേതുവിന്റെ ക്വാറി വിരുദ്ധ പോരാട്ടം

Published : 25th November 2018 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍ – ബാബുരാജ് ബി എസ്
അഭിലാഷ് പടച്ചേരിയാണ് സേതുവിനെ പരിചയപ്പെടുത്തിത്തന്നത്. ഞങ്ങള്‍ കന്യാസ്ത്രീകളുടെ രണ്ടാംഘട്ട സമരത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അവിടെ വച്ചാണ് അഭിലാഷ്, ഒരാളെ കാണാനുണ്ടെന്നു പറഞ്ഞ് സെക്രട്ടേറിയറ്റ് പടിയില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്ന സേതുവിന്റെ സമരപ്പന്തലില്‍ കൊണ്ടുപോയത്.
ഒരു കീറപ്പായിലാണ് അദ്ദേഹത്തിന്റെ കിടപ്പ്. മെലിഞ്ഞ് ക്ഷീണിച്ച ശരീരം. കൈയില്‍ പഴയൊരു ഫോണ്‍. പന്തലിന്റെ ഒരു വശത്തായി 608 എന്ന് എഴുതിയിരിക്കുന്നു. അദ്ദേഹം സെക്രട്ടേറിയറ്റ് പടിയില്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് 608 ദിവസമായെന്ന് അഭിലാഷ് പറഞ്ഞു. അധികം പേരൊന്നും അവിടെ ചെല്ലാറില്ല. ചെല്ലുന്നവര്‍ കൊടുക്കുന്ന സഹായങ്ങളാണ് സേതുവിനെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തുന്നത്. പന്തലില്‍ വച്ച് തന്റെ സമരത്തെക്കുറിച്ച് സുഹൃത്തായ അന്‍സാര്‍ തയ്യാറാക്കിയ ലഘുലേഖ അദ്ദേഹം തന്നു. തന്റെ സമരത്തെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും ഹ്രസ്വമായിട്ടാണെങ്കിലും സംസാരിച്ചു.
കിളിമാനൂര്‍ മുളക്കല്‍ തോപ്പില്‍ ദലിത് കോളനി നിവാസിയാണ് സേതു. അവിടെ നിലവില്‍ 120 കുടുംബങ്ങള്‍ ജീവിക്കുന്നു. സേതുവിനു ഭാര്യയും രണ്ടു പെണ്‍കുട്ടികള്‍ അടക്കം മൂന്നു മക്കള്‍. ഭാര്യ കശുവണ്ടി ഫാക്ടറിയില്‍ ദിവസതൊഴിലാളി. കോളനിയില്‍ നിന്ന് കഷ്ടിച്ച് നൂറു മീറ്റര്‍ പരിധിയിലുള്ള എകെആര്‍ കരിങ്കല്‍ ക്വാറി തങ്ങളുടെ സൈ്വരജീവിതത്തെ ദോഷകരമായി ബാധിക്കുന്നെന്നു ബോധ്യമായപ്പോള്‍ തുടങ്ങിയതാണ് സേതുവിന്റെ സമരം.
ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ ഒരാളുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ക്വാറിയാണ് എകെആര്‍. പ്രാദേശിക രാഷ്ട്രീയനേതാക്കളാണ് ക്വാറിയുടെ നടത്തിപ്പുകാര്‍. മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരുമൊക്കെ മുഖ്യധാരാ പാര്‍ട്ടി നേതാക്കള്‍. ഈ ക്വാറി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലത്തുതന്നെയാണ് സേതു ഇവിടെ താമസം തുടങ്ങുന്നത്. അന്നൊക്കെ കൈകൊണ്ട് പാറ പൊട്ടിച്ചാണ് കരിങ്കല്ല് ശേഖരിച്ചിരുന്നത്. അതുകൊണ്ടുതന്നെ അക്കാലത്ത് ക്വാറി പൊതുജനങ്ങള്‍ക്ക് വലിയ ശല്യമായിരുന്നില്ല. കാലം ചെന്നപ്പോള്‍ ക്വാറിയില്‍ യന്ത്രവല്‍ക്കരണം നടപ്പാക്കി. വലിയ യന്ത്രങ്ങളുടെ സാന്നിധ്യവും പൊട്ടിത്തെറികളും ക്വാറിക്കു സമീപത്തെ ജീവിതം ദുസ്സഹമാക്കി. ഒരിക്കല്‍ പൊട്ടിയ പാറക്കഷണങ്ങളിലൊന്ന് സേതുവിന്റെ വീട്ടില്‍ വന്നുവീണു.
അപകടത്തിനെതിരേ പരാതി കൊടുത്തെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. പക്ഷേ, ഒന്നുണ്ടായി. ക്വാറി ഉടമയുടെ ഗുണ്ടകള്‍ സേതുവിനെ വീട്ടില്‍ വന്നു ഭീഷണിപ്പെടുത്തി. പെണ്‍മക്കളെ അധിക്ഷേപിക്കുകയും ചെയ്തു. ആദ്യമാദ്യം നാട്ടുകാരും ക്വാറിക്കെതിരേ സമരരംഗത്തിറങ്ങിയിരുന്നു. നാളുകള്‍ നീങ്ങവേ സമരക്കാരില്‍ കുറേ പേര്‍ പിന്‍വാങ്ങി.
പക്ഷേ, സേതു അതിനു തയ്യാറായിരുന്നില്ല. നാട്ടുകാര്‍ തുടങ്ങിയ സമരം സേതു മുന്നോട്ടുകൊണ്ടുപോയി. സെക്രട്ടേറിയറ്റ് പടിക്കല്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു. നാട്ടുകാരില്‍ ചിലരും സേതുവിനൊപ്പം ഉണ്ടായിരുന്നു. സമരം കനത്തപ്പോള്‍ എതിരാളികളും അടങ്ങിയിരുന്നില്ല. ഭാര്യയുടെ കശുവണ്ടി ഫാക്ടറിയിലെ തൊഴില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത തരത്തില്‍ അവരെ ഒറ്റപ്പെടുത്തി. സമരം ചെയ്യുന്ന സേതുവിനെ ആത്മഹത്യാ ശ്രമമെന്ന് ആരോപിച്ച് പോലിസ് അറസ്റ്റു ചെയ്തു. കുറച്ചു ദിവസം പൂജപ്പുര ജയിലില്‍ കഴിഞ്ഞു.
ക്വാറികള്‍ കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുന്നവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇതൊന്നും ആര്‍ക്കും അറിയാത്തതല്ലെങ്കിലും ക്വാറി മുതലാളിമാരുടെ സ്വാധീനവും പണവും ഇതിനെ സമര്‍ഥമായി മറച്ചുവച്ചു. ആദ്യകാലത്ത് ജനവാസം കുറഞ്ഞ മേഖലകളിലാണ് ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ക്വാറികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ആരും തിരിച്ചറിഞ്ഞിരുന്നില്ല.
പരിസ്ഥിതിചിന്ത ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയതിനു ശേഷമാണ് ക്വാറികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതികാഘാതം ശ്രദ്ധയില്‍ പെടുന്നത്. അതേത്തുടര്‍ന്ന് ധാരാളം ക്വാറിവിരുദ്ധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പക്ഷേ, അതിന്റെ നേതാക്കളില്‍ പലരും ഉന്നതരില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പുകളെ തടഞ്ഞുനിര്‍ത്താന്‍ കെല്‍പുള്ളവരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സേതുവിനെപ്പോലുള്ളവരുടെ പോരാട്ടങ്ങള്‍ പ്രധാനമാകുന്നത്. തന്റെ കുടുംബത്തിന്റെ സുരക്ഷയല്ല, വികസനരംഗത്തെ തെറ്റായ കാഴ്ചപ്പാടുകളാണ് സേതു എതിര്‍ത്തു തോല്‍പിക്കാന്‍ ശ്രമിക്കുന്നത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss