|    Jan 18 Wed, 2017 11:49 pm
FLASH NEWS

സെല്ലുലോയ്ഡ് മാന്‍ പി കെ നായര്‍ ഓര്‍മ

Published : 5th March 2016 | Posted By: SMR

മുംബൈ: ചലച്ചിത്ര പണ്ഡിതനും നാഷനല്‍ ഫിലിം ആര്‍കൈവ്‌സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും മുന്‍ ഡയറക്ടറുമായ പി കെ നായര്‍ (83) അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. ഇന്നലെ രാവിലെ പൂനെയിലെ സഹ്യാദ്രി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഫിലിം ആര്‍കൈവ്‌സില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം മൃതദേഹം പൂനെയില്‍ സംസ്‌കരിക്കും. പരേതയായ രാധയാണ് ഭാര്യ. മക്കള്‍: ബീന, ബിജു നായര്‍, ബികേഷ് നായര്‍, പരേതയായ ബിന്ദു. മരുമക്കള്‍: സതീഷ്, പ്രീതി, സുധി.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പലരും ഗുരുതുല്യനായി കാണുന്ന പരമേശ് കൃഷ്ണന്‍ നായര്‍ എന്ന പി കെ നായര്‍ ‘സെല്ലുലോയ്ഡ് മാന്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. വിവിധ കാരണങ്ങളാല്‍ നശിച്ചുപോവുമായിരുന്ന ആയിരക്കണക്കിന് സിനിമകളുടെ നെഗറ്റീവ് കണ്ടെത്തി വരുംതലമുറയ്ക്കു പ്രയോജനപ്പെടുത്തുംവിധം ഫിലിം ആര്‍കൈവ്‌സില്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാല്‍ക്കെയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയമര്‍ദ്ദന്‍, ബോംബെ ടാക്കീസ് ചിത്രങ്ങളായ ജീവന്‍ നെയ്യ, ബന്ദന്‍, കാംഗന്‍, അച്യുത്കന്യ, കിസ്മത്ത്, എസ് എസ് വാസന്റെ ചന്ദ്രലേഖ, ഉദയശങ്കരന്റെ കല്‍പന തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും. 12,000 ചിത്രങ്ങള്‍ അദ്ദേഹം ശേഖരിച്ചു.
കേരള സര്‍വകലാശാലയില്‍നിന്നു ബിരുദമെടുത്ത ശേഷം സിനിമയില്‍ ആകൃഷ്ടനായി 1953ലാണ് പി കെ നായര്‍ മുംബൈയില്‍ എത്തുന്നത്. മെഹബൂബ് ഖാന്‍, ബിമല്‍ റോയ്, ഋഷികേശ് മുഖര്‍ജി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1961ല്‍ റിസര്‍ച്ച് അസിസ്റ്റന്റായാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നത്. 1964ല്‍ അദ്ദേഹം ഫിലിം ആര്‍കൈവ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചു. 1965ല്‍ ക്യൂറേറ്ററായി നിയമിതനായി. 1991ല്‍ വിരമിക്കുമ്പോള്‍ ഡയറക്ടറായിരുന്നു. ശിവേന്ദ്ര സിങ് ദുംഗാര്‍പൂര്‍ നിര്‍മിച്ച സെല്ലുലോയ്ഡ്മാന്‍ എന്ന ഡോക്യുമെന്ററിയില്‍ പി കെ നായരുടെ ജീവചരിത്രം ചിത്രീകരിച്ചിട്ടുണ്ട്. 50 അന്താരാഷ്ട്ര ചലചിത്രോല്‍സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ഡോക്യുമെന്ററിയാണിത്. രണ്ട് ദേശീയ അവാര്‍ഡ് ഈ ഡോക്യുമെന്ററിക്ക് ലഭിച്ചു.
2013 മെയ് 3ന് റിലീസ് ചെയ്ത ഡോക്യുമെന്ററി ഇഗ്ലീഷ്, കന്നഡ, ബംഗാളി ഭാഷകളില്‍ സബ് ടൈറ്റില്‍ ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും സൗത്ത് ഏഷ്യന്‍ സിനിമ ഫൗണ്ടേഷനും ചേര്‍ന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി. 1998ല്‍ സത്യജിത് റേ സ്മാരക പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 99 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക