|    May 23 Tue, 2017 6:20 pm
FLASH NEWS

സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് നാളെ തുടക്കം

Published : 23rd September 2016 | Posted By: SMR

കൊച്ചി: പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് നാളെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാവും. രാവിലെ ഒമ്പതിന് ചലച്ചിത്രതാരം പത്മശ്രീ ഭരത് മമ്മൂട്ടി മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് മല്‍സരങ്ങള്‍. ദക്ഷിണേന്ത്യന്‍ സിനിമാമേഖലയില്‍നിന്നുള്ള നാലു ടീമുകള്‍ തമ്മില്‍ ലീഗ് മല്‍സരമാണു കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.
മലയാളത്തില്‍നിന്ന് അമ്മ കേരള റോയല്‍സ്, തമിഴ് സിനിമയില്‍നിന്ന് ചെന്നൈ റോക്കേഴ്‌സ്, കന്നട സിനിമാ മേഖലയെ പ്രതിനിധീകരിച്ച് കര്‍ണാടക ആല്‍പ്‌സ്, തെലുങ്കില്‍നിന്നു ടോളിവുഡ് തണ്ടേഴ്‌സ് എന്നീ ടീമുകളാണു ലീഗില്‍ പങ്കെടുക്കുന്നത്.    ഓരോ ടീമിനും ആറു മല്‍സരങ്ങളാണുണ്ടാവുക. മൂന്ന് പുരുഷ ഡബിള്‍സ്, ഒരു വനിതാ ഡബിള്‍സ്, ഒരു മിക്‌സഡ് ഡബിള്‍സ് എന്ന രീതിയിലാണു മല്‍സരങ്ങള്‍. വൈകീട്ട് അഞ്ചിന് വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും. കാണികള്‍ക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും പാസുകളിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ 8.30 മുതല്‍ കാണികള്‍ക്ക് സ്‌റ്റേഡിയത്തിലേക്കു പ്രവേശിക്കാം. കൊച്ചിക്കു ശേഷം ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ലീഗ് മല്‍സരങ്ങളും  നവംബര്‍ 12നു മലേസ്യയില്‍ ഫൈനലും നടക്കും. ചെന്നൈ ആസ്ഥാനമായുള്ള രഞ്ജിത് കരുണാകരന്റെ ഉടമസ്ഥതയിലുള്ള  കേരള റോയല്‍സ് കമ്പനിയാണ് കേരള ടീമിന്റെ ഉടമസ്ഥര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day