|    Nov 15 Thu, 2018 8:09 am
FLASH NEWS

സെയ്ത് മുഹമ്മദ് സാഹിബിനെ ഓര്‍ക്കുമ്പോള്‍

Published : 21st December 2015 | Posted By: TK

 

നിരവധി പേര്‍ക്ക് വഴികാട്ടിയായ, നിരവധി രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, സാംസ്‌കാരികരംഗത്ത് ഊര്‍ജകേന്ദ്രമായിരുന്ന ചരിത്രകാരന്‍ പി എ സെയ്ത് മുഹമ്മദിന്റെ നാല്‍പതാം ചരമദിനമാണിന്ന്‌


 

 

എം അബ്ദുല്‍ ഹമീദ്

ഡിസംബര്‍ 20 എന്ന തിയ്യതി മനസ്സില്‍ കൊത്തിവച്ചിരിക്കുകയാണ്. എന്തുകൊണ്ടെന്നാല്‍ അന്നാണ് എനിക്കു ഗുരുതുല്യനായ സെയ്ത് മുഹമ്മദ് സാഹിബ് അന്തരിച്ചത്. ഇന്നും ഒരു ചിത്രത്തിലെന്നപോലെ ആ രംഗം ഞാനോര്‍ക്കുന്നു. ലൂര്‍ദ്ദാശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന രംഗം. ഞാനും മേയറായിരുന്ന ഹംസക്കുഞ്ഞും ഒന്നിച്ചാണ് അദ്ദേഹത്തെ കാണാന്‍ പോയത്. അസുഖക്കാരനാണെന്ന ഒരു ഭാവവുമില്ല. അദ്ദേഹത്തിന്റെ പത്‌നി ഖദീജ ടീച്ചര്‍ കൂടെത്തന്നെയുണ്ട്. പതിവുശൈലിയില്‍ എഴുന്നേറ്റിരുന്നു. നര്‍മം വിതറുന്ന സംഭാഷണം തുടങ്ങി. അധികം സംസാരിക്കരുതെന്ന് വിലക്കുണ്ടായിരുന്നു. സുഹൃത്തുക്കളെ കാണുമ്പോള്‍ അതൊക്കെ മറക്കും. സംഭാഷണം ആഹാരകാര്യങ്ങളിലേക്ക് വഴുതി വീണു. മുട്ടപ്പലഹാരത്തിനായുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അതു വിലക്കപ്പെട്ട ഭക്ഷണമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങള്‍ക്കു നിവര്‍ത്തിക്കാനായില്ല. ആ സങ്കടം ഇന്നും എനിക്കുണ്ട്.
ഞാന്‍ സെയ്ത് മുഹമ്മദ് സാഹിബിനെ പരിചയപ്പെട്ടത് 1970കളില്‍ കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കാലഘട്ടത്തിലായിരുന്നു എന്നാണ് ഓര്‍മ. എന്റെ കറവപ്പശു എന്ന ആദ്യ നോവല്‍ പുസ്തകമാക്കാന്‍ സഹായിച്ചത് സെയ്ത് മുഹമ്മദ് സാഹിബാണ്. ചെറുപ്പത്തില്‍ തന്നെ സ്വാതന്ത്ര്യസമരത്തില്‍ ചെന്നു ചാടുകയും ചരിത്രഗവേഷണം ഒരു പാഷനായി ഏറ്റെടുത്തയാളുമാണ് സെയ്ത് മുഹമ്മദ് സാഹിബ്. അന്യരെ സഹായിക്കുന്ന മനസ്സുണ്ടായിരുന്നു എന്നതാണ് പിഎയുടെ വലിയ ഒരു ഗുണം. എന്നെ കൈപിടിച്ചുയര്‍ത്തിയതു പോലെ, ജമാല്‍ കൊച്ചങ്ങാടി, പ്രിയംവദ, അബ്ദുല്‍ റഹ്മാന്‍, എന്‍ കെ എ ലത്തീഫ് എന്നിങ്ങനെ പലരെയും സെയ്ത് സാഹിബ് സഹായിച്ചിട്ടുണ്ട്. അതുപോലെ തന്നെ സാഹിത്യകാരന്മാര്‍ തമ്മിലുള്ള അസ്വാരസ്യങ്ങളും പടലപ്പിണക്കങ്ങളും പറഞ്ഞുതീര്‍ത്ത് അവരെ ഒരുമിപ്പിക്കുന്നതില്‍ സെയ്ത് മുഹമ്മദ് സാഹിബിനുള്ള പ്രാഗല്ഭ്യം ഒന്നു വേറെത്തന്നെയായിരുന്നു. കേരളത്തിലെ അതികായന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അഴീക്കോടും സി പി ശ്രീധരനും തമ്മില്‍ പിണങ്ങിയപ്പോള്‍ അവരെ ഒരുമിപ്പിച്ചുകൊണ്ടുപോയ സംഭവം ഞാനോര്‍ക്കുന്നു. അതുപോലെ സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയായിരുന്ന കെ ടി തര്യനോട് പരിഷത്തിന്റെ പ്രസിഡന്റായിരുന്ന അഴീക്കോട് കോപിച്ച് ഇറങ്ങിപ്പോവുന്ന വക്കിലെത്തിയ ഒരു സന്ദര്‍ഭം എന്റെ ഓര്‍മയിലെത്തുകയാണ്. ഹിസ്റ്ററി അസോസിയേഷന്‍ ഓഫിസാണ് രംഗം. ഞാനും സെയ്ത് മുഹമ്മദ് സാഹിബും കലേശനും മറ്റും ഉണ്ട്. കോപിച്ചു, പൊട്ടിത്തെറിച്ച് അഴീക്കോട് എഴുന്നേറ്റ് പോവാന്‍ തുടങ്ങിയപ്പോള്‍, അവിടെ പിടിച്ചിരുത്തി നര്‍മസംഭാഷണത്തിലൂടെ സെയ്ത് മുഹമ്മദ് സാഹിബ് രംഗം ശാന്തമാക്കിയതു ഞാനിപ്പോഴും ഓര്‍ക്കുന്നു.
സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ഒരു ബലഹീനതയായിരുന്നു. ഓരോരുത്തരെയും ഫോണില്‍ വിളിക്കുകയും വിശേഷം അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ആളുകളെ പ്രവര്‍ത്തനനിരതരാക്കാനും സമാനമനസ്‌കരെ കോര്‍ത്തിണക്കി ഒരു ടീം ആയി കൊണ്ടുപോവാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ദീര്‍ഘകാലം സെക്രട്ടറിയായിരുന്ന ഹിസ്റ്ററി അസോസിയേഷന്‍ ഓഫിസ് എറണാകുളത്തെയും പരിസരപ്രദേശത്തെയും മാത്രമല്ല, കേരളത്തിലെ സാഹിത്യകാരന്മാരുടെ ഒരു സംഗമസ്ഥലമായിരുന്നു.
കഴിവുറ്റ ഒരു സംഘാടകനും കൂടിയായിരുന്നു സെയ്ത് മുഹമ്മദ് സാഹിബ്. കൊച്ചിയില്‍ തുറമുഖത്തൊഴിലാളി യൂനിയന്റെ ജൂബിലി സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചത് അദ്ദേഹമാണ്. അതുപോലെ തന്നെ ജൈനന്മാരുടെ ജൂബിലിസമ്മേളനം, കൊങ്കിണി സാഹിത്യമണ്ഡല ജൂബിലി സമ്മേളനം, സമസ്തകേരള സാഹിത്യപരിഷത്തിന്റെ ജൂബിലി സമ്മേളനം, ഇങ്ങനെ എത്രയെത്ര സമ്മേളനങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം. ഇതെല്ലാം വെറും സമ്മേളനങ്ങളായിരുന്നില്ല. ദിവസങ്ങള്‍ നീളുന്ന മാമാങ്കങ്ങളായിരുന്നു. കേരളാ ഹിസ്റ്ററി അസോസിയേഷന്‍ എന്ന സംഘടന തന്നെ പുനസ്സംഘടിപ്പിക്കുകയും മഹാരാജാസ് കോളജിന്റെ കാംപസില്‍ അതിനൊരു ഓഫിസ് സംഘടിപ്പിച്ചെടുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ മിടുക്കു കൊണ്ടാണ്.
നല്ലയാഹാരം ഇഷ്ടപ്പെടുന്ന അദ്ദേഹം ഒരു സല്‍ക്കാരപ്രിയനുമായിരുന്നു. സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടുപോയി സല്‍ക്കരിക്കുക എന്നത് അദ്ദേഹത്തിന് വളരെ സന്തോഷമുള്ള കാര്യമായിരുന്നു.
അദ്ദേഹത്തിന്റെ ഈ സ്വഭാവവിശേഷങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടു പോവുന്നതില്‍ പ്രധാന പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ പത്‌നി ഖദീജ ടീച്ചറാണ്. അകാലത്തിലെ മരണം ടീച്ചറില്‍ ഏല്‍പ്പിച്ച ആഘാതം സങ്കല്‍പ്പത്തിനുമതീതമാണ്. പറക്കമുറ്റാത്ത മൂന്നു പെണ്‍കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തി ഒരു സ്ഥാനത്തെത്തിക്കാന്‍ അവര്‍ അനുഭവിച്ച ത്യാഗം വലുതാണ്. ആ ത്യാഗത്തിന്റെ സദ്ഫലം ഉന്നതപദവികളിലെത്തിച്ചേര്‍ന്ന മക്കളില്‍ കൂടി ആസ്വദിക്കാന്‍ സര്‍വശക്തന്‍ അവര്‍ക്കു ഭാഗ്യം നല്‍കുകയുണ്ടായി. ഉന്നതമായ വിദ്യാഭ്യാസം തനിക്കു നേടാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ മക്കള്‍ക്ക് അതു ലഭ്യമാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ചെറുപ്പത്തിലേ വശമാക്കിയ വായന അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തെ വികസിപ്പിച്ചു. ഇടുങ്ങിയ മതചിന്തകള്‍ക്കപ്പുറത്തു ജീവിതം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹത്തിനതുകൊണ്ടു സാധിച്ചു. നര്‍മത്തില്‍ പൊതിഞ്ഞ സംഭാഷണവും നര്‍മം ആസ്വദിച്ച് കുലുങ്ങിക്കുലുങ്ങിയുള്ള ചിരിയും എത്രയോ തവണ അനുഭവിച്ചതോര്‍മിക്കുന്നു.
സ്വന്തം മാതാവിനോടും അതിരറ്റ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. എവിടെ ടൂര്‍പോയാലും കൊടുങ്ങല്ലൂരില്‍ എത്തി ഉമ്മയെ കാണുക എന്നുള്ളത് അനുഷ്ഠാനം തന്നെയായിരുന്നു. ഈ സ്‌നേഹം കാണിക്കുന്ന ഒരു സംഭവം ഒ പി ജോസഫ് ചെരിപ്പ് കാക്കുന്ന ഉമ്മ എന്ന പേരില്‍ സെയ്ത് മുഹമ്മദ് സാഹിബിന്റെ മരണ ശേഷം പ്രസിദ്ധീകരിച്ച സ്മൃതിരേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രമായിരുന്നല്ലോ പി എയുടെ ഇഷ്ടവിഷയം. കേരള മുസ്‌ലിം ചരിത്രം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഈ പുസ്തകങ്ങളൊന്നും ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടാനില്ലെന്നതു ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ മക്കള്‍, അവ പുനപ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുമെന്ന് ആശിക്കുന്നു.
സമസ്തകേരള സാഹിത്യപരിഷത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിനു കാര്യമായ പങ്കുണ്ട്. കൃഷ്ണകുമാര്‍ കലക്ടറായിരുന്ന സമയത്ത് മറ്റു സാഹിത്യകാരന്മാരോടൊപ്പം, ഇപ്പോള്‍ പരിഷത്തുനില്‍ക്കുന്ന സ്ഥലം സര്‍ക്കാരില്‍നിന്നു പതിച്ചുവാങ്ങിക്കാനും ധനശേഖരണം നടത്തി ഇന്നു കാണുന്ന രൂപത്തിലുള്ള പരിഷത് മന്ദിരം നിര്‍മിക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. സി പി ശ്രീധരന്‍, ഒ പി ജോസഫ്, എം പരമേശ്വരന്‍ നായര്‍, ടാറ്റാപുരം സുകുമാരന്‍, നര്‍മദാ രാഘവന്‍ നായര്‍, അഴീക്കോട്, കെ ടി തര്യന്‍, ടി കെ സി വടുതല, പോഞ്ഞിക്കര റാഫി മുതലായ സാഹിത്യകാരന്മാരുമായുള്ള കൂട്ടായ്മ എടുത്തുപറയത്തക്കതാണ്. കേരളസാഹിത്യ അക്കാദമിയില്‍ അദ്ദേഹം വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നു.
നല്ലവരെ ദൈവം നേരത്തെ വിളിക്കുമെന്ന് ഒരു ചൊല്ലുണ്ടല്ലോ. ആ ചൊല്ല് അന്വര്‍ഥമാക്കുമാറ്, അദ്ദേഹത്തെ ദൈവം നേരത്തേ വിളിച്ചു. വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. അദ്ദേഹം ദിവംഗതനായിട്ട് നാല്‍പ്പത് വര്‍ഷങ്ങളായി എന്നു വിശ്വസിക്കാനാവുന്നില്ല. ഫൈന്‍ ആര്‍ട്‌സ് ഹാളിന്റെ മുന്‍വശത്തുള്ള കായല്‍ തീരത്തെ അരമതിലില്‍ ഇരുന്ന് ഞങ്ങളെയൊക്കെ നര്‍മസംഭാഷണത്തിലൂടെ കുടുകുടാ ചിരിപ്പിച്ച ആ മഹാമനിഷി നമ്മെ വിട്ടുപിരിഞ്ഞു എന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസം. സാഹിത്യരംഗത്ത് ഓരോ പടവ് കയറുമ്പോഴും എന്റെ ആദ്യ കൃതിയായ കറവപ്പശു വെളിച്ചം കാണാന്‍ സഹായിച്ച ഗുരുതുല്യനായ സെയ്ത് മുഹമ്മദ് സാഹിബിനെ മറക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കു മുമ്പില്‍ ഈ എളിയവന്റെ ആദരാഞ്ജലികള്‍.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss