|    May 23 Tue, 2017 6:08 pm
FLASH NEWS

സെമിയിലെങ്കിലും എത്തുക ലക്ഷ്യമെന്ന് സജന്‍ പ്രകാശ്

Published : 14th July 2016 | Posted By: SMR

ഹൈദരാബാദ്: റിയോ ഒളിംപിക്‌സ് നീന്തലില്‍ സെമി ഫൈനലിലെങ്കിലും എത്തുകയെന്നതാണ് തന്റെ മുഖ്യ ലക്ഷ്യമെന്ന് മലയാളി താരം സജന്‍ പ്രകാശ് പറഞ്ഞു. മുന്‍ ഒളിംപ്യന്‍മാരായ സന്ദീപ് സെജ് വാള്‍, വീര്‍ധവാല്‍ ഖാഡെ എ ന്നിവരെക്കൂടാതെ ആരണ്‍ ഡിസൂസ, സൗരഭ് സാങ്‌വേക്കര്‍ എന്നിവരെയും മറികടന്നാണ് സജന് റിയോ ഒളിംപിക്‌സിനു ടിക്കറ്റ് ലഭിച്ചത്.
നീന്തലില്‍ ഇന്ത്യക്ക് ലഭിച്ച ഏക ബെര്‍ത്തിന് സജന്റെ പേര് ഫെഡറേഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വനിതകളില്‍ ശിവാനി കതാരിയയാണ് ഒളിംപിക്‌സില്‍ ഇന്ത്യക്കായി നീന്തല്‍ക്കുളത്തിലിറങ്ങുക.
ഒളിംപിക്‌സിന് തന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും ഷോക്കായെന്ന് സജന്‍ പറഞ്ഞു. ഹോങ്കോങ് വിമാനത്താവളത്തില്‍ നില്‍ക്കെ ഒരു സുഹൃത്താണ് നീ ഒളിംപിക്‌സ് ടീമിലുണ്ടെന്നറിയിച്ച് എനിക്കു സന്ദേശമയച്ചത്. ഇതു കണ്ട് നാലു മണിക്കൂറോളം സ്തബ്ധനായ എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.  ഈ വാര്‍ത്ത സത്യമാണോയെന്ന് അപ്പോഴും ഞാന്‍ സംശയിച്ചു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം കോച്ചും ഇത് സത്യമാണെന്ന് അറിയിച്ചതോടെയാണ് ഞാന്‍ വിശ്വസിച്ചത്-സജന്‍ പറഞ്ഞു.
സെജ്‌വാള്‍, ഖാഡെ, ഡിസൂസ, സൗരഭ് എന്നിവരും മികച്ച താരങ്ങളാണ്. അവരെ മറികടന്ന് ഒളിംപിക്‌സില്‍ മല്‍സരിക്കാനായതില്‍ സന്തോഷമുണ്ട്. അവരും ഒളിംപിക്‌സ് ബെര്‍ത്തിനായി ചാംപ്യന്‍മാരെപ്പോലെ ശ്രമിച്ചു. അവസാനനിമിഷം വരെ നാലു പേരും വിട്ടുകൊടുത്തിരുന്നില്ല. റിയോയില്‍ ഇവര്‍ക്കുവേണ്ടിയാണ് ഞാന്‍ മല്‍സരിക്കാനൊരുങ്ങുന്നത്- 22കാര നായ താരം മനസ്സ്തുറന്നു.
ഒളിംപിക്‌സില്‍ മല്‍സരിക്കുകയെന്നത് കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നമായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഒളിംപിക്‌സ് യോഗ്യത നേടാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ഈ വര്‍ഷം ജനുവരിയില്‍ എന്റെ കൈക്കുഴയ്ക്കു പരിക്കേറ്റു. ഇതോടെ റിയോ ഒളിംപിക്‌സ് സാധ്യതകള്‍ അവസാനിച്ചുവെന്ന് ഞാന്‍ ഭയപ്പെട്ടു.
റിയോയില്‍ സെമി ഫൈനലിലെങ്കിലും എത്താനായാല്‍ അതു വലിയ നേട്ടമാവും. കാര ണം, ഇന്ത്യയില്‍ നിന്ന് ഇതുവരെ ഒരു താരത്തിനും ഇതിനു സാധിച്ചിട്ടില്ല.
സെമി ബെര്‍ത്ത് ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 1.57 സെക്കന്റില്‍ എനിക്കു ഫിനിഷ് ചെയ്യേണ്ടിവരും- സജന്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day