|    Oct 21 Sun, 2018 10:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സെമിനാറിന് വേദി നിഷേധിച്ചത് ഗൂഢാലോചന : മുന്‍ ഉപരാഷ്ട്രപതിയെ സര്‍വകലാശാല അപമാനിച്ചു

Published : 25th September 2017 | Posted By: fsq

 

പി  വി   മുഹമ്മദ്  ഇഖ്ബാല്‍

തേഞ്ഞിപ്പലം: സുവര്‍ണ ജൂബിലി ആഘോഷിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണെന്നു കാലിക്കറ്റ് സര്‍വകലാശാലാ അധികാരികള്‍ പെരുമ നടിക്കുമ്പോഴും രാഷ്ട്രം ആദരിക്കുന്ന മുന്‍ ഉപരാഷ്ട്രപതി മുഹമ്മദ് ഹാമിദ് അന്‍സാരിയെ സര്‍വകലാശാല അപമാനിച്ചു. ഷാര്‍ജാ സുല്‍ത്താനെ വിളിച്ചു വരുത്തി ഹോണററി ഡിലിറ്റ് നാളെ നല്‍കാനിരിക്കെയാണു ഹാമിദ് അന്‍സാരിക്ക് വേദി നിഷേധിച്ച് സര്‍വകലാശാല അപമാനിച്ചത്. കാംപസിലുള്ള ഇസ്‌ലാമിക് ചെയറിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസും നാഷനല്‍ വിമന്‍സ് ഫ്രണ്ടുമായിരുന്നു വാഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ കഴിഞ്ഞ 23, 24 തിയ്യതികളില്‍ “ക്ഷേമ സമൂഹ നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാറിനു തീരുമാനിച്ചിരുന്നത്. കഴിഞ്ഞ മെയ് 30നു സര്‍വകലാശാല ഇതിന് അനുമതിയും നല്‍കി. എന്നാല്‍ പിന്നീടു ചില പ്രമാണിമാര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി സെമിനാര്‍ കോംപ്ലക്‌സ് അനുവദിക്കാന്‍ സാധിക്കില്ലെന്നു കഴിഞ്ഞ 22നു യൂനിവേഴ്‌സിറ്റി സംഘാടകരെ അറിയിച്ചു. ഇതേ സെമിനാര്‍ കോംപ്ലക്‌സിലായിരുന്നു മുന്‍ വി സി യുടെ കാലത്ത് ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്ത ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന സമ്മേളനം കേരളമൊട്ടാകെ പ്രചാരണം നടത്തി കൊണ്ടാടിയിരുന്നത്. ഇതിന് അനുമതി നല്‍കിയ വാഴ്‌സിറ്റി പിഎല്‍ഡി വിഭാഗവും  ഉദ്യോഗസ്ഥരുമാണു ഹാമിദ് അന്‍സാരിയുടെ പരിപാടി തടഞ്ഞത്. ഇസ്‌ലാമിക് ചെയറുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കെല്ലാം വിസിറ്റിങ് പ്രഫസറുടെ നേതൃത്വത്തിലാണ് അനുമതി വാങ്ങേണ്ടത്. സെമിനാറിന് അനുമതി നല്‍കി മൂന്നര മാസത്തിലധികം എതിര്‍പ്പില്ലാതിരുന്ന വാഴ്‌സിറ്റി അധികാരികളും ചെയറിന്റെ വക്താക്കളും സെമിനാറിന്റെ തലേദിവസം വാളോങ്ങി വന്നത് വാഴ്‌സിറ്റി ഭരണകാര്യാലയത്തില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ചെയറിന്റെ ട്രസ്റ്റില്‍പ്പെട്ട ഒരു വക്കീലിനെ ഉപയോഗിച്ചാണു പരിപാടി തടഞ്ഞത്.  വൈസ് ചാന്‍സലര്‍ക്ക് കത്തു നല്‍കാന്‍ ഇദ്ദേഹത്തോടു പറഞ്ഞത് അനുസരിച്ചാണ് ഇസ്‌ലാമിക് ചെയറിന് സെമിനാറുമായി ബന്ധമില്ലെന്ന് ഇയാള്‍ വിസിയെ അറിയിക്കുന്നത്. ഇസ്‌ലാമിക് ചെയറിന്റെ കീഴിലുള്ള സെമിനാറാണെന്ന് വാഴ്‌സിറ്റി പബ്ലിക് റിലേഷന്‍ ഓഫിസ് വഴി മാധ്യമങ്ങള്‍ക്കു റിലീസ് നല്‍കുകയും ചെയ്തിരുന്നു. മുന്‍ ഉപരാഷ്ട്രപതി വരുന്ന പരിപാടിക്ക് വ്യാപകമായ പ്രചാരണം എന്തുകൊണ്ടു നടത്തിയില്ലെന്നതായിരുന്നു എതിരാളികളുടെ ചോദ്യം. മുന്‍ ഉപരാഷ്ട്രപതിയുള്ള സ്റ്റേജില്‍ പരാതിക്കാര്‍ക്കു സ്ഥാനമില്ലാതായതും വേദി നിഷേധിക്കലിനു കാരണമായി. വാഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സ് വാടകയ്ക്ക് നല്‍കാന്‍ മുന്‍ വി സിയുടെ കാലത്ത് സിന്‍ഡിക്കേറ്റെടുത്ത തീരുമാനം ഇപ്പോഴും നിലനില്‍ക്കെയാണ് സെമിനാര്‍ നടത്തിപ്പിന് വാടകയ്ക്ക് പോലും വേദി നല്‍കാതിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss