|    Jan 24 Tue, 2017 12:56 pm
FLASH NEWS

സെന്‍സര്‍ ബോര്‍ഡിന്റെത് ഉട്ടോപ്യന്‍ തീരുമാനങ്ങള്‍: കമല്‍

Published : 3rd August 2016 | Posted By: SMR

തിരുവനന്തപുരം: കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന ഉട്ടോപ്യന്‍ തീരുമാനങ്ങളാണ് കുറച്ചുകാലമായി സെന്‍സര്‍ ബോര്‍ഡ് എടുക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സെന്‍സര്‍ എന്ന വാക്കുപോലും ആവശ്യമില്ലാത്തതാണ്. സര്‍ട്ടിഫിക്കേഷനു മാത്രം ചുമതലയുള്ള ബോര്‍ഡ് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് പറയുന്നതിനെ അംഗീകരിക്കാനാവില്ലെന്നും കമല്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാകമ്മിറ്റി കേസരി ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ഈ നിലപാടിന്റെ തുടര്‍ച്ചയാണ് കഥകളി എന്ന സിനിമയുമായി ബന്ധപ്പെട്ട് ബോര്‍ഡില്‍നിന്നുണ്ടായത്. കസബയുടെ കാര്യത്തില്‍ വനിതാകമ്മീഷന്റെ നിലപാടില്‍ പരാതിയില്ല. എന്നാല്‍, കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ നിയന്ത്രിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ല.
നല്ല സിനിമകള്‍ ഗ്രാമങ്ങളിലെ കാണികളിലേക്കുമെത്തിക്കുന്നതിനാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനെന്ന നിലയില്‍ മുന്‍ഗണന നല്‍കുന്നത്. ഇതിനായി മുമ്പുണ്ടായിരുന്ന ടൂറിങ് ടാക്കീസ് പുനരാവിഷ്‌കരിക്കും. കുടുംബശ്രീ, ഫിലിം സൊസൈറ്റികള്‍, ഗ്രന്ഥശാലാ സംഘങ്ങള്‍ എന്നിവയുടെ സഹായം തേടും. ടെലിവിഷന്‍ സീരിയല്‍ കാഴ്ചകളില്‍ മരവിച്ചുപോയ സ്ത്രീകളിലേക്ക് ക്ലാസിക് സിനിമകള്‍ എത്തിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും കമല്‍ പറഞ്ഞു.
അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കവടിയാറുള്ള മൂന്നര ഏക്കര്‍ ഭൂമിയില്‍ സ്ഥിരംവേദി ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. ഫെസ്റ്റിവല്‍ കോംപ്ലക്‌സ് മറ്റുള്ള സമയങ്ങളില്‍ നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഉപയോഗിക്കും. കുട്ടികള്‍ക്കായുള്ള ചലച്ചിത്രമേള ഭാവിയില്‍ കേരളത്തില്‍ നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.
അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച രീതിയില്‍ നടത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും കമല്‍ പറഞ്ഞു. അക്കാദമി വൈസ് ചെയര്‍പേഴ്‌സണായി ചുമതലയേല്‍ക്കുന്ന ബീനാപോളിന് ഇത്തവണ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സ്ഥാനമുണ്ടായിരിക്കില്ല. അവരും ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണിത്.  അടൂര്‍ ഗോപാലകൃഷ്ണന് സമശീര്‍ഷനായി ലോകസിനിമയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവുന്ന സംവിധായകര്‍ മലയാള സിനിമയില്‍പിന്നീടുണ്ടായിട്ടില്ല. പ്രതിഭകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും ധാരാളം പരിമിതികള്‍ക്ക് അകത്തുനിന്നാണ് സിനിമ ചെയ്യേണ്ടിവരുന്നത്.
കമലാസുരയ്യയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ‘ആമി’ സപ്തംബറില്‍ ചിത്രീകരണം ആരംഭിക്കും. വിദ്യാബാലനാണ് കമലാസുരയ്യ ആവുന്നത്. സിനിമയുടെ തിരക്കഥ സ്വന്തമായാണ് തയ്യാറാക്കിയതെന്നും കമല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക