|    Nov 22 Wed, 2017 12:41 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സെന്‍മോന്‍ വധക്കേസ്: പ്രാര്‍ഥനയും പ്രതീക്ഷയുമായി റസാഖിന്റെ കുടുംബം

Published : 3rd November 2016 | Posted By: SMR

ഇരിക്കൂര്‍: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിലെ പ്രമാദമായ സെന്‍മോന്‍ വധക്കേസിലെ രണ്ടാംപ്രതി ഇരിക്കൂര്‍ വയംവളപ്പ് ഹൗസില്‍ വി വി അബ്ദുല്‍റസാഖിന്റെ കുടുംബം പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ്. വധശിക്ഷ ഒഴിവാക്കി നാട്ടിലേക്കയക്കാന്‍ സൗദി രാജാവ് ഉത്തരവിട്ടതോടെ അബ്ദുല്‍റസാഖിന്റെ ഭാര്യ വാഹിദയും മക്കളും സഹോദരങ്ങളും അല്ലാഹുവിനെ സ്തുതിക്കുകയാണ്.
ഈ കേസില്‍ ഒന്നാംപ്രതി മലയാളിയായ മലപ്പുറം സ്വദേശി സജിത് സേതുമാധവന്‍ എന്ന ഷാജിയാണ്. ഇരുവരെയും വിട്ടയക്കാനാണ് സൗദി രാജാവ് ഉത്തരവായത്.
കൊല്ലപ്പെട്ട സെന്‍മോന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 60 ലക്ഷം രൂപ അടച്ച ശേഷമാണ് വിധി വന്നത്. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് പുതുക്കിയ ഉടനെ നാട്ടിലെത്തുമെന്ന് അബ്ദുല്‍റസാഖ് സഹോദരന്‍ മേമിയെ ഫോണില്‍ വിളിച്ചറയിച്ചു.
ഇരിക്കൂറിലെ പരേതരായ എന്‍ അബ്ദുല്‍ഖാദറിന്റെയും വി വി അലീമയുടെയും എട്ട് മക്കളില്‍ ഒരാളാണ് അബ്ദുല്‍റസാഖ്. ഭാര്യ വാഹിദയും അഞ്ച് മക്കളും പെരുവളത്ത് പറമ്പിലെ തട്ടുപറമ്പില്‍ പണി തീരാത്ത വീട്ടിലാണ് താമസം. മക്കള്‍ അഞ്ചുപേരും വിദ്യാര്‍ഥികളാണ്. സഹോദരന്‍മാരില്‍ ഒരാള്‍ മരണപ്പെട്ടു.
18 വര്‍ഷമായി അബ്ദുല്‍റസാഖ് സൗദിയിലേക്ക് ജോലി തേടിപ്പോയിട്ട്. 10 വര്‍ഷം മുമ്പാണ് അബ്ദുര്‍റസാഖ് നാട്ടില്‍വന്ന് മടങ്ങിയത്. കേസില്‍ കുടുങ്ങിയെന്നും ജയിലിലാണെന്നും അറിഞ്ഞതു മുതല്‍ ഭാര്യയും മക്കളും സഹോദരങ്ങളും കണ്ണീരും  പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു. ‘അല്ലാഹു പ്രാര്‍ഥന കേട്ടു സ്വീകരിച്ചു. അല്ലാഹുവിന് ആയിരം നന്ദി.’ ഇതു പറയുമ്പോഴും ഭാര്യയുടെ  കണ്ണുകള്‍  ഈറനണിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക