|    Oct 20 Fri, 2017 9:05 am
FLASH NEWS

സെന്‍ട്രല്‍ മാര്‍ക്കറ്റ് മുറി ലേലത്തുകയെ ചൊല്ലി തര്‍ക്കം

Published : 4th August 2017 | Posted By: fsq

 

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഷോപ്പിങ് കോപ്ലക്‌സിലെ മുറികളുടെ ലേലത്തുകയെ ചൊല്ലി ഭരണ-പ്രതിപക്ഷ തര്‍ക്കം. നിലവിലെ കച്ചവടക്കാര്‍ക്ക് അനുവദിച്ച അമ്പതോളം മുറികള്‍ക്ക് നിശ്ചയിച്ച ലേലത്തുക കുറയ്ക്കണമെന്ന ആവശ്യമാണ് തര്‍ക്കത്തിനു കാരണം. എന്നാല്‍, പ്രതിപക്ഷ ആവശ്യം മേയര്‍ തള്ളി അജണ്ട പാസാക്കി. താഴത്തെ നിലയിലെ മുറിക്ക് സ്‌ക്വയര്‍ ഫീറ്റിന് 75 രൂപയും മുകളിലുള്ളതിനു 60 രൂപയുമായാണു നിശ്ചയിച്ചു. ഏറെ വാണിജ്യ സാധ്യതയുള്ള പ്രവേശന കവാടത്തിനു സമീപത്തുള്ള കടകള്‍ക്ക് 25 ലക്ഷം രൂപയും മറ്റു മുറികള്‍ക്ക് 12 ലക്ഷം രൂപയുമാണ് ലേലത്തുക നിശ്ചയിച്ചത്. എന്നാല്‍ സാധാരണക്കാര്‍ക്ക് സൗകര്യപ്രദമാവുന്ന നിലയില്‍ ലേലത്തുക കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ടി ഒ മോഹനന്‍, എം പി മുഹമ്മദലി എന്നിവര്‍ ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം അനുവദിച്ചില്ല. ഏറെനേരത്തെ വാക്കുതര്‍ക്കത്തിനൊടുവില്‍ മേയര്‍ അജണ്ട പാസാക്കിയതായി അറിയിച്ചു. നിലയില്‍ 85 മുറികളില്‍ 9 എണ്ണം പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിനു സംവരണം ചെയ്തതാണ്. ചേലോറയില്‍ പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റ് നിര്‍മാണത്തിനുള്ള സ്ഥലം സര്‍വകക്ഷി നേതാക്കള്‍ പരിശോധന നടത്താന്‍ തീരുമാനമായി. നേരത്തേ നിശ്ചയിച്ച സ്ഥലത്തു നിന്നു പദ്ധതി മാറ്റണമെന്ന ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിന്റെ ആവശ്യം ബാലിശമാണെന്നും എസ്റ്റിമേറ്റ് തയ്യാറാക്കി ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു പണി തുടങ്ങുകയാണു വേണ്ടതെന്ന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഇന്ദിര പറഞ്ഞു. ഇവിടെയുള്ള 23 ഏക്കര്‍ സ്ഥലം പദ്ധതിക്ക് ആവശ്യമില്ല. ഇവിടെ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും ഇല്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടുമെന്നും കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് പദ്ധതി പ്രദേശം സര്‍വകക്ഷി സംഘം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, സി എറമുള്ളാന്‍, എം ഷഫീഖ്, കെ പ്രകാശന്‍, വെള്ളോറ രാജന്‍, കെ പി എ സലീം, സുമാ ബാലകൃഷ്ണന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക