|    Mar 17 Sat, 2018 10:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സെന്‍കുമാറിന്റെ മുസ് ലിം വിരുദ്ധ പരാമര്‍ശം:കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Published : 17th July 2017 | Posted By: mi.ptk

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരായ കേസിന്റെ അന്വേഷണം സൈബര്‍ പോലിസില്‍ നിന്നും ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഐടി ആക്ട് പ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലാണ് സൈബര്‍ പോലിസിനെ അന്വേഷണത്തില്‍ നിന്നൊഴിവാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ ചുമതല സൈബര്‍ സിഐ കെ ആര്‍ ബിജുവിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 153(എ) പ്രകാരമാണ് സെന്‍കുമാറിനെതിരേ കെസെടുത്തത്. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരേ കേസെടുത്തിരുന്നെങ്കിലും ഐടി ആക്ട് പ്രകാരമുള്ള കുറ്റം ചുമത്തിയിരുന്നില്ല. കേസില്‍ ഐടി ആക്ട് ചുമത്താത്തതിനാല്‍ സൈബര്‍ സെല്ലിന് അന്വേഷണവുമായി മുന്നോട്ടുപോവാന്‍ കഴിയില്ല. ഇതുകാരണമാണ് അന്വേഷണം നേരിട്ടുനടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദക്ഷിണമേഖലയുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാവും ഇനി അന്വേഷണം. എന്നാല്‍, ഇത്തരം പരാതികളില്‍ ഐടി ആക്ട് ചുമത്തുകയാണ് പതിവ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ഐടി നിയമം ചുമത്താതിരുന്നത്. സെന്‍കുമാറിന്റെ വിവാദപരാമര്‍ശം ഉള്‍പ്പെടുന്ന ഓഡിയോ ടേപ്പ് കൈവശമുണ്ടെന്നാണ് വാരിക അവകാശപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ ടേപ്പ് കൂടി പരിശോധിച്ച ശേഷമാവും ഐടി ആക്ട് ചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എസ്ഡിപിഐ, യൂത്ത്‌ലീഗ്, കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം എന്നിവര്‍ ഉള്‍പ്പെടെ എട്ടു പരാതികളാണ് സെന്‍കുമാറിനെതിരേ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ചത്. ഇതില്‍ യൂത്ത് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് സൈബര്‍ പോലിസ് കേസെടുത്തത്. പി കെ ഫിറോസിന്റെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും. മറ്റുള്ള പരാതികളും പരിശോധിച്ച് തെളിവുശേഖരണം പൂര്‍ത്തിയാക്കിയ ശേഷമാവും അന്വേഷണസംഘം ടി പി സെന്‍കുമാറിന്റെ മൊഴിയെടുക്കുക. അതേസമയം, ക്രൈംബ്രാഞ്ചിന്റെ നീക്കത്തിനെതിരേ സെന്‍കുമാര്‍ ഇന്നു കോടതിയെ സമീപിച്ചേക്കും. ഈ നീക്കത്തിന്റെ ഭാഗമായി അദ്ദേഹം അഭിഭാഷകരുമായി ആശയവിനിമയം നടത്തി. കേരളത്തില്‍ മുസ്‌ലിം ജനനസംഖ്യ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും നൂറുകുട്ടികള്‍ ജനിക്കുമ്പോള്‍ 42 എണ്ണവും ഈ സമുദായത്തില്‍ നിന്നുള്ള കുട്ടികളാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു, തുടങ്ങിയ വിവാദപരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നില്ലെന്നു പറയാന്‍ കഴിയില്ലെന്നും സമകാലികം മലയാളം വാരികയിലെ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ, സെന്‍കുമാര്‍ നടത്തിയതായി പറയുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss