|    May 22 Tue, 2018 11:37 am
FLASH NEWS
Home   >  News now   >  

സെന്‍കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Published : 14th July 2017 | Posted By: G.A.G

തിരുവനന്തപുരം : മതസ്പര്‍ധ നടത്തുന്നവിധത്തില്‍ അഭിമുഖം നല്‍കിയതിനു മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
153(എ) വകുപ്പ് പ്രകാരം സൈബര്‍ പോലിസാണ് കേസെടുത്തത്. എസ്ഡിപിഐ, എസ് ഐഒ, മുസ്ലീം യൂത്ത് ലീഗ് ഉള്‍പ്പടെയുള്ള സംഘടനകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരേയും കേസെടുത്തു.
സമകാലിക മലയാളം വാരികയുടെ ഓണ്‍ലൈന്‍ പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് ടി പി സെന്‍കുമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
‘മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍എസ്എസ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസുമായി യാതൊരു താരതമ്യവുമില്ല. നാഷനല്‍ സ്പിരിറ്റിന് എതിരായിട്ടു പോവുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. കേരളത്തിലെ മുസ്‌ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ ആണ്. എം എന്‍ കാരശ്ശേരി കുറേയുണ്ടായിരുന്നു. ഇപ്പോള്‍ അത്ര കാണുന്നില്ല. മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാവുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാന വ്യാപകമായി 512 പേരെ അതിനു പ്രത്യേകം തിരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ നിയന്ത്രിക്കാന്‍- വിവാദ പരാമര്‍ശങ്ങള്‍ ഇങ്ങിനെ പോകുന്നു.

‘ജിഹാദിനെക്കുറിച്ച് ഇപ്പോള്‍ അവര്‍ സമുദായത്തെ മനസ്സിലാക്കിയിരിക്കുന്ന, പ്രയോഗിക്കുന്ന രീതിയില്‍ ഒരിക്കലും മനസ്സിലാക്കിക്കാനും പ്രയോഗിക്കാനും പാടില്ല. അതവര്‍ക്കു പറ്റുമോ എന്നെനിക്ക് അറിയില്ല. പക്ഷേ, ചില ശ്രമങ്ങള്‍ നമ്മള്‍ നടത്തിയേ പറ്റുകയുള്ളൂ. ഇപ്പോള്‍ അവര്‍ പറയുന്ന പ്രധാന കാര്യം ജിഹാദ് ആണ്. അതായത് ഒരു മുസ്‌ലിമിന് സ്വര്‍ഗത്തില്‍ പോവണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലിങ്ങളെ കൊന്നുകളയുകയുമാണ് എന്ന് പറയുന്നിടത്താണ് പ്രശ്‌നം വരുന്നത്. ഒരു മതം മാത്രമാണ് ശരിയെന്ന് ആളുകളെ മനസ്സിലാക്കിക്കൊടുക്കരുത്. അവര്‍ അവരുടെ ദൈവങ്ങളെ വിശ്വസിക്കട്ടെ. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാവും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാവുന്നു. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണം. എന്തുകൊണ്ടാണ് ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാവാത്തത്? കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാഘടന നോക്കൂ. 100 കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനനനിരക്ക് 48 ശതമാനത്തില്‍ താഴെ. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളില്‍ 15 ശതമാനം. ഭാവിയില്‍ വരാന്‍ പോവുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss