|    Mar 22 Thu, 2018 2:10 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സെന്‍കുമാര്‍ നിയമനടപടിക്ക്; സ്ഥാനമാറ്റം ചട്ടലംഘനമെന്ന് പരാതി

Published : 3rd June 2016 | Posted By: SMR

കൊച്ചി: ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരേ സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹരജിനല്‍കി. കേരള പോലിസ് ചട്ടത്തിന്റെയും അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെയും ലംഘനമാണു സ്ഥാനമാറ്റത്തിലൂടെ നടന്നതെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസയക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പുതിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പ്രത്യേക ദൂതന്‍ മുഖേനയും നോട്ടീസയക്കും.
സീനിയോറിറ്റി മറികടന്ന് ബെഹ്‌റയെ പോലിസ് മേധാവിയായി നിയമിച്ച നടപടി കേരള പോലിസ് ആക്റ്റിന്റെ ലംഘനമാണ്. ചട്ടലംഘനത്തോടൊപ്പം എന്തുകൊണ്ട് തല്‍സ്ഥാനത്തുനിന്നു മാറ്റുന്നുവെന്നതിനു കൃത്യമായ വിശദീകരണവും നല്‍കിയില്ല. ജനങ്ങള്‍ക്കു പോലിസില്‍ അതൃപ്തിയുണ്ടെന്ന പരാമര്‍ശം ശരിയല്ല. തന്റേതു സ്ഥലംമാറ്റലല്ല, തരംതാഴ്ത്തലാണെന്നും ഹരജിയില്‍ പറയുന്നു.
കേരള പോലിസ് ആക്റ്റിന്റെ 97(2) ഇ വകുപ്പ് പ്രകാരമാണു സ്ഥലംമാറ്റമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉളവാക്കുന്ന പ്രവൃത്തിയുണ്ടായാല്‍ ഉദ്യോഗസ്ഥരെ നീക്കാന്‍ അധികാരം നല്‍കുന്ന വകുപ്പാണിത്. എന്നാല്‍ ഈ പ്രവൃത്തി എന്താണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. 1983 ആഗസ്ത് 29 മുതല്‍ പോലിസ് സേനയില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. 2009ല്‍ എഡിജിപിയായി, 2014 ജനുവരി ഒന്നുമുതല്‍ ജയില്‍ ഡിജിപിയായി. 2015 മുതല്‍ സംസ്ഥാന ഡിജിപിയായിരിക്കെയാണ് പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലേക്കു സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. 80,000 രൂപ ശമ്പളം കൈപ്പറ്റിയിരുന്ന തസ്തികയാണു നിലവിലുള്ളത്.
എന്നാല്‍ സ്ഥാനമാറ്റം ലഭിച്ചിരിക്കുന്ന തസ്തികയില്‍ 75,500-80,000 രൂപയാണു ശമ്പള സ്‌കെയില്‍. ഇത്തരം സ്ഥലംമാറ്റം നിയമപരമായി നിലനില്‍ക്കുന്നതല്ല. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സിപിഎം അധികാരത്തിലേറിയത് മെയ് 25നാണ്. 30ന് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളും പ്രസിദ്ധപ്പെടുത്തി.
പ്രകാശ് സിങ് കേസില്‍ സുപ്രിംകോടതി നിര്‍ദേശം അനുസരിച്ച് ഡിജിപി തസ്തികയിലുള്ള വ്യക്തിയെ മാറ്റണമെങ്കില്‍ ചുരുങ്ങിയത് രണ്ടുവര്‍ഷം തുടര്‍ച്ചയായി സേവനമുണ്ടാവണമെന്നാണ്.
എന്നാല്‍ 2015ല്‍ നിയമിതനായ തന്നെ സുപ്രിംകോടതി മാര്‍ഗനിര്‍ദേശം മറികടന്നാണ് രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി സ്ഥലംമാറ്റിയിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.
ഹരജി ഇന്നലെ ട്രൈബ്യൂണല്‍ പരിഗണിച്ചു. പുതിയ അഡ്വക്കറ്റ് ജനറല്‍ സ്ഥാനമേറ്റെടുത്തതേയുള്ളൂവെന്നും വിശദീകരണം നല്‍കാന്‍ 10 ദിവസത്തെ സമയം വേണമെന്നും സംസ്ഥാനസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചു.
എന്നാല്‍ ഈ അപേക്ഷ കണക്കിലെടുക്കാതെ അടുത്ത ചൊവ്വാഴ്ച തന്നെ കേസ് പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss