|    Oct 24 Tue, 2017 4:20 am
FLASH NEWS

സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Published : 6th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവജന സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍  സംഘര്‍ഷം. പ്രതിപക്ഷ യുവജന സംഘടനയായ യൂത്ത് കോ ണ്‍ഗ്രസും എബിവിപിയും നടത്തിയ മാര്‍ച്ചിന് നേരെ പോലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജീറിന് പരിക്കേറ്റു. ഇയാളെ പോലിസ് വാഹനത്തില്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സെക്രട്ടേറിയറ്റിന് മുന്നിലേക്കെത്തിയത്. പ്രതിഷേധ മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയതോടെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ എംജി റോഡില്‍ ഉപരോധം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പോലിസിന് നേരെ കല്ലും ചീമുട്ടയും എറിയുന്നതിനുള്ള ശ്രമമുണ്ടായി. ഇതോടെ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പോലിസിന്റെ ശ്രമമാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് വിരട്ടിയോടിച്ച് മിനിട്ടുകള്‍ക്കുള്ളിലാണ് അമ്പതോളം എബിവിപി പ്രവര്‍ത്തകര്‍ സമാന വിഷയത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി ആയുര്‍വേദ കോളജ് ഭാഗത്തുനിന്ന് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. ഗേറ്റിന് മുന്നില്‍ പോലിസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ ചിലര്‍ ചിതറിയോടി. മറ്റുചിലര്‍ ഗേറ്റിന് മുന്നില്‍ ഉപരോധം തുടങ്ങി. പോലിസിന് നേരെ ചിലര്‍ തട്ടിക്കയറുകയും ചെയ്തതോടെ ഇവരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതിനിടെ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്ത ഏതാനും പ്രവര്‍ത്തകെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. യുവജന സംഘടനകളുടെ സമരം മുന്നില്‍കണ്ട് പോലിസ് വന്‍സുരക്ഷയാണ് സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകള്‍ക്കും മുന്നില്‍ ഒരുക്കിയിരുന്നത്. ഒന്നിലധികം സംഘടനകളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നതിനാല്‍ ഇവരെല്ലാം ഒരുമിച്ച് സെക്രട്ടേറിയറ്റിന് മുന്ന ില്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും പോലിസ് ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് ആദ്യം പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഴുവന്‍ രണ്ടാമതായി എബിവിപി പ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് സെക്രട്ടേറിയറ്റിന് മുന്നില്‍നിന്നും വിരട്ടിയോടിച്ചത്. ഇത് സമരം കൂടുതല്‍ കലുഷിതമാകുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക