|    Aug 18 Fri, 2017 10:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സെക്രട്ടേറിയറ്റില്‍ ഓഫിസ്: വിഎസിന്റെ ആവശ്യത്തിന് വീണ്ടും തിരിച്ചടി

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഓഫിസ് വേണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ വീണ്ടും തള്ളി. ഐഎംജിയില്‍ തന്നെ ഓഫിസ് പ്രവര്‍ത്തനസജ്ജമാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശം. ഇതോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരണം മുതല്‍ നടക്കുന്ന വിഎസ്-സര്‍ക്കാര്‍ പോര് പുതിയതലത്തിലേക്ക് ഉയരുകയാണ്. സര്‍ക്കാരിന്റെ നടപടിയില്‍ നീരസമുള്ള വിഎസ് വിഷയത്തില്‍ പാര്‍ട്ടികേന്ദ്രകമ്മിറ്റിയെ സമീപിച്ചേക്കുമെന്നും വാര്‍ത്തയുണ്ട്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ ഓഫിസ് വേണമെന്നായിരുന്നു അച്യുതാനന്ദന്റെ ആവശ്യം. എന്നാല്‍, ഐഎംജിയില്‍ ഓഫിസ് അനുവദിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് ഭരണപരിഷ്‌കാര കമ്മീഷന്റെ ആദ്യയോഗം വി എസ് അച്യുതാനന്ദന്‍ തന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ ചേരുകയായിരുന്നു. പിന്നീട്, എംഎല്‍എ ഹോസ്റ്റലിലെ മുറി ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫിസായും ഉപയോഗിച്ചു. എന്നാല്‍, കഴിഞ്ഞയാഴ്ച എംഎല്‍എ ഹോസ്റ്റല്‍ ഒഴിയാനും വിഎസിനോട് സ്പീക്കര്‍ രേഖാമൂലം ആവശ്യപ്പെട്ടു. എംഎല്‍എ ഹോസ്റ്റല്‍ ഒഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ സെക്രട്ടേറിയറ്റ് അനക്‌സില്‍ കമ്മീഷന് ഓഫിസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തു നല്‍കി. ഈ കത്തിന് മറുപടിയായാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസ് ഐഎംജിയില്‍ തന്നെ അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. എത്രയും പെട്ടെന്ന് ഓഫിസ് സജ്ജമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭരണപരിഷ്‌കാര കമ്മീഷന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും പല തീരുമാനങ്ങളും അറിയാന്‍ താന്‍ വൈകുന്നുവെന്നും നേരത്തേതന്നെ വിഎസിന് പരിഭവമുണ്ട്. ഇത്തരം പരിഭവങ്ങള്‍ക്കു ശക്തികൂട്ടുന്ന തീരുമാനമാണ് സര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക