|    Jan 17 Tue, 2017 6:22 am
FLASH NEWS

സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍; നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

Published : 6th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: തലസ്ഥാനത്തെ സമര പരമ്പരയില്‍ യാത്രക്കാര്‍ വലഞ്ഞു. ശമ്പളം കിട്ടാട്ടത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിന് പുറമേ, ഉള്ള സര്‍വീസുകളെ പോലും ശരിയായി നടത്താന്‍ അനുവദിക്കാതെ സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ യുവജന സംഘടനകളുടെ സമരം കൂടിയായതോടെ വലഞ്ഞത് നഗരത്തിലെ യാത്രക്കാരാണ്. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ഇന്നലെ ഭാഗിഗമായാണ് ബസ് സര്‍വീസുകള്‍ നടന്നത്. ഇതിന് പുറമേ സെക്രട്ടേറിയറ്റിന് മുന്നില്‍ യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോഡ് ബ്ലോക്ക് ചെയ്തതോടെ ബസുകളെല്ലാം വഴിയില്‍ കുടുങ്ങി. യുവജന സമരം സംഘര്‍ഷമായതോടെ കാ ല്‍നട യാത്രക്കാര്‍ക്ക് പോലും ഇതുവഴി പോകാനാകില്ലെന്ന സ്ഥിതിയായി. തുടരെത്തുടരെ നടക്കുന്ന സമരങ്ങളും സംഘര്‍ഷങ്ങളും യാത്രക്കാരെ ചെറുതായല്ല ബാധിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തിലേക്കും നഗരത്തില്‍നിന്നും തിരിച്ചും പോകേണ്ടവര്‍ ആകെ കുഴപ്പത്തിലാകുന്ന അവസ്ഥയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സമരങ്ങള്‍ ആഹ്വാനം ചെയ്തിരിക്കുന്നതോടെ യാത്രക്കാര്‍ നഗരത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ടി വരുമെന്ന അവസ്ഥയിലാണ്. യുവജന സമരം ആരംഭിച്ചതോടെ ഇന്നലെ ഒരു മണിക്കൂറിലധികമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ എംജി റോഡിലൂടെയുള്ള വാഹന ഗതാഗതം നിലച്ചത്. സമരക്കാരെ ഭയന്ന് ഓട്ടോറിക്ഷകള്‍ പോലും ഇതുവഴി സര്‍വീസ് നടത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കാല്‍നടയല്ലാതെ മറ്റ് മാര്‍ഗമില്ലാത്ത അവസ്ഥയിലാകും ജനങ്ങള്‍. സമരം അവസാനിച്ച് കഴിയുമ്പോള്‍ ഗതാഗതം പുനസ്ഥാപിക്കുമെങ്കിലും മണിക്കൂറുകളെടുക്കും കുരുക്കഴിഞ്ഞ് പഴയപടിയാകാന്‍. അതേസമയം സംഘര്‍ഷവും ലാത്തിച്ചാര്‍ജും നടക്കുന്ന അവസരങ്ങളില്‍ കാല്‍നട യാത്ര പോലും സാധിക്കാത്ത അവസ്ഥയാണ്. ഇന്നലെ കെഎസ്ആര്‍ടിസിയുടെ ചില ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടതിനാല്‍ സര്‍വീസ് നടത്തിയ ബസ്സുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്റെ കൂടെ വഴിതിരിച്ച് വിടല്‍ കൂടിയായതോടെ യാത്രക്കാര്‍ ശരിക്കും വലഞ്ഞു. കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചെങ്കിലും യുവജന സംഘടനകള്‍ സമരം ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍ തുടര്‍ദിവസങ്ങളും നഗരത്തിലേക്ക് നരകയാത്ര തന്നെയായിരിക്കും ജനങ്ങള്‍ അനുഭവിക്കേണ്ടി വരിക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക