|    Jul 28 Fri, 2017 6:26 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സെക്രട്ടേറിയറ്റിനു മുന്നില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉപവസിച്ചു

Published : 16th September 2016 | Posted By: SMR

തിരുവനന്തപുരം: തിരുവോണദിനത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവസിച്ചു. കെജിഎംഒഎ സംസ്ഥാനകമ്മിറ്റി അംഗങ്ങളാണ് ഉപവസിച്ചത്. 10ാം ശമ്പളപരിഷ്‌കരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം കുറഞ്ഞതടക്കമുള്ള അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപവാസസമരം നടത്തിയത്.
പലതവണ ചര്‍ച്ച നടത്തുകയും സൂചനാസമരങ്ങള്‍ നടത്തുകയും ചെയ്തിട്ടും പ്രശ്‌നപരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു സമരത്തിലേക്കു നീങ്ങിയതെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ഡോക്ടര്‍മാര്‍ സപ്തംബര്‍ ആറിന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. അന്നു മുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണസമരത്തിലാണ്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ യോഗങ്ങളും വിഐപി ഡ്യൂട്ടിയും പരിശീലനപരിപാടികളും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്.
പേവാര്‍ഡിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യുന്നതും നിര്‍ത്തിവച്ചു. 27ന് ഡ്യൂട്ടി ബഹിഷ്‌കരിച്ച് സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്ക് നടത്തും. തുടര്‍ന്ന് അനിശ്ചിതകാല സമരവും പരിഗണനയിലാണ്. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് സെക്രട്ടറിയുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ ശമ്പളത്തില്‍ കുറവു വന്നവര്‍ക്ക് അതു പരിഹരിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. എന്നാല്‍, അപാകതയുള്ള ഉത്തരവ് അപ്പാടെ മാറ്റി പുതിയ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ ഭാവിയില്‍ ഈ വ്യത്യാസം വളരെ വലുതാവുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
10ാം ശമ്പളപരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളവും സ്‌പെഷ്യല്‍ പേയും കുറച്ച നടപടി പിന്‍വലിക്കുക, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ അനുപാതം കുറച്ചത് പിന്‍വലിക്കുക, അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍മാരുടെ അലവന്‍സ് പരിഷ്‌കരിക്കുക, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് യോഗ്യതയ്ക്കനുസരിച്ചു ശമ്പളം നല്‍കുക എന്നിവയാണ് അസോസിയേഷന്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക